ശ്രീവിദ്യാനന്ദസ്വാമിജിയുടെ മഹാസമാധിക്കു ശേഷം അദ്ദേഹത്തിന്റെ സന്ന്യാസിശിഷ്യനായ ശ്രീ ചിത്സ്വരൂപതീര്‍ത്ഥപാദസ്വാമികള്‍ ആശ്രമാദ്ധ്യക്ഷനായി. ചെറുവള്ളി സ്വദേശിയായിരുന്ന ഇദ്ദേഹം സാത്വികനും ഭക്തനുമായിരുന്നു. മലയാളം, സംസ്കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം ലൌകികവിഷയങ്ങളില്‍ വിരക്തനായിരുന്നു. ഗോപാലന്‍ നായര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്.
ശ്രീകൃഷ്ണഭക്തനായിരുന്ന അദ്ദേഹം നാലഞ്ചുവര്‍ഷം ആറന്മുളക്ഷേത്രത്തില്‍ തപശ്ചര്യകളോടെ കഴിഞ്ഞിരുന്നു. ശ്രീവിദ്യാനന്ദസ്വാമിജിയുമായുള്ള സന്ദര്‍ശനം അദ്ദേഹത്തില്‍ ആദ്ധ്യാത്മികമായ പ്രചോദനമുണ്ടാക്കി. അദ്ദേഹം സ്വാമിജിയില്‍ നിന്നും വിവിധ ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുകയും കൊല്ലവര്‍ഷം 1127ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കേന്ദ്രീകരിച്ച് സത്സംഗങ്ങള്‍, ഭജന, ധര്‍മ്മപ്രഭാഷണങ്ങള്‍ എന്നിവയും അദ്ദേഹം നടത്തിയിരുന്നു. കേരളത്തില്‍ ഉടനീളം അദ്ദേഹത്തിനു നിരവധി ഭക്തരും ആരാധകരും ഇപ്പോഴുമുണ്ട്.
അദേഹത്തിനു വേണ്ടി കൊട്ടാരക്കരയില്‍ ബ്രഹ്മവിദ്യാമഠം എന്ന ആശ്രമവും ചെറുകോല്‍പുഴയില്‍ നാരദാശ്രമവും ശിഷ്യര്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഭാരതത്തിലുള്ള അനേകം പുണ്യസ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. 1999ല്‍ അദ്ദേഹം മഹാസമാധിയായി.