കേരളത്തിനു മാര്‍ഗ്ഗദീപമായ ചട്ടമ്പിസ്വാമികള്‍

കേരളത്തിനു മാര്‍ഗ്ഗദീപമായ ചട്ടമ്പിസ്വാമികള്‍

ശ്രീതീർത്ഥപാദസന്ന്യാസസമ്പ്രദായാദ്യസദ്ഗുരും
ശ്രീമദ് വിദ്യാധിരാജാഖ്യ തീർത്ഥപാദയതിം ഭജേ

ചിങ്ങമാസം മലയാളിക്ക് പുതുവർഷപ്പുലരിയുടെ പൂക്കളങ്ങളും ഓണനിലാവിന്റെ വെണ്മയും സദ്യവട്ടങ്ങളുടെ രുചിമേളങ്ങളും മാത്രമല്ല സനാതനധർമ്മം ജന്മം നൽകിയ ചില മലയാളഋഷിവര്യന്മാരുടെ ഓർമ്മമാസം കൂടിയാണ്. അതിൽ പ്രഥമഗണനീയനാണ് പരമഭട്ടാര ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികൾ. സർവജ്ഞനും പരിപൂർണ്ണകലാനിധിയും മഹാപ്രഭുവുമായ സദ്ഗുരുവെന്നു ശ്രീനാരായണഗുരുദേവൻ വിശേഷിപ്പിച്ച ആ മഹർഷിയുടെ ജയന്തിദിനമാണ് ചിങ്ങമാസത്തിലെ ഭരണിനാൾ. യാഥാസ്ഥിതികതയുടെ കാരാഗൃഹത്തിൽ അടിമകളെ പോലെ കഴിഞ്ഞ ഒരു സമൂഹത്തെ അറിവാകുന്ന ആയുധം കൊണ്ട് മോചിപ്പിച്ച മഹാമനീഷിയാണ് സ്വാമികൾ. സർവ്വശാസ്ത്രവിശാരദൻ, വിദ്യാധിരാജൻ, സകലകലാവല്ലഭൻ, അഹിംസയുടെ പരമനിലയെ പ്രാപിച്ച മഹായോഗി എന്നിങ്ങനെ എത്ര വിശേഷണങ്ങൾ ചാർത്തിയാലും ആ മഹാമഹസ്സിന്റെ മാഹാത്മ്യത്തെ വർണ്ണിക്കാനാകില്ല. സാക്ഷാൽ സ്വാമി വിവേകാനന്ദൻ പോലും അനിതരസാധാരണൻ എന്നാണു സ്വാമികളെ വിശേഷിപ്പിച്ചത്.

1853 ഓഗസ്റ്റ്‌ 25നു തിരുവനന്തപുരം കൊല്ലൂര്‍ ഗ്രാമത്തില്‍ കുഞ്ഞന്‍പിള്ളയായി ജനിച്ച് പേട്ടയില്‍ ശ്രീ രാമന്‍പിള്ള,തയ്ക്കാട്ട് അയ്യാവ്,സുബ്ബാജടാപാഠി,കുമാരവേലു, സ്വാമിനാഥദേശികൻ തുടങ്ങി അനേകം ഗുരുക്കന്മാരിൽ നിന്നും ജ്ഞാനം സമ്പാദിച്ച അദ്ദേഹത്തിന് ചെറുപ്പത്തിൽ അജ്ഞാതനായ ഒരു സന്ന്യാസി ‘ബാലാസുബ്രഹ്മണ്യം’ എന്ന ദിവ്യമന്ത്രം ഉപദേശിച്ചു. ഇരുപത്തിയേഴാം വയസ്സിൽ തമിഴ്‌നാട്ടിലെ വടിവേശ്വരത്ത് വച്ച് അവധൂതനായ ഒരു മഹാത്മാവ് സാമ്പ്രദായികരീതിയിൽ മഹാവാക്യദീക്ഷ നൽകി അദ്ദേഹത്തെ ജീവന്മുക്തനാക്കി. അദ്വൈതചിന്താപദ്ധതി, വേദാധികാരനിരൂപണം, പ്രാചീനമലയാളം, ജീവകാരുണ്യനിരൂപണം, ആദിഭാഷ, ക്രിസ്തുമതനിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.

വസിഷ്ഠവ്യാസാദി മഹർഷിമാരുടെ സ്വരൂപവും സിദ്ധികളും, ഭഗവാൻ ഭാഷ്യകാരൻ്റെ ജ്ഞാനനിഷ്ഠയും, ശൈവസിദ്ധന്മാരുടെ അവധൂതചര്യയും സമ്മേളിച്ച പരമഭട്ടാരഗുരുവിന്റെ തിരുവവതാരം യാഥാസ്ഥിതികതയുടെ വേനലിൽ വരണ്ടുണങ്ങിയ കൈരളിയുടെ മേൽ ജഗദീശ്വരൻ കനിഞ്ഞ കാരുണ്യവർഷമായിരുന്നു. ആ വർഷധാരയിൽ മുഴങ്ങിയ വേദാധികാര നിരൂപണത്തിൻ്റെ ഇടിമുഴക്കവും, തെളിഞ്ഞ പ്രാചീന മലയാളത്തിൻ്റെ മിന്നൽപിണരും യാഥാസ്ഥിതിക മേൽക്കോയ്മകളെ പ്രകമ്പനം കൊള്ളിക്കുകയും, ആ ജ്ഞാനപ്രവാഹത്തിൽ അവയെല്ലാം നിഷ്പ്രഭമാകുകയും ചെയ്തു. ചെറിയോരുറുമ്പു മുതൽ വ്യാഘ്രാദിഹിംസ്രജന്തുക്കൾ വരെ ആ മഹാനുഭാവൻ്റെ കാരുണ്യസ്പർശമേറ്റ് പുണ്യലോകങ്ങളെ പ്രാപിച്ചു. ജീവബ്രഹ്മൈക്യരൂപമായ ജീവന്മുക്തിരസത്തെ ആസ്വദിച്ച് സന്ന്യാസത്തിന്റെ പരമനിലയായ അതിവർണ്ണാശ്രമിയായാണ് അദ്ദേഹം ജീവിച്ചത്. സകലജീവജാലങ്ങളിലും ഒരേ ആത്മാവാണ് പ്രകാശിക്കുന്നതെന്ന സനാതനസത്യം സാക്ഷാത്കരിച്ച അദ്ദേഹം എല്ലാ അസംസ്കൃതമാമൂലുകളെയും നിരസിച്ചു.

അദ്ദേഹം ഉപദേശിച്ചതും ശിഷ്യപ്രധാനികളായ ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികളും ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളും എഴുമറ്റൂര്‍ പരമഭട്ടാരാശ്രമത്തെ കേന്ദ്രമാക്കി പ്രചരിപ്പിച്ചിട്ടുള്ളതുമായ ആദ്ധ്യാത്മികോപദേശങ്ങളാണ് ”തീര്‍ത്ഥപാദസമ്പ്രദായം എന്നറിയപ്പെടുന്നത് . ശ്രീശങ്കരാചാര്യ സ്വാമികളുടെ അദ്വൈതവേദാന്തവും തമിഴ് ശൈവസിദ്ധാന്തവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സമ്പ്രദായം കേരളത്തിന്റേതായ തനത് ബ്രഹ്മവിദ്യാസമ്പ്രദായമായി മാറി. വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം, അയിരൂർ ഗുരുകുലാശ്രമം എന്നിവ അദ്ദേഹത്തിന്റെ ദിവ്യോപദേശങ്ങൾ പ്രചരിപ്പിക്കുവാൻ തീർത്ഥപാദസ്വാമികൾ സ്ഥാപിച്ച പുണ്യകേന്ദ്രങ്ങളാണ്. സ്വാമിതിരുവടികൾ തൻ്റെ ഷഷ്ടിപൂർത്തിയാഘോഷങ്ങൾക്ക് അയിരൂരിൽ വന്നിറങ്ങിയതിന്റെ നൂറ്റിയെട്ടാം വർഷമാണ് ഇത്തവണത്തെ ജയന്തി എന്നതും സ്മരണീയമാണ്. മലയാളമാനവഹൃദയങ്ങളിൽ ആദ്ധ്യാത്മികനവോത്ഥാനത്തിൻ്റെ വെളിച്ചം പകർന്ന വിദ്യാധിരാജസദ്ഗുരുവിന്റെ പാദങ്ങളിൽ പ്രണാമം അർപ്പിച്ചിടാം.

(മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

ഒരു മഹാസമാധിയുടെ നൂറാം വര്‍ഷം

ഒരു മഹാസമാധിയുടെ നൂറാം വര്‍ഷം

“അപ്പനേ, സാധാരണ ഞാനിരിക്കുകയും നീ നില്‍ക്കുകയുമാണ് പതിവ്. ഇന്നിതാ നീയിരിക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നു”.  മഹാസമാധിസ്ഥനായ തന്‍റെ ശിഷ്യന്‍ ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ചരമശരീരത്തിനു മുന്നില്‍ നിന്നുകൊണ്ട് ആനന്ദാശ്രുക്കളോടെ  ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ പറഞ്ഞ വാക്കുകളാണിത്. 1921 ഓഗസ്റ്റ് 7നു, കര്‍ക്കിടകമാസത്തിലെ ഉത്രം നാളിലാണ് കരുനാഗപ്പള്ളി താഴത്തോട്ടത്തുമഠത്തില്‍ വച്ച് തന്‍റെ നാല്പത്തിയൊന്പതാം വയസ്സില്‍ ചട്ടമ്പിസ്വാമികളുടെ  സന്ന്യാസിശിഷ്യനും മഹാജ്ഞാനിയും യോഗിവര്യനുമായിരുന്ന ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ വിദേഹമുക്തനാകുന്നത്. സമാധിപര്യന്തമുള്ള ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അടുത്ത വര്‍ഷം മേടമാസത്തിലെ ഉത്തൃട്ടാതിനാളില്‍  അവിടെ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തുകയും ചെയ്തത് ചട്ടമ്പിസ്വാമികളാണ്. സ്വാമികള്‍ നടത്തിയ ഒരേ ഒരു പ്രതിഷ്ഠയും ഇതാണ്. ആ മഹാസമാധിയുടെ  നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നത്.

നീലകണ്‌ഠതീര്‍ത്ഥപാദ സ്വാമികള്‍ സമാധിയായ ദിവസം ചട്ടമ്പിസ്വാമികള്‍ മാവേലിക്കരയിലുള്ള കണ്ടിയൂര്‍ ക്ഷേത്രത്തിനടുത്ത് മജിസ്ട്രേറ്റ് ആണ്ടിപ്പിള്ളക്കൊപ്പം ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. അന്നേ ദിവസം അവിടെ തലവടി കൃഷ്ണപിള്ള മുതലായവരോട് വേദാന്തവിഷയങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു പതിവില്ലാത്ത വിധം ഭാവഭേദമുണ്ടായി. ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോകാനൊരുങ്ങിയ കൃഷ്ണപിള്ളയോട് “വേഗം വരണം, നമുക്ക് കരുനാഗപ്പള്ളി വരെ പോകണം, ചിലതൊക്കെ ഏര്‍പ്പാടു ചെയ്യേണ്ടതുണ്ട്” എന്നദ്ദേഹം ആജ്ഞാപിച്ചു.

അന്നുച്ചതിരിഞ്ഞ് അവിടെ ഒരു പരദേശിബ്രാഹ്മണന്‍റെ സംഗീതകച്ചേരി ചട്ടമ്പിസ്വാമികളുടെ സാന്നിധ്യത്തില്‍ നടക്കുകയായിരുന്നു. ആ സമയം തീര്‍ത്ഥസ്വാമികളുടെ സമാധിവിവരം അറിയിക്കാന്‍ കൊറ്റിനാട്ടു നാരായണപിള്ള കുതിരവണ്ടിയിലെത്തി. “തീര്‍ത്ഥസ്വാമികള്‍ക്ക് സുഖക്കേട് കൂടുതലായിരിക്കുന്നു” എന്നു പിള്ള സ്വാമിതിരുവടികളോട് പറഞ്ഞപ്പോള്‍, “കൂടുതലെന്നേ ഉള്ളോ” എന്നു സ്വാമികള്‍ ചോദിച്ചു. പിള്ള മറുപടി പറഞ്ഞില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്നവരോടായി ചട്ടമ്പിസ്വാമികള്‍  “നമുക്കീ മേളം തല്ക്കാലം നിര്‍ത്താം, എനിക്കു മറ്റൊരു മേളത്തില്‍ ചെരേണ്ടിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി.

