ശ്രീ തീര്‍‍ത്ഥപാദപരമഹംസസ്വാമികള്‍

ശ്രീചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായ മറ്റൊരു മഹാത്മാവായിരുന്നു ശ്രീതീര്‍‍ത്ഥപാദപരമഹംസസ്വാമികള്‍. പറവൂര്‍‍ വടക്കേക്കര ‘മഠത്തില്‍’ എന്ന നായര്‍‍ പ്രഭുകുടുംബത്തില്‍ കൊല്ലവര്‍ഷം 1057 തുലാമാസം നാലാം തീയതി പൂരം നക്ഷത്രത്തിലാണ് സ്വാമികളുടെ ജനനം. നാണുക്കുറുപ്പ് എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പ്രസിദ്ധ പണ്ഡിതനായിരുന്ന മേനാക്കൈയ്മള്‍ വേലുണ്ണിത്താന്‍, മേനാക്കൈയ്മള്‍ കൃഷ്ണനുണ്ണിത്താന്‍ എന്നിവരില്‍ നിന്നും പ്രാരംഭവിദ്യാഭ്യാസവും സംസ്കൃതപഠനവും നടത്തി. കൂടാതെ മലയാളം, സംസ്കൃതം എന്നീ ഭാഷകളിലും ആ ഭാഷയിലുള്ള കാവ്യനാടകാദികള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങിയവയിലും ചെറുപ്പത്തില്‍ തന്നെ അദ്ദേഹം വൈദഗ്ദ്ധ്യം സമ്പാദിച്ചു. ശ്രീശങ്കരഗിരിസ്വാമികള്‍ എന്ന മഹായോഗിയില്‍ നിന്നും ഹഠയോഗം പരിശീലിച്ചു. ധൌതി, വസ്തി, നേതി, ത്രാടകം, നൌലികം, കപാലഭാതി, എന്നീ ശരീരശുദ്ധികരങ്ങളായ ഷട്കര്‍മ്മങ്ങളും, സൂര്യഭേദം, ഉജ്ജായി, സീല്കാരി, ശീതളി, തുടങ്ങിയ കുംഭകങ്ങളും ശ്രീ ശങ്കരഗിരി അദ്ദേഹത്തെ പരിശീലിപ്പിച്ചു.

പിന്നീട് ‘ചെറിയനാണന്‍’ എന്നറിയപ്പെട്ടിരുന്ന ഒരു സന്ന്യാസിയുമായി സ്വാമി പരിചയപ്പെട്ടു. അദ്ദേഹത്തോടൊപ്പം ചിദംബരം മുതലായ പുണ്യസ്ഥലങ്ങളും പല സ്വാമിയാര്‍മഠങ്ങളും സ്വാമികള്‍ സന്ദര്‍ശിച്ചു. യാത്രയ്ക്ക് ശേഷം തിരികെയെത്തിയ സ്വാമികള്‍ ശാബ്ദികന്‍ ശ്രീ ചേന്നമംഗലം അയ്യാശാസ്ത്രി, വിദ്വാന്‍ രാമുണ്ണി ഇളയത് എന്നീ പണ്ഡിതന്മാരില്‍ നിന്നും യഥാക്രമം തര്‍ക്കവ്യാകരണാദിശാസ്ത്രങ്ങളും കാവ്യനാടകാലങ്കാരങ്ങളും പഠിച്ചു. അവിടെ നിന്നും രഘുവംശം, മാഘം നൈഷധം മുതലായ കാവ്യങ്ങളും ഭോജപ്രബന്ധം, രാമായണചമ്പു, ഭാരതചമ്പു മുതലായ ഗദ്യപദ്യാത്മകങ്ങളായ ഗ്രന്ഥങ്ങളും, കുവലയാനന്ദം, കാവ്യാദര്‍ശം മുതലായ അലങ്കാരഗ്രന്ഥങ്ങളും പ്രവേശകം എന്ന വ്യാകരണഗ്രന്ഥവും അദ്ദേഹം അഭ്യസിച്ചു. കൊടുങ്ങല്ലൂര്‍‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, കാത്തൊള്ളി അച്യുതമേനോന്‍ മുതലായ പണ്ഡിതകവികളുടെ പരിചയവും വാത്സല്യാനുഗ്രഹങ്ങളും അക്കാലത്ത് അദേഹം സമ്പാദിച്ചു.

