പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍

ശ്രീ തീര്‍ത്ഥപാദസന്ന്യാസ സമ്പ്രദായാദ്യസദ്ഗുരും
ശ്രീമദ്‌വിദ്യാധിരാജാഖ്യതീര്‍ത്ഥപാദയതിം ഭജേ.

കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണിനാളില്‍ (1853 ഓഗസ്റ്റ്‌ 25) അനന്തപുരിയിലെ കൊല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച സ്വാമികള്‍, അയ്യപ്പന്‍ എന്നും കുഞ്ഞന്‍പി‍ള്ളയെന്നുമാണ് അറിയപ്പെട്ടിരുന്നത്. പേട്ടയില്‍ ശ്രീ രാമന്‍പിള്ള ആശാന്റെ പള്ളിക്കൂടത്തില്‍ നിന്നും സംസ്കൃതം, തമിഴ്, സംഗീതം എന്നിവ അഭ്യസിച്ചു ചട്ടമ്പി (മോണിട്ടര്‍) ആയി.

അജ്ഞാതനാമാവായ ഒരു മഹാപുരുഷനില്‍ നിന്നും ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നേടുകയും ആ സിദ്ധമന്ത്രത്തിന്റെ ജപസിദ്ധിയാല്‍ സഗുണബ്രഹ്മപ്രാപ്തി നേടുകയും ചെയ്തശേഷം അദ്ദേഹം തയ്ക്കാട്ട് അയ്യാവ് എന്ന യോഗിയില്‍ നിന്നും ഹഠയോഗവും മരുത്വാമലയില്‍ ഉണ്ടായിരുന്ന ‘കുമാരവേലു’ എന്ന ആത്മാനന്ദസ്വാമികളില്‍ നിന്നും യോഗശാസ്ത്രത്തിലെ രഹസ്യവിദ്യകളും, ശ്രീ സ്വാമിനാഥദേശികനില്‍ നിന്നും തമിഴ് ഗ്രന്ഥങ്ങളും, ബ്രഹ്മനിഷ്ഠനായ ശ്രീ സുബ്ബാജടാപാഠികളില്‍ നിന്നും വേദാന്തവും അഭ്യസിച്ചു. കൂടാതെ സംഗീതം, വാദ്യം, മുതലായ കലകള്‍, കായകല്പം, കായികാഭ്യാസം, മന്ത്രതന്ത്രാദികള്‍ മുതലായവയില്‍ എല്ലാം തന്നെ ചെറിയ കാലയളവ് കൊണ്ട് സ്വാമികള്‍ നൈപുണ്യം നേടി. ഇസ്ലാം മതം, ക്രിസ്തുമതം തുടങ്ങിയ ഇതരമതങ്ങളിലും അദ്ദേഹം അറിവു സമ്പാദിച്ചിരുന്നു. തമിഴ്നാട്ടിലെ വടിവീശ്വരം എന്ന സ്ഥലത്ത് വച്ച് ഒരു അവധൂതമഹാത്മാവില്‍ നിന്നും ജ്ഞാനദീക്ഷ നേടി ജീവന്മുക്തനായിത്തീര്‍ന്നു .

കേരളത്തിന്റെ ആദ്ധ്യാത്മികവും സാമുദായികവുമായ നവോത്ഥാനത്തിനു സ്വയവും ശിഷ്യപ്രശിഷ്യരിലൂടെയും സ്വാമികള്‍ കാരണമായി. ഷണ്മുഖദാസന്‍, വിദ്യാധിരാജന്‍, ബാലഭട്ടാരകന്‍, തുടങ്ങിയ പല നാമധേയങ്ങളിലും സ്വാമിതിരുവടികള്‍ അറിയപ്പെട്ടു. സകലശാസ്ത്രപാരംഗതനും ബ്രഹ്മജ്ഞാനിയുമായിരുന്ന സ്വാമികള്‍ അവധൂതവൃത്തിയിലാണ് കഴിഞ്ഞിരുന്നത്.

അദ്വൈതചിന്താപദ്ധതി, പ്രാചീനമലയാളം, വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, ക്രിസ്തുമതഛേദനം, ആദിഭാഷ, ശ്രീചക്രപൂജാകല്പം തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാന കൃതികള്‍. കൊല്ലവര്‍ഷം 1099 മേടം 23നു (1924 മേയ് 5) പന്മനയില്‍ വച്ച് ആ മഹാനുഭാവന്‍ വിദേഹമുക്തിയെ പ്രാപിച്ചു.