കരുനാഗപ്പള്ളിയില്‍ വേഗമെത്തുവാനായി കുതിരവണ്ടിയില്‍ യാത്രചെയ്യുവാന്‍ നാരായണപിള്ള സ്വാമികളോട് അഭ്യര്‍ഥിച്ചുവെങ്കിലും “ഈ ജന്തുവിനെ എന്തിനു ഉപദ്രവിക്കുന്നു, നമുക്ക് നടന്നു പോകാം” എന്നാണ് അഹിംസാപ്രതിഷ്ഠനായ ആ മഹാഗുരു പറഞ്ഞത്. കുതിരയെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും വൈകാതെ അവിടെ എത്തണം എന്നും നാരായണപിള്ള അപേക്ഷിച്ചു പറഞ്ഞപ്പോള്‍ സ്വാമികള്‍ വണ്ടിയില്‍ യാത്ര ചെയ്യുവാന്‍ സമ്മതിച്ചു. ആണ്ടിപ്പിള്ളയോടൊത്ത് വേഗം കരുനാഗപ്പള്ളിയില്‍ എത്തുവാന്‍ തലവടി കൃഷ്ണപിള്ളയോട് ഏര്‍പ്പാട് ചെയ്തിട്ട് അവര്‍ അവിടെ നിന്നും പുറപ്പെട്ടു.

കരുനാഗപ്പള്ളിയില്‍ താഴത്തോട്ടു മഠത്തിലെ അറപ്പുരയുടെ തെക്കേ അറ്റത്തെ മുറിയില്‍ സമാധിസ്ഥനായ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ഭൌതികശരീരം ഒരു കട്ടിലില്‍ പദ്മാസനത്തില്‍ ഇരുത്തിയിട്ടുണ്ടായിരുന്നു. അഞ്ചുമണിയോടു കൂടി അവിടെയെത്തിയ ചട്ടമ്പിസ്വാമികള്‍ അശ്രുനേത്രങ്ങളോടെ ആ ശിരസ്സിലൊന്നു തലോടി സ്വയമിങ്ങനെ പറഞ്ഞു. “അവസാനത്തേത് അവസാനിച്ചു”. എന്നിട്ട് അവിടെ കൂടിനിന്നവരോടായി പറഞ്ഞു- “ബ്രഹ്മാവ്‌ സൃഷ്ടിച്ചു വച്ച ഒരു മഹാലോകം ഇതാ തകര്‍ന്നിരിക്കുന്നു. ഇത് നിങ്ങള്‍ക്കൊരു വലിയ നഷ്ടം തന്നെയാണ്”

“അവസാനദേഹം അവസാനിച്ചതാണല്ലോ ഇത്. അത്  ഒരു ജീവന് ഒരുപ്രാവശ്യമല്ലാതെ പിന്നെ ഒരിക്കല്‍ക്കൂടി ഇല്ലാത്തതായ നിത്യാനന്ദാവസ്ഥയാകയാല്‍ ഇവിടെയുള്ള സുകൃതികളായ ഓമനസഹോദരങ്ങളുടെ ഭാഗ്യത്തെക്കുറിച്ചും ഞാന്‍ സന്തോഷിക്കുന്നു. ഇതിനായിട്ടുതന്നെയാണ് ഞാനിവിടെ താമസിച്ചുപോയത്” എന്നാണ് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ക്ക് അയച്ച കത്തില്‍ ചട്ടമ്പിസ്വാമികള്‍ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.

നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ സമാധിപര്യന്തം മഹാകവി വള്ളത്തോള്‍ ഇപ്രകാരമെഴുതി

“ത്വന്നാനാചരിതപ്രബന്ധപഠനത്തിന്നിയ്യിടെബ്ഭാഗ്യമൊ-
ത്തന്നാള്‍ത്തൊട്ടു പരോക്ഷശിഷ്യരിലൊരാളായ്ത്തീര്‍ന്നുഞാന്‍ സദ്‌ഗുരോ
ഒന്നാച്ചേവടിയിങ്കല്‍ വീണുരുളുവാനുത്‌കണ്ഠയാവാഴ്കെ യെ-
ന്തൊന്നാഹാ പറയേണ്ടു നിഷ്കള ചിദാകാശേ ലയിച്ചു ഭവാന്‍.”

മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13 നു വാളാനിക്കാട്  തറവാട്ടിലാണ് നീലകണ്‌ഠ തീര്‍ത്ഥപാദസ്വാമികള്‍ ജനിച്ചത്. പാഴൂര്‍ ഗൃഹത്തിലെ ശ്രീ നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി കല്യാണിയമ്മയുടെയും ആണ്മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. വാളാനിക്കാട്ടു കൊച്ചുനീലകണ്‌ഠപ്പിള്ള എന്നായിരുന്നു അദ്ദേഹത്തെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. കൊച്ചുനീലകണ്ഠപിള്ളയില്‍ നിന്നും ആ മഹാന്‍ ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദരിലേക്ക് ഉയരുവാന്‍ നിദാനമായത് ചട്ടമ്പിസ്വാമിതിരുവടികളുടെ ശിക്ഷണവും ആ സദ്ഗുരുവിന്റെ കൃപാപൂര്‍വ്വമുള്ള മഹാവാക്യോപദേശവുമാണ്. തീര്‍ത്ഥസ്വാമി എന്ന ചുരുക്കപ്പേരിലും സ്വാമികള്‍ അറിയപ്പെട്ടു. സദ്ഗുരുലാഭത്തിനു മുന്‍പ് തന്നെ തീര്‍ത്ഥസ്വാമികള്‍ തനിക്കു പാരമ്പര്യമായി ലഭിച്ച വിഷവിദ്യ, മന്ത്രശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പ്രാഗല്ഭ്യം നേടിയിരുന്നു. കൂടാതെ വാഗ്ഭവം,ശ്രീവിദ്യ, ത്രിപുര തുടങ്ങിയ മന്ത്രങ്ങള്‍ സിദ്ധിവരുത്തുകയും മന്ത്രസാരം, പ്രയോഗസാരം, യന്ത്രസാരം, പ്രപഞ്ചസാരം, വിഷനാരായണീയം എന്നീ ഗ്രന്ഥങ്ങള്‍ ഗ്രഹിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന്റെ ഭാഗമായും അല്ലാതെയും അദ്ദേഹം സംസ്‌കൃതം, മലയാളം, തമിഴ്, ഇംഗ്ലീഷ്, ബംഗാളി, മറാഠി , തെലുഗു തുടങ്ങിയ ഭാഷകളും വശത്താക്കിയിരുന്നു. ന്യായാദിദര്‍ശനങ്ങളിലും, വ്യാകരണാദിശാസ്ത്രങ്ങളിലും വ്യുത്പത്തി സമ്പാദിച്ച അദ്ദേഹം വിഷവിദ്യയില്‍ കൂടുതല്‍ അറിവ് നേടുവാനുള്ള പരിശ്രമത്തിനിടയിലാണ് ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുന്നത്. സ്വപിതാവിന്‍റെ വംശത്തില്‍ പെട്ട ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‍റെ കൂടെയാണ് അദ്ദേഹം സ്വാമിതിരുവടികളെ സന്ദര്‍ശിച്ചത്.  അവിടെയെത്തിയ കൊച്ചുനീലകണ്‌ഠപ്പിള്ളയോട് സ്വാമിതിരുവടികള്‍ ഇപ്രകാരമാണ് പറഞ്ഞത്.

“കൊച്ചുനീലകണ്‌ഠപ്പിള്ളേ, ഈ സര്‍പ്പവിഷവും മറ്റും നിസ്സാരമാണ്. അതിലെല്ലാം വലുതായി ഒരു വിഷമുണ്ട്, അത് ശമിപ്പിക്കാന്‍ അധികമാളുകളും ശ്രമിച്ചു കാണുന്നില്ല. അതാണ്‌ സംസാരവിഷം. നാമെല്ലാം ആ വിഷത്തില്‍പ്പെട്ടുഴലുകയാണ്. അതു ശമിപ്പിക്കുവാനുള്ള ഉപായമാണ് അറിയേണ്ടത്.”

സ്വാമിതിരുവടികളുടെ  ശിഷ്യത്വം സ്വീകരിച്ച്  അദ്ദേഹം  യോഗജ്ഞാനവിഷയങ്ങളില്‍ ദാര്‍ഢ്യം സമ്പാദിച്ചു. വൈദികവും ദ്രാവിഡവുമായ യോഗവിദ്യകള്‍ ചട്ടമ്പിസ്വാമികളില്‍ നിന്നും അദ്ദേഹം അഭ്യസിച്ചു.. ഖേചരീവിദ്യ പോലുള്ള രഹസ്യ യോഗമുദ്രകളും, സംസ്‌കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പോലും ഉള്‍പ്പെടാത്ത പ്രാണരോധനവിദ്യകളും സ്വാമിതിരുവടികളില്‍ നിന്നും അഭ്യസിക്കുവാന്‍ തീര്‍ത്ഥസ്വാമികള്‍ക്ക് സാധിച്ചു. അതോടൊപ്പം തന്നെ വേദാന്തശാസ്ത്രത്തിലും അദ്ദേഹം പ്രാവീണ്യം നേടി. തമിഴിലുള്ള വാസിഷ്ഠം, നിഷ്ഠാനുഭൂതി, നവനീതസാരം തുടങ്ങിയ ഗ്രന്ഥങ്ങളും സംസ്‌കൃതഭാഷയിലുള്ള ഷഡ്ദര്‍ശനഗ്രന്ഥങ്ങളും മറ്റു ജ്ഞാനശാസ്ത്രങ്ങളും അദ്ദേഹം ഗ്രഹിച്ചു. മൂന്നു വര്‍ഷത്തോളം തുടര്‍ന്ന പരിശീലനത്തിനൊടുവില്‍ സ്വാമിതിരുവടികള്‍ അദ്ദേഹത്തിന് സാമ്പ്രദായികമായ രീതിയില്‍ മഹാവാക്യോപദേശം നല്കി അനുഗ്രഹിച്ചു. ഉത്തമശിഷ്യനായിരുന്ന സ്വാമികള്‍  സദ്‌‌ഗുരുവിന്റെ ഉപദേശം ശ്രവിച്ച് അതില്‍നിന്നും ഉളവായ വൃത്ത്യാരൂഢജ്ഞാനം കൊണ്ട് അജ്ഞാനം നിവര്‍ത്തിച്ച് ‘അഹം ബ്രഹ്മാസ്മി’ എന്ന അപരോക്ഷാനുഭൂതിയിലൂടെ   ജീവന്മുക്തനായിത്തീര്‍ന്നു.

