ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ സന്ന്യാസി ശിഷ്യന്മാരില്‍ യോഗജ്ഞാനാദിവിഷയങ്ങളില്‍ അറിവു കൊണ്ടും അനുഭവം കൊണ്ടും പരമോന്നതനിലയില്‍ വര്‍ത്തിച്ചിരുന്ന ഒരു മഹാത്മാവായിരുന്നു ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍. സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13 നു വാളാനിക്കാട് എന്ന നായര്‍ തറവാട്ടിലാണ് സ്വാമികള്‍ ജനിച്ചത്. പാഴൂര്‍ ഗൃഹത്തിലെ ശ്രീ നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി കല്യാണിയമ്മയുടെയും ആണ്മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. വാളാനിക്കാട്ടു കൊച്ചുനീലകണ്‌ഠപ്പിള്ള എന്നായിരുന്നു അദ്ദേഹത്തെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്.

സ്വാമികള്‍ തന്‍റെ സാമാന്യവിദ്യാഭ്യാസവും ജ്യോതിശ്ശാസ്ത്രപഠനവും പിതാവില്‍ നിന്നാണ് അഭ്യസിച്ചത്‌. അതിനു ശേഷം പ്രൈവറ്റ് സ്കൂളില്‍ ചേര്‍ന്നു ഇംഗ്ലീഷ് പഠനവും തൃപ്പൂണിത്തുറ സ്കൂളില്‍ നിന്നും മിഡില്‍സ്കൂള്‍ പഠനവും നടത്തി. എറണാകുളത്തായിരുന്നു സ്വാമികളുടെ ഹൈസ്കൂള്‍ പഠനം. അക്കാലത്ത് ജ്യേഷ്ഠസഹോദരന്‍റെ കൂടെത്താമസിച്ച് വിഷവൈദ്യവും മന്ത്രപ്രയോഗങ്ങളും പഠിച്ച് വിഷഹരങ്ങളായ മന്ത്രങ്ങള്‍ ജപസിദ്ധി വരുത്തി. അതോടൊപ്പം ബ്രഹ്മശ്രീ ജി. ഭട്ടനില്‍ നിന്നും വാഗ്ഭവം, ശ്രീവിദ്യ, ത്രിപുര തുടങ്ങിയ മന്ത്രങ്ങള്‍ ഗ്രഹിച്ച് സിദ്ധിവരുത്തി കാമ്യോപാസനയിലും അദ്ദേഹം അറിവു നേടി. മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, വിഷനാരായണീയം മുതലായ ഗ്രന്ഥങ്ങള്‍ അക്കാലത്ത് തന്നെ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. വൈഷ്ണവാചാര്യനായ ശ്രീ ശഠകോപാചാര്യരില്‍ നിന്നും വൈഷ്ണവതന്ത്രവും അദ്ദേഹം അഭ്യസിച്ചിരുന്നു.

വിഷവൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹം പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുന്നത്. സ്വപിതാവിന്‍റെ വംശത്തില്‍ പെട്ട ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‍റെ കൂടെയാണ് അദ്ദേഹം സ്വാമിതിരുവടികളെ സന്ദര്‍ശിച്ചത്. വിഷവൈദ്യത്തിലെ ഉന്നതപരിശീലനമായിരുന്നു ആ സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശം. എന്നാല്‍ അവിടെയെത്തിയ കൊച്ചുനീലകണ്‌ഠപ്പിള്ളയോട് സ്വാമിതിരുവടികള്‍ ഇപ്രകാരമാണ് പറഞ്ഞത്.
“കൊച്ചുനീലകണ്‌ഠപ്പിള്ളേ, ഈ സര്‍പ്പവിഷവും മറ്റും നിസ്സാരമാണ്. അതിലെല്ലാം വലുതായി ഒരു വിഷമുണ്ട്, അത് ശമിപ്പിക്കാന്‍ അധികമാളുകളും ശ്രമിച്ചു കാണുന്നില്ല. അതാണ്‌ സംസാരവിഷം. നാമെല്ലാം ആ വിഷത്തില്‍പ്പെട്ടുഴലുകയാണ്. അതു ശമിപ്പിക്കുവാനുള്ള ഉപായമാണ് അറിയേണ്ടത്.”
അന്നത്തെ ആ കൂടിക്കാഴ്ചയില്‍ സ്വാമികള്‍ക്കൊപ്പം ചെന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ ശ്രീ ചട്ടമ്പിസ്വാമികളോട് “ചിത്സ്വരൂപശബ്ദവിവരണം” അരുളിചെയ്യണമെന്നു അപേക്ഷിച്ചു. രണ്ടുമണിക്കൂര്‍ സമയംകൊണ്ടുള്ള സ്വാമിതിരുവടികളുടെ യുക്തിപ്രമാണസഹിതപ്രതിപാദനം ശ്രവിച്ചമാത്രയില്‍ത്തന്നെ ശ്രീനീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ക്ക് അദ്ദേഹത്തോട് അതിരറ്റ ഭക്തിബഹുമാനങ്ങള്‍ ഉണ്ടായി. സ്വാമിതിരുവടികളുമായുള്ള ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ശ്രീനീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ശ്രദ്ധ ആദ്ധ്യാത്മികഗ്രന്ഥപഠനത്തിലേക്ക് തിരിഞ്ഞു. അതിനുശേഷം സ്വാമിതിരുവടികളെ നീലകണ്‌ഠസ്വാമികള്‍ സ്ഥിരം സന്ദര്‍ശിക്കുമായിരുന്നു. സ്വാമിതിരുവടികള്‍ അദ്ദേഹത്തിനു യോഗമാര്‍ഗ്ഗത്തിലെ രഹസ്യമായ വിദ്യകള്‍ പലതും ഉപദേശിച്ചുകൊടുത്തു.

