വേദാന്തദര്‍ശനത്തെയും ദ്രാവിഡാചാര്യന്മാരുടെ ശിവാദ്വൈതത്തെയും കൂട്ടിയിണക്കുന്ന ജ്ഞാനസമ്പ്രദായത്തില്‍പ്പെട്ട അതിവര്‍ണ്ണാശ്രമിയായ ആചാര്യനായിരുന്നു പരമഭട്ടാരക ശ്രീ വിദ്യാധിരാജതീര്‍ത്ഥപാദ ചട്ടമ്പിസ്വാമിതിരുവടികള്‍. മലയാളദേശത്ത് അദ്ദേഹത്താല്‍ ഉപദേശിക്കപ്പെട്ടതും നടപ്പില്‍ വരുത്തിയതുമായ ജ്ഞാനസമ്പ്രദായമാണ് തീര്‍ത്ഥപാദസമ്പ്രദായം എന്നറിയപ്പെടുന്നത്.
വ്യാസന്‍, ഗൌഡപാദര്‍, ശ്രീശങ്കരന്‍ തുടങ്ങിയവരാല്‍ സിദ്ധാന്തമായി സ്ഥാപിക്കപ്പെട്ട വൈദികാദ്വൈതസമ്പ്രദായത്തിന്റെയും ദ്രാവിഡാചാര്യന്മാരാല്‍ സ്ഥാപിക്കപ്പെട്ട ശൈവാദ്വൈതമതത്തിന്റെയും സാരസര്‍വ്വസ്വമായ ജ്ഞാനയോഗത്തിനാണ് ഈ സമ്പ്രദായത്തില്‍ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഈ സമ്പ്രദായത്തിലെ മുഖ്യമായ സിദ്ധാന്തം അദ്വൈതജ്ഞാനമാകുന്നു.
ചട്ടമ്പിസ്വാമിതിരുവടികളാല്‍ സ്ഥാപിതമായ തീര്‍ത്ഥപാദപരമ്പരയിലൂടെയാണ് കേരളത്തിന്‍റെ ആദ്ധ്യാത്മികനവോത്ഥാനത്തിനു നാന്ദികുറിക്കപ്പെട്ടത്. ശ്രീ ചട്ടമ്പിസ്വാമിതിരുവടികളും, അദ്ദേഹത്തിന്റെ മുഖ്യസന്ന്യാസിശിഷ്യന്മാരായ ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ എന്നിവരുമായിരുന്നു തീര്‍ത്ഥപാദപരമ്പരയുടെ കുലപതികളായി ഇരുന്നത്. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ മഹാസമാധിക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ സമ്പ്രദായത്തിന്റെ പരമാചാര്യനും കുലപതിയുമായി. സ്വാമിജിക്ക് ശേഷം ശ്രീ ചിത്സ്വരൂപതീര്‍ത്ഥപാദസ്വാമികള്‍ ആശ്രമാധ്യക്ഷനായി. അദ്ദേഹത്തിനുശേഷം ശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദസ്വാമികള്‍ അധ്യക്ഷനായി.