സഞ്ചാരം, ഗ്രന്ഥരചന, ശിഷ്യോപദേശം, ശാസ്ത്രാഭ്യാസം എന്നിവയിലൂടെയയിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ പ്രാരബ്ധമാത്രമായ ജീവിതം. ശിവപ്രസാദവിദ്യാഭാരതി, പരമാനന്ദനാഥന്‍, സച്ചിദാനന്ദബ്രഹ്മേന്ദ്രന്‍, ആത്മയോഗിനിയമ്മ, ചിദ്‌വിലാസിനി, തച്ചുടയ കൈമള്‍, ചിദ്‌രസാഭരണന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരാണ്. . സ്തവരത്‌നഹാരം,അദ്വൈതപാരിജാതം, യോഗരഹസ്യകൗമുദി, കണ്ഠാമൃതാര്‍ണ്ണവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി,ആത്മാമൃതം, സങ്കല്പകല്പലതിക, ശ്രീബാഹുലേയസ്തവം, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംസ്‌കൃതകൃതികള്‍. വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷാ , കണ്ഠാമൃതം, ബ്രഹ്മാഞ്ജലി മൂന്നു ഭാഗങ്ങള്‍, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവ സ്വാമികള്‍ രചിച്ച മലയാളകൃതികളാണ് . കൂടാതെ അനവധി ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

സാമുദായികപരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്വാമികള്‍ ആചാരപദ്ധതി, ദേവാര്‍ച്ഛാപദ്ധതി എന്നിവ രചിച്ചത. അത്  ജനങ്ങള്‍ക്ക് ശ്രുതിസ്മൃതികളെ ആധാരമാക്കിയുള്ള വിവാഹശ്രാദ്ധാദികള്‍ക്കും പൂജാപദ്ധതികള്‍ക്കും മലയാളത്തിലെ ഏറ്റവും പ്രബലമായ പ്രമാണമായി മാറുകയും ചെയ്തു. അന്നുവരെ യാഥാസ്ഥിതിക ബ്രാഹ്മണസമൂഹത്തിന്റെ കീഴില്‍ അടിമകളെപ്പോലെ കഴിഞ്ഞ ഒരു ജനതയ്ക്ക് സ്വയംപര്യാപ്തതയുടെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചം പകര്‍ന്നു നല്‍കുന്ന കൃതികളായിരുന്നു അത്.  ജാതിഭേദമില്ലാതെ സകലമനുഷ്യര്‍ക്കും അനുഷ്ഠിക്കാവുന്ന ആചാരങ്ങളെയാണ് സ്വാമികള്‍ ഈ കൃതികളിലൂടെ പ്രകാശിപ്പിച്ചത്. അഗ്‌നിസമാനമായ ഇതിലെ വാക്കുകള്‍ പല മാമൂലുകളെയും ഭസ്മീകരിച്ചു കളഞ്ഞു.

ഈ ഗ്രന്ഥരചനകളെല്ലാം തീര്‍ത്ഥസ്വാമികള്‍ പരമഭട്ടാര ചട്ടമ്പിസ്വാമികളെ കാണിക്കുകയും സ്വാമിതിരുവടികളുടെ നിര്‍ദ്ദേശാനുസരണം പരിഷ്‌കാരങ്ങളും മറ്റും വരുത്തുകയും ചെയ്തിരുന്നു. ‘കവിതാരചന മുടക്കാതെയിരിക്കുക’ എന്ന സ്വാമിതിരുവടികളുടെ ആജ്ഞ അദ്ദേഹം ശിരസ്സാവഹിച്ചിരുന്നു. രചനകള്‍ ‘ലോകോത്തരമായിരിക്കണം’ എന്ന ചട്ടമ്പിസ്വാമികളുടെ കല്പനയെ അദ്ദേഹം സാക്ഷാത്കരിച്ചു. സ്വാമിതിരുവടികളുടെ നിര്‍ദ്ദേശത്തെ മാനിച്ചുകൊണ്ട് സഗുണപരവര്‍ണ്ണനയില്‍ തുടങ്ങി നിര്‍ഗുണതത്ത്വത്തില്‍ അവസാനിക്കുന്ന ‘ദിവ്യക്ഷേത്രാദര്‍ശം’ എന്ന പദ്യകൃതി സ്വാമി വിശേഷമായി നിര്‍മ്മിച്ചു. ദര്‍ശിച്ചിട്ടുള്ള മിക്ക ക്ഷേത്രങ്ങളെക്കുറിച്ചും ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഇതു വായിച്ച ചട്ടമ്പിസ്വാമികള്‍ ഓച്ചിറയെക്കുറിച്ച് ഒരു പദ്യമുണ്ടാക്കി ചേര്‍ക്കുവാന്‍ തീര്‍ത്ഥസ്വാമികളോട് ആവശ്യപ്പെട്ടു. ‘അവിടെ വര്‍ണ്ണനീയങ്ങളായ സംഗതികള്‍ ഒന്നുമില്ലല്ലോ’ എന്നു മറുപടി പറഞ്ഞ തീര്‍ത്ഥസ്വാമികളോട് ‘എന്നാല്‍ ഒന്നുമില്ലെന്ന് എഴുതിയേക്കണം എന്ന് കല്പിച്ചു.’ ചട്ടമ്പിസ്വാമികളുടെ അല്പാക്ഷരമായ ഈ സൂത്രവാക്യത്തിന്റെ വലിപ്പം മനസ്സിലാക്കിയ സ്വാമികള്‍ ഓച്ചിറയെക്കുറിച്ച് ഇപ്രകാരം പദ്യം രചിച്ചു

‘ചിത്തം നിത്യം നരീനര്‍ത്വഖിലജഗധിഷ്ഠാന കാഷ്‌ഠൈകനിഷ്‌ഠേ സച്ചില്‍സൗഖ്യേകരസ്യേ പരകലിതചിദാകാശവിസ്ഫൂര്‍ത്തിമാത്രേ സര്‍വ്വാത്മന്യോച്ചിറാഖ്യേദ്വയപരഭണിതം ശ്രൗതമുദ്യോതയദ്യദ്ഭാതീവാസ്മിന്‍ പരേ ദൈവത ഇഹ നിരുപാഖ്യാകൃതി ബ്രഹ്മരൂപേ’

ഓച്ചിറക്ഷേത്രത്തിലെ മൂര്‍ത്തിസങ്കല്പം ബ്രഹ്മസ്വരൂപമെന്നു പ്രസിദ്ധമാണല്ലോ. ആ സ്വരൂപത്തെ ഇതിലും മനോഹരമായി ആരെങ്കിലും അവതരിപ്പിച്ചിട്ടുള്ളതായി അറിവില്ല. സ്വാമിതിരുവടികളുടെ ‘ഒന്നുമില്ലെന്നെഴുതിയേക്കണം’ എന്ന സരസസൂത്രത്തെ അത്യുന്നതമായ കാവ്യകുസുമമാക്കി മാറ്റിയ സ്വാമികളുടെ കഴിവിനെ നമസ്‌ക്കരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

സ്വാമികളുടെ കൃതികളെക്കുറിച്ച് പണ്ഡിതന്മാരെല്ലാം തന്നെ വളരെ ഉത്കൃഷ്ടമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജര്‍മ്മനിയിലെ സംസ്‌കൃതാധ്യാപകനായിരുന്ന പ്രൊഫസ്സര്‍ ഡ്യൂസന്‍ പോള്‍, ജര്‍മ്മന്‍ ഹലെ സര്‍വ്വകലാശാലാ സംസ്‌കൃത പ്രൊഫസ്സര്‍ ഇ.ഹുള്‍ട്ടഷ് പി.എച്ച്.ഡി, ബംഗാളിലെ വിമലപ്രസാദസിദ്ധാന്തസരസ്വതി, വേദാന്തവാചസ്പതി പണ്ഡിത വൈകുണ്ഠനാഥ, ഷിക്കാഗോ സര്‍വകലാശാലയിലെ സംസ്‌കൃത പ്രൊഫസ്സര്‍ ഡോ. ജെ.ജെ. മേയര്‍, ഇന്ത്യാ ഓഫീസ് ഗ്രന്ഥശാലയുടെ അദ്ധ്യക്ഷനായിരുന്ന എഫ്.ഡബ്‌ള്യു. തോമസ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വക ബാഡ്ലീയന്‍ ഗ്രന്ഥശാലയിലെ ഈ.ഡബ്‌ള്യു.ബി. നിക്കോളാസ്, പണ്ഡിത ദീക്ഷിതര്‍, ബാഡ്ലീയന്‍ ലൈബ്രറിയന്‍ മി.കോറൊലി, വൈയാകരണപണ്ഡിതനായ ഹരിഹരാത്മജ കൃഷ്ണശാസ്ത്രികള്‍ തുടങ്ങിയവര്‍ സ്വാമികളുടെ പുസ്തകങ്ങളെക്കുറിച്ചു്  വളരെ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാമികളുടെ ‘ബ്രഹ്മാഞ്ജലി’ എന്ന കൃതിക്ക് അവതാരിക എഴുതിയ മഹാകവി ഉള്ളൂര്‍ ഇങ്ങനെ എഴുതി

‘ഞാന്‍ പല കൃതികള്‍ക്കും അവതാരിക എഴുതിയിട്ടുണ്ടെന്നു വരികിലും ഇദ്ദേഹത്തിന്റെ കൃതികളുടെ താല്പര്യം മുഴുവന്‍ മനസ്സിലാക്കുന്നതിനു തക്ക ശക്തിയോ അവയില്‍ ഏതെങ്കിലും ഒന്നിനെ വിദ്വല്‍സമക്ഷം അവതരിപ്പിക്കുന്നതിനു യോഗ്യതയോ ഉള്ളവനെന്നു എനിക്ക് ലേശം പോലും അഭിമാനമില്ല. സ്വാമികളുടെ എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കുന്നു. ഇനിയും വായിക്കുക തന്നെ ചെയ്യും’

ജ്ഞാനമഹിമയുടെയും ശാസ്ത്രപാണ്ഡിത്യത്തിന്റെയും സാഹിത്യകുശലതയുടെയും ഔന്നത്യത്തെ പ്രാപിച്ച, മഹത്തരങ്ങളായ കൃതികള്‍ സംസ്‌കൃതത്തിനും മലയാളത്തിനും നല്‍കിയ, സഞ്ചരിക്കുന്ന ഗ്രന്ഥശാലയെന്നറിയപ്പെട്ട, സമൂഹത്തിനു സദ്ദര്‍ശനമേകിയ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ നൂറാം സമാധിവാര്‍ഷികത്തില്‍ ആ മഹാമഹസ്സിനു സഹസ്രകോടിപ്രണാമങ്ങള്‍ അര്‍പ്പിച്ചിടുന്നു.