യോഗാഭ്യാസത്തില്‍ ദാര്‍ഢൃം വന്നതോടു കൂടി സ്വാമിതിരുവടികള്‍ അദ്ദേഹത്തെ ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് നയിച്ചു. നിരവധി വേദാന്തഗ്രന്ഥങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി. അങ്ങനെ പഠിച്ചു വരവേ സ്വാമിതിരുവടികളുടെ അനുഗ്രഹബലത്താല്‍ തത്ത്വമസീമഹാവാക്യസാക്ഷാത്കാരമുണ്ടായി ജീവന്മുക്തനായിത്തീര്‍ന്നു. ജീവന്മുക്തിയെ പ്രാപിച്ചെങ്കിലും പ്രാരബ്ധാനുസാരിയായി തന്‍റെ സഞ്ചാരവും പഠനങ്ങളും അദ്ദേഹം തുടര്‍ന്നു. മുപ്പത്തിനാല് വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം ഭാരതമൊട്ടാകെ സഞ്ചരിച്ച് നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, പുണ്യസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും പ്രമുഖ പണ്ഡിതശ്രേഷ്ഠന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. നിരവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു, ശ്രീ ശിവപ്രസാദവിദ്യാഭാരതി, അദ്വൈതവിദ്യാപണപരമാനന്ദനാഥന്‍ ശ്രീ പന്നിശ്ശേരി നാണുപിള്ള, സച്ചിദാനന്ദബ്രഹ്മേന്ദ്രന്‍, ശ്രീ ആത്മയോഗിനിയമ്മ, ശ്രീ ചിദ്വിലാസിനി, ശ്രീ തച്ചുടയക്കയ്മള്‍, ശ്രീ ചിദ്രസാഭരണന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്.

വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷ, കണ്ഠാമൃതം, ബ്രഹ്മാഞ്ജലി, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട മലയാളകൃതികള്‍. സ്തവരത്നഹാരം, അദ്വൈതപാരിജാതം, യോഗരഹസ്യകൌമുദി, കണ്ഠാമൃതാര്‍ണ്ണവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി, ആത്മാമൃതം, തുടങ്ങി അനേകം സംസ്കൃതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. . അദ്ദേഹത്തിന്‍റെ സംസ്കൃതഗ്രന്ഥങ്ങളെ ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ സംസ്കൃതപണ്ഡിതന്മാര്‍ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. മതപരമായവിഷയങ്ങള്‍ക്ക്‌ പുറമേ സാമുദായികവിഷയങ്ങളിലും സ്വാമികളുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.

മതപരവും സാമുദായികവുമായ സകലമണ്ഡലങ്ങളിലും പ്രശോഭിച്ച അദ്ദേഹം 49 വയസ്സു വരയെ ജീവിച്ചിരുന്നുള്ളൂ എന്നത് മലയാളത്തിന്‍റെ നഷ്ടമാണ്. കൊല്ലവര്‍ഷം 1096 കര്‍ക്കിടകം 23 നു കരുനാഗപ്പള്ളി പുന്നക്കുളം താഴത്തോട്ടത്തു മഠത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയടഞ്ഞു. ആ സമാധിവാര്‍ത്തയറിഞ്ഞെത്തിയ ശ്രീ ചട്ടമ്പിസ്വാമികള്‍ പറഞ്ഞത് ഇപ്രകാരമാണ്. “ബ്രഹ്മാവ്‌ സൃഷ്ടിച്ച ഒരു മഹാലോകം ഇതാ തകര്‍ന്നിരിക്കുന്നു, ഇതു നിങ്ങള്‍ക്ക് വലിയ നഷ്ടം തന്നെയാണ്”. സ്വാമിതിരുവടികള്‍തന്നെയാണ് സ്വശിഷ്യന്‍റെ ശരീരം സമാധിയിരുത്തി ശിവലിംഗപ്രതിഷ്ഠ നടത്തിയത്. ശ്രീ ചട്ടമ്പിസ്വാമികള്‍ നടത്തിയ ആദ്യത്തെയും അവസാനത്തെയും പ്രതിഷ്ഠയായിരുന്നു അത്.