ചേന്നമംഗലത്ത് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് സ്വാമികള്‍ക്ക് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചത്. അദ്ദേഹത്തില്‍ നിന്നും പരിപാവനമായ ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ ലഭിക്കുകയും ചേന്നമംഗലം ആറങ്കാവ് സുബ്രഹ്മണ്യക്ഷേത്രത്തില്‍ മൂന്നരമാസം ഭജനം ഇരുന്നു ജപസിദ്ധി വരുത്തുകയും സുബ്രഹ്മണ്യദര്‍ശനം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ശ്രീ ചട്ടമ്പിസ്വാമികളില്‍ നിന്നും യോഗവിദ്യകളും, ശാങ്കരഭാഷ്യസഹിതം വേദാന്തഗ്രന്ഥങ്ങളും ജ്ഞാനസാധനകളും അഭ്യസിച്ചു. മൂലബന്ധം, ജാലന്ധരബന്ധം, ഉഡ്ഡ്യാണബന്ധം, മഹാമുദ്ര, മഹാബന്ധം, മഹാവേധം, ഖേചരീ എന്നിവ സ്വാമിജി ഗുരുനാഥനില്‍ നിന്നും പരിശീലിച്ചു. പിന്നീട് സ്വാമികള്‍ക്കൊപ്പം കോടനാട് വനത്തില്‍ താമസിക്കുകയും അവിടെവച്ച് സാമ്പ്രദായികമായ മഹാവാക്യോപദേശം നേടി ആത്മവിചാരത്താല്‍ പ്രപഞ്ചവിഷയങ്ങളെയെല്ലാം സാക്ഷിസ്വരൂപമായ ആത്മാവില്‍ കല്പിതമാണെന്നറിഞ്ഞ് ആത്മാവിന്റെ സത്യത്വവും പ്രപഞ്ചമിഥ്യാത്വവും തിരിച്ചറിഞ്ഞ് ജീവന്മുക്തിയെ പ്രാപിക്കുകയും ചെയ്തു.

കൊല്ലവര്‍ഷം 1087 ല്‍ അദ്ദേഹം വാഴൂരില്‍ ‘തീര്‍‍ത്ഥപാദാശ്രമം’ സ്ഥാപിച്ചു. വാഴൂര്‍ദേശത്തിന്റെ സമഗ്രവികസനത്തിന് സ്വാമിജി ചെയ്ത പ്രവര്‍ത്തനം നിസ്തുലമാണ്. ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി സ്വാമിജി എഴുമറ്റൂരില്‍ ഒരു പുണ്യാശ്രമം സ്ഥാപിച്ചു. സ്വാമിതിരുവടികളുടെ പരിപാവനകരങ്ങളാല്‍ത്തന്നെയാണ് ആ ആശ്രമം ഉത്ഘാടനം ചെയ്യപ്പെട്ടത്. അയിരൂര്‍‍ ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം ആരംഭിക്കുവാനുള്ള പ്രചോദനവും സ്വാമികളാണ്. അയിരൂരില്‍ പമ്പാതീരത്ത് ഗുരുകുലാശ്രമം എന്ന പേരില്‍ അദ്ദേഹം സ്ഥാപിച്ച ആശ്രമം ആണ് ഇന്ന് ശ്രീവിദ്യാധിരാജഗുരുകുലാശ്രമം എന്ന പേരില്‍ പുനരുജ്ജീവിക്കപ്പെട്ടിരിക്കുന്നത്.

പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയിലൂടെ മതപരവും സാമുദായികവും സാമൂഹികവുമായ പല വിഷയങ്ങളിലും സ്വാമികള്‍ സാമാന്യജനങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്നു. ആ മഹാജ്ഞാനി 1114 ചിങ്ങമാസം 26-ാം തീയതി (11-9-1938) ഞായറാഴ്ച പകല്‍ പത്തരമണിക്ക് അന്നത്തെ ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ പ്രദേശമായ ചെറുവള്ളില്‍ പീലിയാനിക്കല്‍ വീട്ടില്‍ വച്ച് വിദേഹമുക്തി പ്രാപിച്ചു. അദ്ദേഹത്തിന്‍റെ ജീവചരിത്രം ‘ശ്രീ തീര്‍‍ത്ഥപാദപരമഹംസസ്വാമികള്‍’ എന്ന പേരില്‍ ശ്രീവിദ്യാനന്ദതീര്‍‍ത്ഥപാദസ്വാമികള്‍ രചിച്ചിട്ടുണ്ട്.

മലയാളത്തിലും സംസ്കൃതത്തിലും അനേകം കൃതികളും, ഉപന്യാസങ്ങളും സ്വാമിജി രചിച്ചിട്ടുണ്ട്. സന്ന്യാസിമാരായും ഗൃഹസ്ഥന്മാരായും സ്വാമികള്‍ക്കു അനേകം ശിഷ്യരുമുണ്ടായിരുന്നു. അവയില്‍ പ്രധാനി സ്വാമിജിയുടെ മഹാസമാധിക്കു ശേഷം തീര്‍‍ത്ഥപാദപരമ്പരയുടെ പരമാചാര്യനായ ശ്രീവിദ്യാനന്ദതീര്‍‍ത്ഥപാദസ്വാമികളാണ്.