സദ്ഗു‌രുപ്രണാമം

സദ്ഗു‌രുപ്രണാമം

ബ്രഹ്മവിദ്യാപ്രതിഷ്ഠാപകനായ ജഗദ്ഗുരു ശ്രീ ആദിശങ്കരനു ശേഷം കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ ആധ്യാത്മികനവോത്ഥാനനായകനും അദ്വൈതബ്രഹ്മാനുഭൂതിസമ്പന്നനും സകലശാസ്ത്രപാരംഗതനും മഹാജ്ഞാനിയുമായിരുന്നു പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍. പുരോഹിതവര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകളാല്‍ വീര്‍പ്പുമുട്ടിയും, ധര്‍മ്മവിസ്മരണത്താല്‍ ലൌകികാസക്തിയില്‍ മുഴുകിയും, സ്വമാഹാത്മ്യത്തെ യാഥാസ്ഥിതികത്വത്തിനു അടിയറവച്ച് അടിമകളെപ്പോലെ കഴിഞ്ഞിരുന്ന കേരളീയജനതയെ ആത്മാഭിമാനത്തിന്‍റെയും ആത്മജ്ഞാനത്തിന്‍റെയും ആശാവഹമായ കരങ്ങള്‍ കൊണ്ട് മഹത്വത്തിലേക്കുയര്‍ത്തിയ യുഗപ്രഭാവനായിരുന്നു അദ്ദേഹം. കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണിനാളില്‍ (1853 ഓഗസ്റ്റ്‌ 25) അനന്തപുരിയിലെ കൊല്ലൂര്‍ ഗ്രാമത്തില്‍ കുഞ്ഞന്‍പിള്ളയായി ജനിച്ച് കാഠിന്യമേറിയ ബാല്യകാലത്തിലൂടെ കടന്നു പോകുമ്പോഴും തന്‍റെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. പരദേശിയായ ഒരു ബ്രാഹ്മണന്റെ സംസ്കൃതപാഠശാലയില്‍ പഠിപ്പിക്കുന്നത് മറഞ്ഞിരുന്ന് കേട്ട് പരോക്ഷശിഷ്യനായതും, പിന്നീടു പേട്ടയില്‍ ശ്രീ രാമന്‍പിള്ള ആശാന്‍റെ പള്ളിക്കൂടത്തില്‍ നിന്നും സംസ്കൃതം, തമിഴ്, സംഗീതം എന്നിവ അഭ്യസിച്ചു ചട്ടമ്പി (മോണിട്ടര്‍) ആയതും ആ ജ്ഞാനവാസനയുടെ ദൃഷ്ടാന്തങ്ങളാണ്. അജ്ഞാതനാമാവായ ഒരു മഹാപുരുഷനില്‍ നിന്നും ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നേടുകയും ആ മന്ത്രത്തിന്റെ ജപസിദ്ധിയാല്‍ സഗുണബ്രഹ്മപ്രാപ്തി നേടുകയും ചെയ്തശേഷം അദ്ദേഹം തയ്ക്കാട്ട് അയ്യാവ് എന്ന യോഗിയില്‍ നിന്നും ഹഠയോഗവും മരുത്വാമലയില്‍ ഉണ്ടായിരുന്ന ‘കുമാരവേലു’ എന്ന ആത്മാനന്ദസ്വാമികളില്‍ നിന്നും യോഗശാസ്ത്രത്തിലെ രഹസ്യവിദ്യകളും, ശ്രീ സ്വാമിനാഥദേശികനില്‍ നിന്നും തമിഴ് ഗ്രന്ഥങ്ങളും, ബ്രഹ്മനിഷ്ഠനായ ശ്രീ സുബ്ബജടാപാഠികളില്‍ നിന്നും വേദാന്തവും അഭ്യസിച്ചു. കൂടാതെ സംഗീതം, വാദ്യം, മുതലായ കലകള്‍, കായകല്പം, കായികാഭ്യാസം, മന്ത്രതന്ത്രാദികള്‍ മുതലായവയില്‍ എല്ലാം തന്നെ ചെറിയ കാലയളവ് കൊണ്ട് അദ്ദേഹം നൈപുണ്യം നേടി. ഇസ്ലാം മതം, ക്രിസ്തുമതം തുടങ്ങിയ ഇതരമതങ്ങളിലും അദ്ദേഹം അറിവു സമ്പാദിച്ചിരുന്നു.

എന്തെല്ലാം വിദ്യകള്‍ അഭ്യസിച്ചാലും, സിദ്ധികള്‍ നേടിയാലും, ശാസ്ത്രപാണ്ഡിത്യം ഉണ്ടായാലും മുമുക്ഷു തൃപ്തനാകുന്നില്ല. നിരതിശയസുഖസ്വരൂപമായ ബ്രഹ്മാനുഭവം കൊണ്ട് മാത്രമേ ഒരു മുമുക്ഷു പൂര്‍ണ്ണതൃപ്തനാവുകയുള്ളൂ. തീവ്രതരവൈരാഗ്യം നേടിയിരുന്ന സ്വാമിതിരുവടികള്‍ ആ അപരോക്ഷാനുഭൂതിയുടെ കുറവിനാല്‍ അസംതൃപ്തനായിരുന്നു. അക്കാലത്ത് സ്വാമികള്‍ തിരുവനന്തപുരത്തും മരുത്വാമലയിലും മാറിമാറി താമസിക്കുകയും സഞ്ചാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കേ വടിവീശ്വരം എന്ന സ്ഥലത്ത് വച്ച് അദ്ദേഹത്തിനു ഒരു അനുഭവമുണ്ടായി. ഒരു സദ്യയുടെ എച്ചിലിലകള്‍ കിടന്നിരുന്ന കുഴിയില്‍ കുറേ നായ്ക്കള്‍ക്കൊപ്പം ഒരു പ്രാകൃതമനുഷ്യന്‍ അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നത് അദ്ദേഹം കണ്ടു. അല്‍പസമയത്തിനു ശേഷം അര്‍ദ്ധനഗ്നനായ ആ മനുഷ്യന്‍ അവിടെ നിന്നും എഴുന്നേറ്റ് ശീഘ്രഗതിയില്‍ നടന്നുതുടങ്ങി. സ്വാമികള്‍ അദ്ദേഹത്തിന്‍റെ പുറകെ നടന്നു. വളരെ ദൂരം സഞ്ചരിച്ചതിനു ശേഷം തിരിഞ്ഞു നിന്ന ആ മനുഷ്യനെ സ്വാമികള്‍ നമസ്ക്കരിച്ചു. കാരുണ്യത്തോടെ ആ അവധൂതമഹാത്മാവ് സ്വാമികളെ സ്പര്‍ശിച്ചു ജ്ഞാനദീക്ഷയെ നല്കിയനുഗ്രഹിച്ച ശേഷം എവിടെയോ മറഞ്ഞു. അനേകായിരം ജന്മങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച പുണ്യകര്‍മ്മഫലമായി ആത്മാനുഭൂതിയുടെ രസം തുളുമ്പുന്ന തത്ത്വമസിയാകുന്ന പുണ്യതീര്‍ത്ഥത്തില്‍ സ്വാമികള്‍ സ്വയം ലയിച്ചു. സകല സംശയവിപര്യയങ്ങളും നീങ്ങി സ്വസ്വരൂപാവബോധമാകുന്ന ജ്ഞാനത്താല്‍ അദ്ദേഹം ജീവന്മുക്തിയെ പ്രാപിച്ചു. അദ്വൈതസാക്ഷാത്കാരമാകുന്ന മഹാസിദ്ധിയെ പ്രാപിച്ച സ്വാമിതിരുവടികളുടെ പിന്നീടുള്ള ജീവിതം പ്രാരബ്ധാനുസാരിയായി ലീലാരൂപേണ മാത്രമായിരുന്നു. ജീവന്മുക്തനായ സ്വാമിതിരുവടികള്‍ക്ക് അത് ലീലയായിരുന്നെങ്കിലും കൈരളിക്ക് അതൊരു മഹാഭാഗ്യവും മൃതസഞ്ജീവനിയുമായിരുന്നു എന്നത് കാലം തെളിയിച്ചതാണ്.

യാഥാസ്ഥിതിക ജാതിബ്രാഹ്മണപൌരോഹിത്യത്തിന്റെ നിയന്ത്രണത്താല്‍ ഉച്ചനീചത്വങ്ങളുടെ തടവറയില്‍ കഴിഞ്ഞിരുന്ന മലയാളനാട്ടിലെ ജനങ്ങളെ പ്രബുദ്ധരാക്കാന്‍ തന്‍റെ കൃതികള്‍, ലേഖനങ്ങള്‍, ശിഷ്യോപദേശങ്ങള്‍ എന്നിവ കൊണ്ട് ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് കഴിഞ്ഞു. മലയാളദേശം ബ്രാഹ്മണര്‍ക്ക് പരശുരാമന്‍ ദാനം നല്‍കിയതാണെന്നും അവരാണ് ഈ നാടിന്റെ യഥാര്‍ത്ഥ അവകാശികളെന്നും വാദിച്ചു ബാക്കി സമുദായങ്ങളെയെല്ലാം കീഴാളന്മാരായി കണ്ടിരുന്ന യാഥാസ്ഥിതികരെ തന്‍റെ ‘പ്രാചീനമലയാളം’ എന്ന കൃതിയിലൂടെ സ്വാമികള്‍ ഖണ്ഡിച്ചു. മലയാളനാടിന്‍റെ പൂര്‍വികര്‍ മലയക്ഷത്രിയരായ നാഗവംശജരാണെന്നും, സംസ്കാരം കൊണ്ടും, ജ്ഞാനം കൊണ്ടും, ആചരണം കൊണ്ടും ഉത്തമരായ ആ ജനതയെ ചതിയിലൂടെ മലയാളബ്രാഹ്മണര്‍ അധ:കൃതരാക്കിയതാണെന്നും സ്വാമികള്‍ യുക്തിപൂര്‍വ്വം പ്രമാണസഹിതം തെളിയിച്ചു. ഇത് ഇവിടുത്തെ ജനതയില്‍ ആത്മാഭിമാനത്തെ ഉളവാക്കുകയും അടിമത്ത്വത്തില്‍ നിന്നും മോചിക്കപ്പെടുവാന്‍ അവര്‍ക്ക് ഉത്തേജനമാവുകയും ചെയ്തു. വേദം പഠിക്കുവാന്‍ ഇതരസമുദായങ്ങള്‍ക്ക് അധികാരമില്ല എന്ന യാഥാസ്ഥിതികവാദത്തെ ഖണ്ഡിച്ചുകൊണ്ട് ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥവും സ്വാമിതിരുവടികള്‍ രചിച്ചു. മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ജാതിവര്‍ഗ്ഗലിംഗഭേദമന്യേ വേദം പഠിക്കാന്‍ അധികാരമുണ്ടെന്ന് സ്വാമികള്‍ ശ്രുതിസ്മൃതിപുരാണാദിശാസ്ത്രപ്രമാണങ്ങളാല്‍ തെളിയിച്ചു. ഈ രണ്ടു ഗ്രന്ഥങ്ങളും അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ ഉലഞ്ഞത് കാലാകാലങ്ങളായി മലയാളസമൂഹത്തെ അടിച്ചമര്‍ത്തുവാന്‍ യാഥാസ്ഥിതികര്‍ ചമച്ച ഒരു കൂട്ടം കെട്ടുകഥകളായിരുന്നു. ഭ്രാന്താലയമായിരുന്ന കേരളസമൂഹത്തിനാകട്ടെ അത് വേനലിലെ ദാഹജലമെന്നപോലെ ആശ്വാസകരവും ഉത്തേജനവുമായി മാറി.

പ്രാചീനമലയാളവും വേദാധികാരനിരൂപണവും ചട്ടമ്പിസ്വാമിതിരുവടികളുടെ ചരിത്രപരവും സാമുദായികവുമായ പര്യവേഷണപാടവത്തെ വെളിപ്പെടുത്തുന്നു. അതുപോലെതന്നെ സ്വാമികളുടെ ഭാഷാശാസ്ത്രപരമായ വിജ്ഞാനത്തിന്‍റെ ഉത്തമോദാഹരണമാണ്‌ അദ്ദേഹം രചിച്ച ‘ആദിഭാഷ’ എന്ന കൃതി. സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അനിതരസാധാരണമായ പാണ്ഡിത്യത്തിന്‍റെ നേര്‍സാക്ഷ്യമാണ് ഈ കൃതി. ദ്രാവിഡജനത അവികസിതവും പ്രാകൃതവുമായ ഒരു ജനതയായിരുന്നു എന്ന വാദത്തെ നിശിതമായി വിമര്‍ശിച്ച് ദ്രാവിഡദേശത്തിന്‍റെ മാഹാത്മ്യവും തമിഴ്ഭാഷയുടെ ശ്രേഷ്ഠത്വവും ഭംഗിയായി ഈ കൃതി അവതരിപ്പിക്കുന്നു. ആദിഭാഷയിലൂടെ സംസ്കൃതവും തമിഴും തമ്മിലുള്ള ഒരു താരതമ്യപഠനം ഇരുഭാഷകളിലെയും വ്യാകരണങ്ങള്‍ ആധാരമാക്കി അദ്ദേഹം നടത്തിയിട്ടുണ്ട്. സംസ്കൃതഭാഷയെ പരിഷ്കൃതഭാഷയായി അംഗീകരിക്കുമ്പോളും തമിഴ് അതിന്‍റെ സൌകുമാര്യതയിലും പഴമയിലും വിജ്ഞാനശാഖകളിലും പ്രാചീനകാലം മുതല്‍ സമ്പന്നമെന്നു അദ്ദേഹം തെളിയിക്കുന്നു. തമിഴിനും മൂലമായ മൂലദ്രാവിഡഭാഷ ആദിഭാഷയെന്നും അതില്‍ നിന്നും മറ്റു ഭാഷകള്‍ രൂപം കൊണ്ടതും സ്വാധീനം ചെലുത്തിയതുമെല്ലാം സ്വാമികള്‍ വിവരിക്കുന്നത് ഇപ്പോഴും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്ക്‌ ഗവേഷണവിഷയമാണ്.

