ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമം

തീര്‍‍ത്ഥപാദസമ്പ്രദായത്തിന്റെ കുലഗുരുവായ പരമപൂജ്യ ശ്രീ വിദ്യാധിരാജ തീര്‍‍ത്ഥപാദചട്ടമ്പിസ്വാമിതിരുവടികളുടെ ആദ്ധ്യാത്മിക ഉപദേശങ്ങളും നവോത്ഥാന ആശയങ്ങളും ലോകാനുഗ്രഹപരമായ പ്രസ്ഥാനങ്ങളില്‍കൂടി ജനസാമാന്യത്തിന്‌ പ്രയോജനകരമാക്കിത്തീര്‍‍ക്കുക എന്ന ലക്ഷ്യത്തോടുകൂടി അവിടുത്തെ ശിഷ്യപ്രധാനികളില്‍ ഒരാളായ ശ്രീമത് തീര്‍‍ത്ഥപാദപരമഹംസസ്വാമികള്‍ അയിരൂരില്‍ സ്ഥാപിച്ചതാണ് ഗുരുകുലാശ്രമം. ശ്രീ ചട്ടമ്പിസ്വാമികള്‍ തന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് എഴുമറ്റൂര്‍‍ തീര്‍ത്ഥപാദാശ്രമത്തില്‍ വിശ്രമിക്കാന്‍ എത്തിയ അവസരത്തില്‍ വള്ളത്തില്‍ വന്നിറങ്ങിയ പമ്പാനദീതീരത്താണ് ഈ ആശ്രമം സ്ഥി‍തി ചെയ്യുന്നത്. കാലാന്തരത്തില്‍ ആശ്രമം അന്യാധീനപ്പെട്ടുപോയെങ്കിലും ഈശ്വരേച്ഛയാലും ഗുരുപരമ്പരയുടെ അനുഗ്രഹത്താലും ആ പുണ്യഭൂമി തിരികെ ലഭിച്ചു. ആശ്രമസങ്കേതം പ്രയോജനപ്പെടുത്തി സ്വാമിജിയുടെ സങ്കല്പം സഫലമാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യപരമ്പരയില്‍ പെട്ടവര്‍‍ രൂപീകരിച്ചതാണ് ശ്രീവിദ്യാധിരാജഗുരുകുലാശ്രമം ട്രസ്റ്റ്. സ്വാമിജിയുടെ സങ്കല്പം ശ്രീമുഖത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“പരിപാവനമായ ഭാരതവര്‍ഷത്തിലെ ലോകോത്തരമഹത്തരമായ അമൂല്യസമ്പത്ത് ബ്രഹ്മാത്മൈക്യ അദ്വൈതജ്ഞാനസിദ്ധാന്തമാകുന്നു. ആ സിദ്ധാന്തത്തിന്റെ പ്രക്രിയകളേയും പാരിപാടികങ്ങളായ പരിശീലനങ്ങളെയും പരിപാലിച്ച് കൊണ്ടുപോകാനാണ്‌ നമുക്ക് ആശ്രമങ്ങളും ജീവിതം തന്നെയും ഉണ്ടായിരിക്കേണ്ടത്. ‘മനുഷ്യരെ ആത്മാവില്‍ ഉയര്‍ത്തി നിര്‍ത്തുക’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. സനാതനധര്‍മ്മത്തിന്റെ സാരസര്‍വ്വസ്വമായ തത്ത്വമസി മഹാവാക്യത്തിന്റെ‌ ലക്ഷ്യാര്‍ത്ഥമാണത്.”

മേല്‍പറഞ്ഞ ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ട്രസ്റ്റിന്റെ ഉദ്ദേശ്യലക്‌ഷ്യം. വ്യക്തികളില്‍ ആദ്ധ്യാത്മികവും, ലൌകികവുമായ ധര്‍മ്മബോധം ഉളവാക്കുക, സത്സംഗങ്ങള്‍, സാധനാപരിശീലനങ്ങള്‍, പഠനശിബിരങ്ങള്‍ ആദിയായവ സംഘടിപ്പിക്കുക, അധീതി, ബോധം, ആചരണം, പ്രചാരണം എന്നിവയിലൂടെ ഈശ്വരതത്വത്തെ ഗ്രഹിക്കുന്നതിനും സാക്ഷാത്കരിക്കുന്നതിനും ഉള്ള മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുക, പൊതുജനങ്ങള്‍ക്കായി ധ്യാനമന്ദിരം, ലൈബ്രറി തുടങ്ങിയവ സ്ഥാപിക്കുക, വേദോപനിഷത്തുകള്‍, പുരാണങ്ങള്‍, സംസ്കൃതഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ മുതലായവ നടത്തുക, ആശ്രമത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിക്കു വേണ്ടിയുള്ള കാര്യാദികള്‍‍ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ആണ് ട്രസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശ്രീ തീര്‍ത്ഥപാദാശ്രമം അധ്യക്ഷന്‍ ഈ ട്രസ്റ്റിന്റെ ആചാര്യനും രക്ഷാധികാരിയുമാണ്‌.

 

ട്രസ്റ്റ് അംഗങ്ങള്‍

  • ശ്രീ ചിദ്വിലാസിനി ദേവി (മാനേജിംഗ് ട്രസ്റ്റി)
  • ശ്രീ മുരളീധരന്‍ പിള്ള കെ.എം. (വര്‍ക്കിംഗ് പ്രസിഡന്റ്)
  • ശ്രീ ഹരികൃഷ്ണന്‍ (ജനറല്‍സെക്രട്ടറി)
  • ശ്രീ ഉമേഷ്‌കുമാര്‍‍ എ. എം (ട്രഷറര്‍‍)
  • ശ്രീ രാമചന്ദ്രന്‍ പിള്ള (സെക്രട്ടറി)

അക്കൗണ്ട്‌ വിവരങ്ങള്‍:

Account name: Sree Vidyadhiraja Gurukulasramam Trust
Account Number: 09170100014016
Bank Name: Bank of Baroda, Thiruvalla Branch
IFSC: BARB0TIRALL (Please note that the 5th letter in IFSC is a zero.)

ബന്ധപ്പെടാന്‍:

ജനറല്‍സെക്രട്ടറി
Phone: +91 9947107211
Email: [email protected], [email protected]