ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍

ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ സന്ന്യാസിശിഷ്യന്മാരില്‍ അറിവു കൊണ്ടും അനുഭവം കൊണ്ടും പരമോന്നതനിലയില്‍ വര്‍ത്തിച്ചിരുന്ന ഒരു മഹാത്മാവായിരുന്നു ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍. സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. സംസ്കൃതത്തിലും മലയാളത്തിലും എന്നു മാത്രമല്ല ഇതരഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. കവി, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും അദ്ദേഹം ശോഭിച്ചിരുന്നു. അദ്ദേഹത്തിന്റെ സംസ്കൃതഗ്രന്ഥങ്ങളെ ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ സംസ്കൃതപണ്ഡിതന്മാര്‍ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13 നു വാളാനിക്കാട് എന്ന നായര്‍ തറവാട്ടിലാണ് സ്വാമികള്‍ ജനിച്ചത്. സ്വാമികളുടെ പിതാവിന്റെ കുടുംബക്കാര്‍ ജ്യോതിശ്ശാസ്ത്രത്തിലും മര്‍മ്മവിദ്യയിലും നൈപുണ്യം നേടിയവരായിരുന്നു. കൂടാതെ വിഷവൈദ്യം, മന്ത്രവിദ്യ മുതലായവ പാരമ്പര്യമായിത്തന്നെ വാളാനിക്കാട് കുടുംബത്തില്‍ നടന്നുവന്നിരുന്നു.

വിഷവൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹം പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുന്നത്. സ്വാമികളിലും നിന്നും അദ്ദേഹം യോഗശാസ്ത്രത്തിലെ വിദ്യകളും ജ്ഞാനസാധനകളും അഭ്യസിച്ചു. നിരവധി വേദാന്തഗ്രന്ഥങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി. അങ്ങനെ പഠിച്ചു വരവേ സ്വാമിതിരുവടികളുടെ അനുഗ്രഹബലത്താല്‍ തത്ത്വമസീമഹാവാക്യസാക്ഷാത്കാരമുണ്ടായി ജീവന്മുക്തനായിത്തീര്‍ന്നു .

മുപ്പത്തിനാല് വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം ഭാരതമൊട്ടാകെ സഞ്ചരിച്ച് നിരവധി തീര്‍‍ത്ഥാടനകേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, പുണ്യസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും പ്രമുഖ പണ്ഡിതശ്രേഷ്ഠന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. നിരവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു,

വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷ, കണ്ഠാമൃതം, ബ്രഹ്മാഞ്ജലി, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മലയാളകൃതികള്‍. സ്തവരത്നഹാരം, അദ്വൈതപാരിജാതം, യോഗരഹസ്യകൌമുദി, കണ്ഠാമൃതാര്‍ണ്ണതവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി, ആത്മാമൃതം, തുടങ്ങി അനേകം സംസ്കൃതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കൊല്ലവര്‍ഷം 1096 കര്‍ക്കടകം 23 നു കരുനാഗപ്പള്ളി പുന്നക്കുളം താഴത്തോട്ടത്തു മഠത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയടഞ്ഞു.