കേരളത്തിലെ സാമുദായികമായ ദുരവസ്ഥയെ മുതലെടുക്കാന്‍ അക്കാലത്ത് ക്രിസ്ത്യന്‍ പാതിരിമാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ പിന്‍ബലവും കൂടി ആയപ്പോള്‍ മതപരിവര്‍ത്തനത്തിനുള്ള അന്തരീക്ഷം സുഗമമായി. ഹിന്ദുക്കള്‍ക്കിടയിലെ മതപരമായ അജ്ഞതയും ഉച്ചനീചത്വങ്ങളും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടി. ആ ചുറ്റുപാടിലാണ്, പരമഭട്ടാരശ്രീചട്ടമ്പിസ്വാമിതിരുവടികള്‍, ‘ഷണ്‍മുഖദാസന്‍’ എന്നു പേരുവച്ച് ക്രിസ്തുമതച്ഛേദനമെന്ന പുസ്തകമെഴുതി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത്. ഏറ്റുമാനൂര്‍ ഉത്സവത്തിനുകൂടുന്ന ഹിന്ദുക്കളെ ‘സുവിശേഷ’പ്രസംഗം കേള്‍പ്പിക്കാന്‍ അന്നു കോട്ടയത്തു നിന്നു ക്രിസ്ത്യന്‍മിഷ്യനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മുമ്പില്‍വരികപതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍ ശ്രീ. കാളികാവു നീലകണ്ഠപ്പിള്ള എന്ന മാന്യനെ ‘ക്രിസ്തുമതച്ഛേദനം’ എഴുതിക്കൊടുത്തു പഠിപ്പിച്ച് ഏറ്റുമാനൂര്‍ക്ഷേത്രത്തില്‍വച്ച് ആദ്യമായി സ്വാമിതിരുവടികള്‍ പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ. നീലകണ്ഠപ്പിള്ളയും ശ്രീ. കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്കു സഞ്ചരിച്ച് ‘ക്രിസ്തുമതച്ഛേദന’ത്തിലെ ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു. തിരുവിതാംകൂറില്‍ കോട്ടയം മുതല്‍ വടക്കോട്ട് ശ്രീ നീലകണ്ഠപ്പിള്ളയും, കോട്ടയത്തുനിന്നു തെക്കോട്ട് ശ്രീകൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദു മതതത്ത്വങ്ങളെക്കുറിച്ചു പ്രസംഗിക്കുകയും, ആ തത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യന്‍പാതിരിമാര്‍ പുറപ്പെടുവിക്കാറുള്ള ആക്ഷേപങ്ങള്‍ക്കു സമുചിതമായ സമാധാനം പറഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയുമായിരുന്നു ആ പ്രസംഗങ്ങളിലെ മുഖ്യപരിപാടി. ‘ക്രിസ്തുമതച്ഛേദനം’ എന്ന ഗ്രന്ഥത്തിലൂടെ മതപരിവര്‍ത്തനത്തെ സ്തംഭിപ്പിച്ചതിനൊപ്പം തന്നെ ‘ക്രിസ്തുമതസാര’വും സ്വാമികള്‍ രചിച്ചു. യഥാര്‍ത്ഥ ക്രിസ്തുമതം എന്തെന്ന് പാതിരിമാര്‍ക്ക് പോലും മനസ്സിലാക്കുവാന്‍ ആ ഗ്രന്ഥം ഉപകരിച്ചു.

ബ്രഹ്മസംസ്ഥനായ ശ്രീ ചട്ടമ്പിസ്വാമികള്‍ അഹിംസാപ്രതിഷ്ഠ നേടിയ മഹായോഗികൂടിയായിരുന്നു. “അഹിംസാപ്രതിഷ്ഠായാം തത്സന്നിധൌ വൈരത്യാഗ:” എന്ന യോഗസൂത്രത്തിന്റെ പ്രായോഗികത സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തന്നു. ഉറുമ്പുകളും, നായ്ക്കളും, പശുക്കളുമെല്ലാം സ്നേഹവാല്‍സല്യത്തോടെ അദ്ദേഹത്തിനു ചുറ്റും കൂടുമായിരുന്നു. എന്തിനധികം, ഹിംസ്രമൃഗമായ വ്യാഘ്രം പോലും സ്വാമിതിരുവടികളുടെ മുന്നില്‍ വിനമ്രനായി വാലുംചുരുട്ടി ഇരുന്നിരുന്നതായി ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജീവിയെയും മനസ്സ് കൊണ്ടോ, വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കാതിരിക്കുക എന്ന ഗൌണാര്‍ത്ഥത്തിലും വേറൊന്നിനാല്‍ താനും തന്നാല്‍ വേറൊന്നും ഹിംസിക്കപ്പെടുക എന്ന അവസ്ഥയെ അതിക്രമിച്ചതായ മോക്ഷമാകുന്ന ആ പരമാനന്ദപദമെന്ന മുഖ്യാര്‍ത്ഥത്തിലും അഹിംസാപ്രതിഷ്ഠ നേടിയിരുന്ന മഹാത്മാവായിരുന്നു സ്വാമിതിരുവടികള്‍. സര്‍വഭൂതഹിതരൂപമായ ഈ അഹിംസാസിദ്ധി അദ്വൈതസാക്ഷാത്കാരത്തിലൂടെ മാത്രമേ നേടാനാവുകയുള്ളൂ. അഹിംസയുടെ തത്ത്വവും ജീവകാരുണ്യത്തിന്‍റെ ആവശ്യകതയും വിവരിച്ചുകൊണ്ട് സ്വാമികള്‍ രചിച്ച ലഘുപുസ്തകമാണ് ജീവകാരുണ്യനിരൂപണം. മനുഷ്യന്‍ സസ്യഭുക്കാണെന്നും സസ്യാഹാരം ഒരുവനെ ഹിംസയില്‍ നിന്നും ദൂരെയും അഹിംസയോട് ഒരു പടി അടുത്തും എത്തിക്കുന്നു എന്നും അദ്ദേഹം അതില്‍ സമര്‍ത്ഥിക്കുന്നു.

സ്വാമിതിരുവടികളുടെ മതം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ അദ്വൈതജ്ഞാനമാകുന്നു. ഏകവും അദ്വിതീയവുമായ ബ്രഹ്മം തന്നെയാണ് തന്‍റെ യഥാര്‍ത്ഥ സ്വരൂപമെന്ന് നിര്‍ണ്ണയിച്ച ജീവന്മുക്തനായിരുന്നു ശ്രീ ചട്ടമ്പി സ്വാമിതിരുവടികള്‍. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിളും ഉപാസനാപദ്ധതികളിലും ശൈവസമ്പ്രദായത്തെയും, ആന്തരികമായി അദ്വൈതാനുഭൂതിയേയുമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അദ്വൈതസിദ്ധാന്തത്തിന്‍റെ തത്ത്വങ്ങളും പ്രക്രിയകളും വിവരിച്ചുകൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതവേദാന്തത്തിലെ പ്രധാനപ്രക്രിയകളും, ചതുര്‍വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യങ്ങള്‍, ഈശ്വരജീവജഗത്തത്ത്വങ്ങള്‍ എന്നിവയും ശ്രുതിയുക്ത്യനുഭവപ്രാമാണ്യത്തോടെ അതില്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. തമിഴ് ശൈവാദ്വൈതസമ്പ്രദായത്തെയും ശങ്കരാദ്വൈതത്തെയും സംയോജിപ്പിച്ചുകൊണ്ട് തീര്‍ത്ഥപാദസമ്പ്രദായം അദ്ദേഹം സ്ഥാപിച്ചു. തന്‍റെ  പ്രധാന സന്ന്യാസിശിഷ്യന്മാരായ ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ എന്നിവരിലൂടെയും ഗൃഹസ്ഥശിഷ്യര്‍, ഭക്തജനങ്ങള്‍ എന്നിവരിലൂടെയും അദ്ദേഹം തന്‍റെ സന്ദേശം കേരളത്തിലാകെ പ്രചരിപ്പിച്ചു. ശിഷ്യരുടെ ആധികാരികത അനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. സാഹിത്യകുശലന്‍ ശ്രീ ടി. കെ. കൃഷ്ണമേനോന്‍റെ ഭാര്യ സാഹിത്യസഖി ടി. സി. കല്യാണിയമ്മയ്ക്ക് സ്വാമികള്‍ ഇപ്രകാരമാണ് ഉപദേശം കൊടുത്തത് ”ചിലര്‍ വിലയ്ക്കു മന്ത്രം വില്ക്കാന്‍ നടക്കുന്നുണ്ടത്രേ. കഷ്ടം! കല്യാണിയമ്മ അവരോടു വാങ്ങേണ്ട. ഒരു നല്ല വിളക്കുകൊളുത്തി തെളിയിച്ചുവച്ച്, സുഗന്ധപുഷ്പങ്ങളെ ഭക്തിയോടു കൂടി അതിന്റെ മുമ്പില്‍ ഭഗവതിക്കായിവച്ച്, വീണയുടെ തന്ത്രികളെ പതുക്കെമീട്ടി ലളിതാസഹസ്രനാമം ഇങ്ങനെ ദിവസവും പാരായണം ചെയ്താല്‍ സര്‍വാഭീഷ്ടങ്ങളും സുലഭമായിക്കിട്ടും”. എന്നാല്‍ ഉത്തമാധികാരിയായ ശിഷ്യര്‍ക്ക് ഖേചരീവിദ്യ പോലുള്ള അതീവരഹസ്യങ്ങളായ യോഗവിദ്യകളും ദുര്‍ലഭമായ ജ്ഞാനസാധനകളും അദ്ദേഹം ഉപദേശിച്ചിരുന്നു.

കൊല്ലവര്‍ഷം 1099 മേടം 23നു (1924 മേയ് 5) പന്മനയില്‍ വച്ച് ആ മഹാനുഭാവന്‍ ലീലാരൂപേണ കൈക്കൊണ്ട തന്‍റെ ദിവ്യവിഗ്രഹമായ ശരീരം വെടിഞ്ഞ് വിദേഹമുക്തിയെ പ്രാപിച്ചു. അതിവര്‍ണ്ണാശ്രമിയായി ജീവിതം നയിച്ച സ്വാമിതിരുവടികളുടെ സമാധിവിവരം അറിഞ്ഞ ശ്രീനാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് അനുഷ്ടുപ്പ് വൃത്തത്തില്‍ അത്യന്തം ഗംഭീരമായ രണ്ടു ശ്ലോകങ്ങള്‍ രചിച്ചു.

“സര്‍വജ്ഞഋഷിരുല്‍ക്രാന്ത: സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി പരിപൂര്‍ണ്ണകലാനിധിം
ലീലയാ കാലമധികം നീത്വാന്തേ സമഹാപ്രഭു:
നിസ്സ്വം വപുസ്സമുല്‍സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിത:”

ഈ ശ്ലോകങ്ങളുടെ അര്‍ത്ഥഗാംഭീര്യത്തെ വെളിവാക്കിക്കൊണ്ട് സ്വാമിതിരുവടികളുടെ പ്രശിഷ്യനും ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ശിഷ്യനുമായ ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അതിലെ സംക്ഷിപ്തഭാഗങ്ങള്‍ ഇപ്രകാരമാണ്.

“സര്‍വ്വജ്ഞനും ഋഷിയുമായ സല്‍ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്ന് പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര്‍വത്ര പ്രകാശിക്കുന്നു” എന്നാണ് ഒന്നാം ശ്ലോകത്തിന്റെ അക്ഷരാര്‍ത്ഥം.

