ശ്രീ പ്രജ്ഞാനാനന്ദതീര്‍‍ത്ഥപാദസ്വാമികള്‍

1999 മുതല്‍ തീര്‍‍ത്ഥപാദാശ്രമങ്ങളുടെ അദ്ധ്യക്ഷനായിരിക്കുന്നത് ശ്രീവിദ്യാനന്ദതീര്‍‍ത്ഥപാദസ്വാമികളുടെ സന്ന്യാസിശിഷ്യനായ ശ്രീ പ്രജ്ഞാനാനന്ദതീര്‍‍ത്ഥപാദസ്വാമികളാണ്. ബാലചന്ദ്രന്‍ എന്നായിരുന്നു പൂര്‍വ്വാമശ്രമത്തിലെ പേര്. ചെറുപ്പം മുതല്‍ തന്നെ വാഴൂര്‍‍ തീര്‍‍ത്ഥപാദാശ്രമവുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 1977ല്‍ ശ്രീവിദ്യാനന്ദസ്വാമിജി അദ്ദേഹത്തിനു മന്ത്രോപദേശവും പ്രജ്ഞാനചൈതന്യ എന്ന പേരില്‍ ബ്രഹ്മചര്യദീക്ഷയും നല്കി. സ്വാമിജിയില്‍ നിന്നും ആദ്ധ്യാത്മികസാധന പരിശീലിക്കുകയും വേദാന്തപഠനം നടത്തുകയും ചെയ്തു. 1984ല്‍ വിദ്യാനന്ദസ്വാമിജിയില്‍ നിന്നും സന്ന്യാസദീക്ഷ നേടിയ അദ്ദേഹം കുറച്ച് നാള്‍ ആശ്രമത്തിന്റെ ഖജാന്‍ജിയായും സേവനമനുഷ്ഠിച്ചിരുന്നു.

സ്വാമിജിയുടെ മഹാസമാധിക്കു ശേഷം കാശി, ഋഷികേശ് തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ താമസിച്ചു ശാസ്ത്രപഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ഋഷികേശിലുള്ള ഹരിഹരകൈലാസാശ്രമത്തിലെ ആചാര്യനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ശ്രീ ചിത്സ്വരൂപതീര്‍‍ത്ഥപാദസ്വാമികളുടെ മഹാസമാധിക്കു ശേഷം വാഴൂര്‍‍ തീര്‍ത്ഥപാദാശ്രമത്തിന്റെ അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. അയിരൂര്‍‍ ഗുരുകുലാശ്രമത്തിന്റെ രക്ഷാധികാരിയും സ്വാമിജിയാണ്.