‘സര്‍വ്വജ്ഞനെന്ന പദം ശ്രീവിദ്യാധിരാജാചട്ടമ്പിസ്വാമികളെ സംബന്ധിച്ച് അന്വര്‍ത്ഥമാണെന്ന് സകലകലാവല്ലഭനായിരുന്ന അദ്ദേഹത്തോട് അടുത്തിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ബ്രഹ്മവിദ്യയും പാചകവിദ്യയും സംഗീതവും സാഹിത്യവും ചെപ്പടിവിദ്യയും മല്ലയുദ്ധവും എന്ന് വേണ്ട എല്ലാം തന്നെ അദ്ദേഹത്തിനു ഒരുപോലെ സ്വാധീനമായിരുന്നു. പലഗുപ്തവിദ്യകളും അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും ‘സിദ്ധികള്‍ കൊണ്ട് ആരെയും വശീകരിക്കരുത് അത് ഹിംസയാണ്’ എന്നാണ് അദ്ദേഹം ഉപദേശിച്ചിരുന്നത്. ആരുടെ ബുദ്ധിമണ്ഡലത്തിലാണോ പരസഹായം കൂടാതെ തനിയെ തന്നെ തത്വജ്ഞാനം പ്രകാശിക്കുന്നത്, അവരെയാണ് ഋഷികള്‍ എന്ന് പറയുക. അവരുടെ ജ്ഞാനത്തെ ആര്‍ഷം എന്നും പറയുന്നു. ഇതിനു പ്രാതിഭം എന്നും പേരുണ്ട്. യോഗകലയില്‍ സിദ്ധി നേടിയ മഹാന്മാരുടെ സമാധിയില്‍ നിന്നുണ്ടാകുന്ന ബുദ്ധിയുടെ ഒരു ശക്തിയാണ് പ്രാതിഭം. ശ്രീവിദ്യാധിരാജസ്വാമികള്‍ക്ക് ആര്‍ഷജ്ഞാനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം സര്‍വജ്ഞനായിത്തീര്‍ന്നതും. സദ്ഗുരു എന്നതിന് സദ്രൂപത്തില്‍-ബ്രഹ്മരൂപത്തില്‍- വിളങ്ങുന്ന ഗുരുവെന്നാണ് അര്‍ത്ഥം. ചോദകന്‍, മോദകന്‍, മോക്ഷദന്‍ എന്നിങ്ങനെ ഗുരുക്കന്മാരെ മൂന്നായി ശാസ്ത്രങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. ആധ്യാത്മികമാര്‍ഗ്ഗത്തിലേക്ക് പ്രേരിപ്പിക്കുന്ന ഗുരു ചോദകനും, ഉപദേശം കൊണ്ട് ശിഷ്യരെ സന്തോഷിപ്പിക്കുന്ന ഗുരു മോദകനും, കരതലാമലകം പോലെ ആത്മതത്വത്തെ വെളിപ്പെടുത്തി ഭവബന്ധത്തില്‍ നിന്നും മോചിപ്പിക്കുന്ന ഗുരു മോക്ഷദനും ആകുന്നു. സദ്ഗുരു എന്ന പദം കൊണ്ട് മോക്ഷദനായ ഗുരുവിനെയാണ് അര്‍ത്ഥമാക്കുന്നത്. ശുകബ്രഹ്മര്‍ഷി മോക്ഷം നേടിയ മാര്‍ഗ്ഗമെന്നും ശുകങ്ങളുടെ മാര്‍ഗ്ഗമെന്നും ശുകവര്‍ത്മാവ് എന്ന പദത്തിന് അര്‍ത്ഥം പറയാം. ശുകനെപ്പോലെ സദ്യോമുക്തി നേടുന്നതിനുള്ള മാര്‍ഗ്ഗത്തിനു ശുകമാര്‍ഗ്ഗമെന്നും വാമദേവനെപ്പോലെ വളരെ കഷ്ടപ്പെട്ട് ക്രമേണ മുക്തി നേടുന്ന മാര്‍ഗ്ഗം വാമദേവമാര്‍ഗ്ഗം അഥവാ പിപീലികാമാര്‍ഗ്ഗം എന്നും പറയുന്നു. സ്വാമിതിരുവടികള്‍ അതിദുര്‍ലഭമായ സദ്യോമുക്തിയാണടഞ്ഞത് എന്ന് ശുകവര്‍ത്മനാ എന്ന പദം കൊണ്ട് മനസ്സിലാക്കാം. പരമവ്യോമം എന്നത് കൊണ്ട് ജ്ഞാനസ്വരൂപമായ ബ്രഹ്മത്തെക്കുറിക്കുന്ന ശ്രേഷ്ഠമായ ചിദാകാശത്തെയാണ് സൂചിപ്പിക്കുന്നത്. പരിപൂര്‍ണ്ണകലാനിധി എന്നതിന് പരിപൂര്‍ണ്ണതയെ പ്രാപിച്ച കലകള്‍ക്ക് ഇരിപ്പിടമായിട്ടുള്ളവന്‍ എന്നാണു സാമാന്യാര്‍ത്ഥം. ദേഹാരംഭത്തിനു കാരണമായ പ്രാണാദികളെയാണ് ഇവിടെ കലകള്‍ എന്ന് വിവക്ഷിച്ചിരിക്കുന്നത്. ആത്മാവില്‍ കല്പിതമായ ഈ കലകളെല്ലാം സമ്യഗ്ജ്ഞാനത്തില്‍ അതിന്റെ അധിഷ്ഠാനരൂപമായി പൂര്‍ണ്ണതയടയുന്നു. നിഷ്കളബ്രഹ്മരൂപത്തിലാണ് സ്വാമികള്‍ വിലയം പ്രാപിച്ചതെന്ന് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നു. ഇത്രയും കൊണ്ട് സ്വാമിതിരുവടികള്‍ യോഗജന്യമായ ആര്‍ഷജ്ഞാനംകൊണ്ട് സര്‍വജ്ഞത്വവും ജീവന്മുക്തിഭാവവും നേടി അനേകമാളുകള്‍ക്ക് ബ്രഹ്മോപദേശം ചെയ്തതിനു ശേഷം സദ്യോമുക്തി അടഞ്ഞു എന്ന് മനസ്സിലാക്കാം. ഇതാണ് ഒന്നാം ശ്ലോകത്തിന്റെ സാരം.

ആ മഹാപ്രഭു മായാമയമായ ദേഹത്തെ വെറും ലീലയാ സ്വീകരിച്ച് അധികം നാള്‍ വിനോദിച്ചതിനു ശേഷം തന്‍റെതല്ലാത്ത ആ ദേഹമുപേക്ഷിച്ച് സ്വന്തരൂപമായ ബ്രഹ്മഭാവത്തെ കൈക്കൊണ്ടുവെന്നാണ് രണ്ടാം ശ്ലോകത്തിന്റെ സാരം. ‘ലോകവത്തു ലീലാകൈവല്യം” എന്ന ബ്രഹ്മസൂത്രത്തിന്‍റെ ചുരുക്കമാണ് ഈ ശ്ലോകം. ആപ്തകാമനും പരിപൂര്‍ണ്ണനുമായ പരമേശ്വരന് ജീവഭാവം കൈക്കൊള്ളേണ്ട യാതൊരു കാരണവുമില്ല. അതിനാല്‍ ആ ജീവഭാവം ലീലാമാത്രമായിരുന്നു എന്ന് കരുതാം. ബ്രഹ്മസ്വരൂപനായ ജഗദീശ്വരന്‍ ചട്ടമ്പിസ്വാമികളുടെ വേഷമെടുത്ത് വിനോദിച്ചതിനു ശേഷം വീണ്ടും സ്വസ്വരൂപത്തിലെത്തിയെന്നു പറയുമ്പോള്‍
സ്വാമിതിരുവടികള്‍ ഒരവതാരപുരുഷന്‍ തന്നെയായിരുന്നുവെന്നു കരുതുന്നതില്‍ തെറ്റില്ല. കേരളത്തിലെ അബ്രാഹ്മണരെ ഉദ്ധരിക്കുന്നതിന് അന്ന് ഒരവതാരത്തിന്റെ ആവശ്യകതയുണ്ടായിരുന്നു. അത് നിര്‍വഹിക്കുന്നതിന് ഭഗവാന്‍ ശ്രീ വിദ്യാധിരാജസ്വാമികളുടെയും ഭഗവദ്വിഭൂതികള്‍ ശ്രീസ്വാമികളുടെ ശിഷ്യന്മാരായും അവതരിച്ച് ഇവിടെ പ്രവൃത്തിപരവും നിവൃത്തിപരവുമായ ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ തെളിയിച്ച് സ്വധാമത്തില്‍ വിലയം പ്രാപിച്ചുവെന്നു ഭക്തജനങ്ങള്‍ക്കും വിശ്വസിക്കാവുന്നതാണല്ലോ”

ശ്രീനാരായണഗുരുസ്വാമികള്‍ രചിച്ച ആ ശ്ലോകങ്ങളുടെ അര്‍ത്ഥവ്യാപ്തി എത്രത്തോളം ഗംഭീരമാണെന്ന് ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ മേല്‍പ്പറഞ്ഞ വ്യാഖ്യാനത്തില്‍ നിന്നും വ്യക്തമാണല്ലോ. “കേരളത്തില്‍ ഞാന്‍ ഒരു അനന്യസാമാന്യ വ്യക്തിയെ കണ്ടു” എന്ന് സ്വാമിവിവേകാനന്ദന്‍ യാതൊരു മഹാത്മാവിനെക്കുറിച്ചു പറഞ്ഞുവോ ആ ദിവ്യാവതാരമായ പരമഭട്ടാര ചട്ടമ്പിസ്വാമിതിരുവടികള്‍ മലയാളദേശത്ത് വരുത്തിയ ആദ്ധ്യാത്മികവും സാമുദായികവുമായ പരിവര്‍ത്തനത്തിന്‍റെ പ്രതിഫലനങ്ങളാണ് നാം ഇന്ന് കാണുന്ന ആത്മീയോതക്ര്‍ഷത്തിനു മൂലമായിരിക്കുന്നത്. അഗസ്ത്യനും, വസിഷ്ഠനും, വ്യാസനും, ശങ്കരനും സമ്മേളിച്ച ജ്ഞാനാവതാരമായിരുന്നു സ്വാമിതിരുവടികള്‍. സച്ചിദാനന്ദസ്വരൂപമായ് ഇന്നും വിളങ്ങുന്ന ആ ബ്രഹ്മസംസ്ഥന്‍ കാട്ടിത്തന്ന വഴികളിലൂടെ നമുക്ക് സഞ്ചരിക്കാം. ആ പുണ്യപുരുഷന്‍റെ പാവനസ്മരണകളാല്‍ മനസ്സിനെ ശുദ്ധീകരിച്ച് കൈവല്യനവനീതം രുചിക്കാം. ആധ്യാത്മികജ്ഞാനമണ്ഡലത്തിലെ ഉദയസൂര്യനായി ആത്മാനുഭൂതിയുടെ പൊന്‍പ്രഭ വിതറി സദാ ജ്വലിച്ചു നില്‍ക്കുന്ന ആ മഹാജ്ഞാനിയുടെ അനുഗ്രഹത്താല്‍ നമുക്ക് പരമപദത്തെ പ്രാപിക്കാം. പരമഭട്ടാരകനായ സദ്ഗുരുവിന്‍റെ പാദാരവിന്ദങ്ങളില്‍ ശതകോടിപ്രണാമം.

സഞ്ചരിക്കുന്ന ഗ്രന്ഥശാല-ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍

സഞ്ചരിക്കുന്ന ഗ്രന്ഥശാല-ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍

ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ സന്ന്യാസി ശിഷ്യന്മാരില്‍ യോഗജ്ഞാനാദിവിഷയങ്ങളില്‍ അറിവു കൊണ്ടും അനുഭവം കൊണ്ടും പരമോന്നതനിലയില്‍ വര്‍ത്തിച്ചിരുന്ന ഒരു മഹാത്മാവായിരുന്നു ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍. സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13 നു വാളാനിക്കാട് എന്ന നായര്‍ തറവാട്ടിലാണ് സ്വാമികള്‍ ജനിച്ചത്. പാഴൂര്‍ ഗൃഹത്തിലെ ശ്രീ നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി കല്യാണിയമ്മയുടെയും ആണ്മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. വാളാനിക്കാട്ടു കൊച്ചുനീലകണ്‌ഠപ്പിള്ള എന്നായിരുന്നു അദ്ദേഹത്തെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്.

സ്വാമികള്‍ തന്‍റെ സാമാന്യവിദ്യാഭ്യാസവും ജ്യോതിശ്ശാസ്ത്രപഠനവും പിതാവില്‍ നിന്നാണ് അഭ്യസിച്ചത്‌. അതിനു ശേഷം പ്രൈവറ്റ് സ്കൂളില്‍ ചേര്‍ന്നു ഇംഗ്ലീഷ് പഠനവും തൃപ്പൂണിത്തുറ സ്കൂളില്‍ നിന്നും മിഡില്‍സ്കൂള്‍ പഠനവും നടത്തി. എറണാകുളത്തായിരുന്നു സ്വാമികളുടെ ഹൈസ്കൂള്‍ പഠനം. അക്കാലത്ത് ജ്യേഷ്ഠസഹോദരന്‍റെ കൂടെത്താമസിച്ച് വിഷവൈദ്യവും മന്ത്രപ്രയോഗങ്ങളും പഠിച്ച് വിഷഹരങ്ങളായ മന്ത്രങ്ങള്‍ ജപസിദ്ധി വരുത്തി. അതോടൊപ്പം ബ്രഹ്മശ്രീ ജി. ഭട്ടനില്‍ നിന്നും വാഗ്ഭവം, ശ്രീവിദ്യ, ത്രിപുര തുടങ്ങിയ മന്ത്രങ്ങള്‍ ഗ്രഹിച്ച് സിദ്ധിവരുത്തി കാമ്യോപാസനയിലും അദ്ദേഹം അറിവു നേടി. മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, വിഷനാരായണീയം മുതലായ ഗ്രന്ഥങ്ങള്‍ അക്കാലത്ത് തന്നെ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. വൈഷ്ണവാചാര്യനായ ശ്രീ ശഠകോപാചാര്യരില്‍ നിന്നും വൈഷ്ണവതന്ത്രവും അദ്ദേഹം അഭ്യസിച്ചിരുന്നു.

വിഷവൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹം പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുന്നത്. സ്വപിതാവിന്‍റെ വംശത്തില്‍ പെട്ട ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‍റെ കൂടെയാണ് അദ്ദേഹം സ്വാമിതിരുവടികളെ സന്ദര്‍ശിച്ചത്. വിഷവൈദ്യത്തിലെ ഉന്നതപരിശീലനമായിരുന്നു ആ സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശം. എന്നാല്‍ അവിടെയെത്തിയ കൊച്ചുനീലകണ്‌ഠപ്പിള്ളയോട് സ്വാമിതിരുവടികള്‍ ഇപ്രകാരമാണ് പറഞ്ഞത്.
“കൊച്ചുനീലകണ്‌ഠപ്പിള്ളേ, ഈ സര്‍പ്പവിഷവും മറ്റും നിസ്സാരമാണ്. അതിലെല്ലാം വലുതായി ഒരു വിഷമുണ്ട്, അത് ശമിപ്പിക്കാന്‍ അധികമാളുകളും ശ്രമിച്ചു കാണുന്നില്ല. അതാണ്‌ സംസാരവിഷം. നാമെല്ലാം ആ വിഷത്തില്‍പ്പെട്ടുഴലുകയാണ്. അതു ശമിപ്പിക്കുവാനുള്ള ഉപായമാണ് അറിയേണ്ടത്.”
അന്നത്തെ ആ കൂടിക്കാഴ്ചയില്‍ സ്വാമികള്‍ക്കൊപ്പം ചെന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ ശ്രീ ചട്ടമ്പിസ്വാമികളോട് “ചിത്സ്വരൂപശബ്ദവിവരണം” അരുളിചെയ്യണമെന്നു അപേക്ഷിച്ചു. രണ്ടുമണിക്കൂര്‍ സമയംകൊണ്ടുള്ള സ്വാമിതിരുവടികളുടെ യുക്തിപ്രമാണസഹിതപ്രതിപാദനം ശ്രവിച്ചമാത്രയില്‍ത്തന്നെ ശ്രീനീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ക്ക് അദ്ദേഹത്തോട് അതിരറ്റ ഭക്തിബഹുമാനങ്ങള്‍ ഉണ്ടായി. സ്വാമിതിരുവടികളുമായുള്ള ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ശ്രീനീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ശ്രദ്ധ ആദ്ധ്യാത്മികഗ്രന്ഥപഠനത്തിലേക്ക് തിരിഞ്ഞു. അതിനുശേഷം സ്വാമിതിരുവടികളെ നീലകണ്‌ഠസ്വാമികള്‍ സ്ഥിരം സന്ദര്‍ശിക്കുമായിരുന്നു. സ്വാമിതിരുവടികള്‍ അദ്ദേഹത്തിനു യോഗമാര്‍ഗ്ഗത്തിലെ രഹസ്യമായ വിദ്യകള്‍ പലതും ഉപദേശിച്ചുകൊടുത്തു.

യോഗാഭ്യാസത്തില്‍ ദാര്‍ഢൃം വന്നതോടു കൂടി സ്വാമിതിരുവടികള്‍ അദ്ദേഹത്തെ ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് നയിച്ചു. നിരവധി വേദാന്തഗ്രന്ഥങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി. അങ്ങനെ പഠിച്ചു വരവേ സ്വാമിതിരുവടികളുടെ അനുഗ്രഹബലത്താല്‍ തത്ത്വമസീമഹാവാക്യസാക്ഷാത്കാരമുണ്ടായി ജീവന്മുക്തനായിത്തീര്‍ന്നു. ജീവന്മുക്തിയെ പ്രാപിച്ചെങ്കിലും പ്രാരബ്ധാനുസാരിയായി തന്‍റെ സഞ്ചാരവും പഠനങ്ങളും അദ്ദേഹം തുടര്‍ന്നു. മുപ്പത്തിനാല് വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം ഭാരതമൊട്ടാകെ സഞ്ചരിച്ച് നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, പുണ്യസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും പ്രമുഖ പണ്ഡിതശ്രേഷ്ഠന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. നിരവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു, ശ്രീ ശിവപ്രസാദവിദ്യാഭാരതി, അദ്വൈതവിദ്യാപണപരമാനന്ദനാഥന്‍ ശ്രീ പന്നിശ്ശേരി നാണുപിള്ള, സച്ചിദാനന്ദബ്രഹ്മേന്ദ്രന്‍, ശ്രീ ആത്മയോഗിനിയമ്മ, ശ്രീ ചിദ്വിലാസിനി, ശ്രീ തച്ചുടയക്കയ്മള്‍, ശ്രീ ചിദ്രസാഭരണന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്.

വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷ, കണ്ഠാമൃതം, ബ്രഹ്മാഞ്ജലി, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട മലയാളകൃതികള്‍. സ്തവരത്നഹാരം, അദ്വൈതപാരിജാതം, യോഗരഹസ്യകൌമുദി, കണ്ഠാമൃതാര്‍ണ്ണവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി, ആത്മാമൃതം, തുടങ്ങി അനേകം സംസ്കൃതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. . അദ്ദേഹത്തിന്‍റെ സംസ്കൃതഗ്രന്ഥങ്ങളെ ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ സംസ്കൃതപണ്ഡിതന്മാര്‍ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. മതപരമായവിഷയങ്ങള്‍ക്ക്‌ പുറമേ സാമുദായികവിഷയങ്ങളിലും സ്വാമികളുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.

മതപരവും സാമുദായികവുമായ സകലമണ്ഡലങ്ങളിലും പ്രശോഭിച്ച അദ്ദേഹം 49 വയസ്സു വരയെ ജീവിച്ചിരുന്നുള്ളൂ എന്നത് മലയാളത്തിന്‍റെ നഷ്ടമാണ്. കൊല്ലവര്‍ഷം 1096 കര്‍ക്കിടകം 23 നു കരുനാഗപ്പള്ളി പുന്നക്കുളം താഴത്തോട്ടത്തു മഠത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയടഞ്ഞു. ആ സമാധിവാര്‍ത്തയറിഞ്ഞെത്തിയ ശ്രീ ചട്ടമ്പിസ്വാമികള്‍ പറഞ്ഞത് ഇപ്രകാരമാണ്. “ബ്രഹ്മാവ്‌ സൃഷ്ടിച്ച ഒരു മഹാലോകം ഇതാ തകര്‍ന്നിരിക്കുന്നു, ഇതു നിങ്ങള്‍ക്ക് വലിയ നഷ്ടം തന്നെയാണ്”. സ്വാമിതിരുവടികള്‍തന്നെയാണ് സ്വശിഷ്യന്‍റെ ശരീരം സമാധിയിരുത്തി ശിവലിംഗപ്രതിഷ്ഠ നടത്തിയത്. ശ്രീ ചട്ടമ്പിസ്വാമികള്‍ നടത്തിയ ആദ്യത്തെയും അവസാനത്തെയും പ്രതിഷ്ഠയായിരുന്നു അത്.

മലയാളത്തിന്‍റെ പരമഹംസന്‍

മലയാളത്തിന്‍റെ പരമഹംസന്‍

ആദിശങ്കരനും തുഞ്ചത്തെഴുത്തച്ഛനും ചട്ടമ്പിസ്വാമികളും നാരായണഗുരുവുമെല്ലാം വിതച്ച ആത്മീയവിത്തുകളാല്‍ പുഷ്ടിപ്പെട്ട മലയാളസംസ്‌കൃതിയില്‍ ആ ശ്രേണിയില്‍പ്പെട്ടിട്ടും ആധുനികബൗദ്ധികമണ്ഡലം വിസ്മരിച്ച ഒരു മഹാത്മാവുണ്ട്. ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍.

പറവൂര്‍ വടക്കേക്കരയില്‍ മഠത്തില്‍ എന്ന കുടുംബത്തില്‍ 1881 ഒക്ടോബര്‍ 19നാണ് സ്വാമികളുടെ ജനനം. തോട്ടത്തില്‍ നാണുക്കുറുപ്പ് എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രസിദ്ധ പണ്ഡിതന്മാരായിരുന്ന മേനാക്കൈയ്മള്‍ വേലുണ്ണിത്താന്‍, മേനാക്കൈയ്മള്‍ കൃഷ്ണനുണ്ണിത്താന്‍, ഓണാക്കയ്മള്‍ കൃഷ്ണനുണ്ണിത്താന്‍ എന്നിവരില്‍ നിന്നും അദ്ദേഹം പ്രാഥമികവിദ്യാഭ്യാസവും മലയാളം, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യവും നേടി. പതിനാലാം വയസ്സില്‍ ശങ്കരഗിരി എന്ന യോഗിയില്‍ നിന്നും ഹഠയോഗം അഭ്യസിക്കുകയും ചെറിയനാണന്‍ എന്ന സന്ന്യാസിയോടൊപ്പം തമിഴ്‌നാട്ടില്‍ തീര്‍ത്ഥാടനം നടത്തുകയും ചെയ്തു. ആറു മാസത്തെ ആ യാത്രക്കിടയില്‍ തമിഴ്ഭാഷ നല്ലവണ്ണം സംസാരിക്കുവാനും സാമാന്യം എഴുതുവാനും വായിക്കുവാനും അദ്ദേഹം പഠിച്ചു. ചിദംബരം ക്ഷേത്രത്തിനടുത്തുള്ള കൊവിലൂര്‍മഠത്തിലെ ശ്രീചിദംബരസ്വാമികളില്‍ നിന്നും ‘കൈവല്യനവനീതം’ എന്ന തമിഴ് വേദാന്തഗ്രന്ഥം ശ്രവിക്കുവാനും ഈ യാത്രയില്‍ അദ്ദേഹത്തിനു സാധിച്ചു. യാത്രയ്ക്ക് ശേഷം തിരികെയെത്തിയ സ്വാമികള്‍ ശാബ്ദികന്‍ ശ്രീ ചേന്നമംഗലം അയ്യാശാസ്ത്രി, വിദ്വാന്‍ രാമുണ്ണി ഇളയത് എന്നിവരില്‍ നിന്നും തര്‍ക്കവ്യാകരണാദിശാസ്ത്രങ്ങള്‍ പഠിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍, കാത്തൊള്ളി അച്യുതമേനോന്‍ മുതലായ പണ്ഡിതകവികളുടെ പരിചയവും വാത്സല്യാനുഗ്രഹങ്ങളും അക്കാലത്ത് അദ്ദേഹം സമ്പാദിച്ചു.

ചേന്ദമംഗലത്ത് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിനു ശ്രീ ചട്ടമ്പിസ്വാമികളെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചത്. സ്വാമികള്‍ ബാലനായ നാണുക്കുറുപ്പിന് പരിപാവനമായ ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നല്‍കിയനുഗ്രഹിച്ചു. ശ്രദ്ധാഭക്തികളോടെ അദ്ദേഹം മൂന്നു മാസം ആറങ്കാവ് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഭജനമിരുന്ന് മന്ത്രസിദ്ധിവരുത്തി. പറവൂര്‍ വടക്കേക്കരയിലെ അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് ഒരു കുളവും അതിന്റെ കരയ്ക്ക് വലിയൊരു കാവുമുണ്ടായിരുന്നു. പകല്‍ സമയം ചട്ടമ്പിസ്വാമികള്‍ ആ കാവിലാണ് വിശ്രമിച്ചിരുന്നത്. ശാസ്ത്രപഠനവും പല പണ്ഡിതന്‍മാര്‍ പങ്കെടുത്തിരുന്ന ചര്‍ച്ചകളും അവിടെയാണ് നടന്നിരുന്നത്. സ്വാമികളില്‍ നിന്നും യോഗശാസ്ത്രത്തിലെ രഹസ്യവിദ്യകള്‍ അഭ്യസിക്കുവാനും ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രങ്ങള്‍, ശ്രീമദ് ഭഗവദ്ഗീതാ എന്നിവ ശാങ്കരഭാഷ്യസഹിതം പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിനുശേഷം ചട്ടമ്പിസ്വാമികള്‍ക്കൊപ്പം ഹിംസ്രജന്തുക്കള്‍ ധാരാളമുള്ള കോടനാട് എന്ന വനപ്രദേശത്ത് കുറച്ചുനാള്‍ അദ്ദേഹം താമസിച്ചു. ആ കാനനവാസത്തിനിടയില്‍ ഒരു തൈപ്പൂയദിവസം സമ്പ്രദായപ്രകാരമുള്ള ദീക്ഷാപൂര്‍വ്വം സ്വാമികള്‍ അദ്ദേഹത്തിനു അതിരഹസ്യമായ മഹാവാക്യോപദേശം നല്‍കിയനുഗ്രഹിച്ചു. ആ പുണ്യദിനത്തില്‍ തോട്ടത്തില്‍ നാണുക്കുറുപ്പ് എന്ന യുവാവ് തീര്‍ത്ഥപാദപരമഹംസര്‍ എന്ന സന്ന്യാസിവര്യനായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ”എത്ര പഠിച്ചാലും, ശാസ്ത്രങ്ങള്‍ ഉരുവിട്ടാലും ഏതു പ്രതിവാദിയെയും ജയിക്കത്തക്ക പാണ്ഡിത്യം സമ്പാദിച്ചാലും സര്‍വ്വസംശയനിവൃത്തിരൂപമായ ഹൃദയഗ്രന്ഥിനാശം സംഭവിക്കുന്നതല്ല. അതിനു അനുഭൂതിസമ്പന്നനായ പരമഗുരുവിന്റെ കൃപാപൂര്‍ണ്ണമായ ഉപദേശം തന്നെ വേണം” എന്നാണ് സ്വാമിജി അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആത്മവിചാരത്താല്‍ പ്രപഞ്ചവിഷയങ്ങളെയെല്ലാം സാക്ഷിസ്വരൂപമായ ആത്മാവില്‍ കല്പിതമാണെന്നറിഞ്ഞ് ആത്മാവിന്റെ സത്യത്വവും പ്രപഞ്ചമിഥ്യാത്വവും തിരിച്ചറിഞ്ഞ് അദ്ദേഹം ജീവന്‍മുക്തനായിത്തീര്‍ന്നു.

ശ്രീ ചട്ടമ്പിസ്വാമികളുടെ പരമ്പരയാ ഉള്ള ആദ്ധ്യാത്മികോപദേശങ്ങള്‍ക്കാണ് തീര്‍ത്ഥപാദസമ്പ്രദായം എന്നു പറയുന്നത്. തീര്‍ത്ഥപാദസമ്പ്രദായത്തിലെ സന്ന്യാസിമാര്‍ക്കായി ഒരു ആശ്രമവ്യവസ്ഥ സ്ഥാപിച്ചത് പരമഹംസസ്വാമികളാണ്. കൊല്ലവര്‍ഷം 1087 ല്‍ അദ്ദേഹം കോട്ടയം ജില്ലയിലെ വാഴൂരില്‍ ‘തീര്‍ത്ഥപാദാശ്രമം’ സ്ഥാപിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശ്രമമാണിത്. ശ്രീ ചട്ടമ്പിസ്വാമികളുടെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി എഴുമറ്റൂരില്‍ ‘പരമഭട്ടാരാശ്രമം’ എന്ന പുണ്യാശ്രമവും അദ്ദേഹം സ്ഥാപിച്ചു. ശ്രീ ചട്ടമ്പിസ്വാമികള്‍ കുലപതിയായും, ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ ആശ്രമാധ്യക്ഷനായും വിജയിച്ചരുളിയ ആ ഗുരുകുലം തീര്‍ത്ഥപാദസമ്പ്രദായത്തിന്റെ കേന്ദ്രസ്ഥാനമായി മാറി. പിന്നീട് അയിരൂരില്‍ പമ്പാതീരത്ത് ഗുരുകുലാശ്രമവും അദ്ദേഹം സ്ഥാപിച്ചു. കാലക്രമേണ പ്രവര്‍ത്തനരഹിതമായെങ്കിലും ഈ ആശ്രമം ഇന്നു ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമം എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം ആരംഭിച്ചത് ശ്രീ തീര്‍ത്ഥപാദസ്വാമികളുടെ നിര്‍ദ്ദേശപ്രകാരമാണ്. വാഴൂര്‍ദേശത്തിന്റെ സമഗ്രവികസനത്തിന് സ്വാമിജി ചെയ്ത പ്രവര്‍ത്തനം നിസ്തുലമാണ്. ആ ദേശത്ത് നിലനിന്നിരുന്ന തെരണ്ടുകുളികല്യാണം, താലികെട്ടുകല്യാണം തുടങ്ങിയ അനാചാരങ്ങളെ ഇല്ലാതെയാക്കി ജനങ്ങളില്‍ ധര്‍മ്മബോധത്തെ വളര്‍ത്തുവാനും സ്വാമിജിക്ക് കഴിഞ്ഞു. സ്വാമികളുടെ പ്രേരണയാല്‍ രണ്ടു സ്‌കൂളുകളും വാഴൂരില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്ഥിതി ചെയ്യുന്ന കുതിരവട്ടം എന്ന പ്രദേശം തീര്‍ത്ഥപാദപുരം എന്നാണ് ഇന്ന് അറിയപ്പെടുന്നത്.

കേരളസമൂഹത്തില്‍ ആദ്ധ്യാത്മികവും സാമുദായികവുമായ പരിവര്‍ത്തനമുളവാക്കുവാന്‍ ഒരു കര്‍മ്മയോഗിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എല്ലാ സമുദായങ്ങളും ഒത്തൊരുമയോടെ പോകണമെന്നും ജാതിവ്യത്യാസങ്ങള്‍ ഇല്ലാതെയായി ഒരേ സംസ്‌കൃതിയുടെ ഭാഗമാകണം എന്നുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ജാതിഭേദം ഇല്ലതെയാകുവാന്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്നും അത് സാദ്ധ്യമാക്കുന്നതിന് ഒരു ‘വിവാഹമഹാസഭ’ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ആശൌചപരിഷ്‌കാരം എന്നിവയിലെല്ലാം സ്വാമിജിയുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അന്നത്തെ പൊതുസമൂഹം സര്‍വ്വാത്മനാ സ്വീകരിക്കുകയാണുണ്ടായത്. ശ്രീനാരായണഗുരു ഈഴവസമുദായത്തെ ഉദ്ധരിച്ചതുപോലെ നായര്‍സമുദായത്തെ തന്റെ പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍ ഉപദേശങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം ഉത്തേജിപ്പിച്ചു. നായര്‍ സമുദായാചാര്യനായ മന്നത്തുപദ്മനാഭന്‍ സ്വാമിജിയുടെ ഗൃഹസ്ഥശിഷ്യനാണ്. സ്വാമികളുടെ പ്രേരണയാലാണ് മന്നം സാമുദായികോന്നമനത്തിനായി പ്രവര്‍ത്തിച്ചത് എന്ന് എടുത്തു പറയേണ്ടതുണ്ട്. പെരുന്നയിലെ ആദ്യ കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം സ്വാമിജി നടത്തിയത് ആ ബന്ധത്തിന്റെ ഊഷ്മളത കാണിക്കുന്നു.

നായര്‍ സമുദായത്തെ ദുരഭിമാനത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ അദ്ദേഹം ‘നായര്‍പുരുഷാര്‍ത്ഥസാധിനീസഭ’ സ്ഥാപിച്ചു. തന്റെ ശിഷ്യയായ ആദ്ധ്യാത്മഭാരതി ശ്രീ ചിന്നമ്മ അവര്‍കളിലൂടെ ‘ഹിന്ദുമഹിളാമന്ദിരം’ സ്ഥാപിച്ച് സ്ത്രീസമുദായോദ്ധരണവും സ്വാമികള്‍ സാദ്ധ്യമാക്കി. ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം കേന്ദ്രമാക്കി ‘അദ്ധ്യാത്മമിഷന്‍’ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചിരുന്നു.

സാമാന്യജനങ്ങള്‍ക്കിടയില്‍ സനാതനധര്‍മ്മപരിചയം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹം കേരളമൊട്ടാകെ സഞ്ചരിച്ച് പ്രസംഗങ്ങള്‍ നടത്തി. ആ മഹാജ്ഞാനി 1114 ചിങ്ങമാസം 26-ാം തീയതി (11-9-1938) ഞായറാഴ്ച പകല്‍ പത്തരമണിക്ക് അന്നത്തെ ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ പ്രദേശമായ ചെറുവള്ളില്‍ പീലിയാനിക്കല്‍ വീട്ടില്‍ വച്ച് വിദേഹമുക്തി പ്രാപിച്ചു. വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ എന്ന ഉത്തമനായ സന്ന്യാസിശിഷ്യനെ പരമ്പരയുടെ സാരഥ്യം ഏല്‍പ്പിച്ചിട്ടാണ് ആ മഹാത്മാവ് ശരീരം ഉപേക്ഷിച്ചത്. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ആദ്ധ്യാത്മികപ്രഭ ശിഷ്യപ്രശിഷ്യരിലൂടെ ഇന്നും പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. ആ മഹാത്മാവിനെ നമുക്ക് മറക്കാതിരിക്കാം. ആ ദിവ്യോപദേശങ്ങളെ നെഞ്ചിലേറ്റാം. ആ പാദപദ്മങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചിടാം.