“അപ്പനേ, സാധാരണ ഞാനിരിക്കുകയും നീ നില്‍ക്കുകയുമാണ് പതിവ്. ഇന്നിതാ നീയിരിക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നു”.  മഹാസമാധിസ്ഥനായ തന്‍റെ ശിഷ്യന്‍ ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ചരമശരീരത്തിനു മുന്നില്‍ നിന്നുകൊണ്ട് ആനന്ദാശ്രുക്കളോടെ  ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ പറഞ്ഞ വാക്കുകളാണിത്. 1921 ഓഗസ്റ്റ് 7നു, കര്‍ക്കിടകമാസത്തിലെ ഉത്രം നാളിലാണ് കരുനാഗപ്പള്ളി താഴത്തോട്ടത്തുമഠത്തില്‍ വച്ച് തന്‍റെ നാല്പത്തിയൊന്പതാം വയസ്സില്‍ ചട്ടമ്പിസ്വാമികളുടെ  സന്ന്യാസിശിഷ്യനും മഹാജ്ഞാനിയും യോഗിവര്യനുമായിരുന്ന ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ വിദേഹമുക്തനാകുന്നത്. സമാധിപര്യന്തമുള്ള ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അടുത്ത വര്‍ഷം മേടമാസത്തിലെ ഉത്തൃട്ടാതിനാളില്‍  അവിടെ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തുകയും ചെയ്തത് ചട്ടമ്പിസ്വാമികളാണ്. സ്വാമികള്‍ നടത്തിയ ഒരേ ഒരു പ്രതിഷ്ഠയും ഇതാണ്. ആ മഹാസമാധിയുടെ  നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നത്.

നീലകണ്‌ഠതീര്‍ത്ഥപാദ സ്വാമികള്‍ സമാധിയായ ദിവസം ചട്ടമ്പിസ്വാമികള്‍ മാവേലിക്കരയിലുള്ള കണ്ടിയൂര്‍ ക്ഷേത്രത്തിനടുത്ത് മജിസ്ട്രേറ്റ് ആണ്ടിപ്പിള്ളക്കൊപ്പം ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. അന്നേ ദിവസം അവിടെ തലവടി കൃഷ്ണപിള്ള മുതലായവരോട് വേദാന്തവിഷയങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു പതിവില്ലാത്ത വിധം ഭാവഭേദമുണ്ടായി. ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോകാനൊരുങ്ങിയ കൃഷ്ണപിള്ളയോട് “വേഗം വരണം, നമുക്ക് കരുനാഗപ്പള്ളി വരെ പോകണം, ചിലതൊക്കെ ഏര്‍പ്പാടു ചെയ്യേണ്ടതുണ്ട്” എന്നദ്ദേഹം ആജ്ഞാപിച്ചു.

അന്നുച്ചതിരിഞ്ഞ് അവിടെ ഒരു പരദേശിബ്രാഹ്മണന്‍റെ സംഗീതകച്ചേരി ചട്ടമ്പിസ്വാമികളുടെ സാന്നിധ്യത്തില്‍ നടക്കുകയായിരുന്നു. ആ സമയം തീര്‍ത്ഥസ്വാമികളുടെ സമാധിവിവരം അറിയിക്കാന്‍ കൊറ്റിനാട്ടു നാരായണപിള്ള കുതിരവണ്ടിയിലെത്തി. “തീര്‍ത്ഥസ്വാമികള്‍ക്ക് സുഖക്കേട് കൂടുതലായിരിക്കുന്നു” എന്നു പിള്ള സ്വാമിതിരുവടികളോട് പറഞ്ഞപ്പോള്‍, “കൂടുതലെന്നേ ഉള്ളോ” എന്നു സ്വാമികള്‍ ചോദിച്ചു. പിള്ള മറുപടി പറഞ്ഞില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്നവരോടായി ചട്ടമ്പിസ്വാമികള്‍  “നമുക്കീ മേളം തല്ക്കാലം നിര്‍ത്താം, എനിക്കു മറ്റൊരു മേളത്തില്‍ ചെരേണ്ടിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി.

കരുനാഗപ്പള്ളിയില്‍ വേഗമെത്തുവാനായി കുതിരവണ്ടിയില്‍ യാത്രചെയ്യുവാന്‍ നാരായണപിള്ള സ്വാമികളോട് അഭ്യര്‍ഥിച്ചുവെങ്കിലും “ഈ ജന്തുവിനെ എന്തിനു ഉപദ്രവിക്കുന്നു, നമുക്ക് നടന്നു പോകാം” എന്നാണ് അഹിംസാപ്രതിഷ്ഠനായ ആ മഹാഗുരു പറഞ്ഞത്. കുതിരയെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും വൈകാതെ അവിടെ എത്തണം എന്നും നാരായണപിള്ള അപേക്ഷിച്ചു പറഞ്ഞപ്പോള്‍ സ്വാമികള്‍ വണ്ടിയില്‍ യാത്ര ചെയ്യുവാന്‍ സമ്മതിച്ചു. ആണ്ടിപ്പിള്ളയോടൊത്ത് വേഗം കരുനാഗപ്പള്ളിയില്‍ എത്തുവാന്‍ തലവടി കൃഷ്ണപിള്ളയോട് ഏര്‍പ്പാട് ചെയ്തിട്ട് അവര്‍ അവിടെ നിന്നും പുറപ്പെട്ടു.

കരുനാഗപ്പള്ളിയില്‍ താഴത്തോട്ടു മഠത്തിലെ അറപ്പുരയുടെ തെക്കേ അറ്റത്തെ മുറിയില്‍ സമാധിസ്ഥനായ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ഭൌതികശരീരം ഒരു കട്ടിലില്‍ പദ്മാസനത്തില്‍ ഇരുത്തിയിട്ടുണ്ടായിരുന്നു. അഞ്ചുമണിയോടു കൂടി അവിടെയെത്തിയ ചട്ടമ്പിസ്വാമികള്‍ അശ്രുനേത്രങ്ങളോടെ ആ ശിരസ്സിലൊന്നു തലോടി സ്വയമിങ്ങനെ പറഞ്ഞു. “അവസാനത്തേത് അവസാനിച്ചു”. എന്നിട്ട് അവിടെ കൂടിനിന്നവരോടായി പറഞ്ഞു- “ബ്രഹ്മാവ്‌ സൃഷ്ടിച്ചു വച്ച ഒരു മഹാലോകം ഇതാ തകര്‍ന്നിരിക്കുന്നു. ഇത് നിങ്ങള്‍ക്കൊരു വലിയ നഷ്ടം തന്നെയാണ്”

“അവസാനദേഹം അവസാനിച്ചതാണല്ലോ ഇത്. അത്  ഒരു ജീവന് ഒരുപ്രാവശ്യമല്ലാതെ പിന്നെ ഒരിക്കല്‍ക്കൂടി ഇല്ലാത്തതായ നിത്യാനന്ദാവസ്ഥയാകയാല്‍ ഇവിടെയുള്ള സുകൃതികളായ ഓമനസഹോദരങ്ങളുടെ ഭാഗ്യത്തെക്കുറിച്ചും ഞാന്‍ സന്തോഷിക്കുന്നു. ഇതിനായിട്ടുതന്നെയാണ് ഞാനിവിടെ താമസിച്ചുപോയത്” എന്നാണ് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ക്ക് അയച്ച കത്തില്‍ ചട്ടമ്പിസ്വാമികള്‍ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.

നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ സമാധിപര്യന്തം മഹാകവി വള്ളത്തോള്‍ ഇപ്രകാരമെഴുതി

“ത്വന്നാനാചരിതപ്രബന്ധപഠനത്തിന്നിയ്യിടെബ്ഭാഗ്യമൊ-
ത്തന്നാള്‍ത്തൊട്ടു പരോക്ഷശിഷ്യരിലൊരാളായ്ത്തീര്‍ന്നുഞാന്‍ സദ്‌ഗുരോ
ഒന്നാച്ചേവടിയിങ്കല്‍ വീണുരുളുവാനുത്‌കണ്ഠയാവാഴ്കെ യെ-
ന്തൊന്നാഹാ പറയേണ്ടു നിഷ്കള ചിദാകാശേ ലയിച്ചു ഭവാന്‍.”

മൂവാറ്റുപുഴയിലെ മാറാടി എന്ന ഗ്രാമത്തില്‍ കൊല്ലവര്‍ഷം 1047 ഇടവം 13 നു വാളാനിക്കാട്  തറവാട്ടിലാണ് നീലകണ്‌ഠ തീര്‍ത്ഥപാദസ്വാമികള്‍ ജനിച്ചത്. പാഴൂര്‍ ഗൃഹത്തിലെ ശ്രീ നീലകണ്‌ഠപ്പിള്ളയുടെയും ശ്രീമതി കല്യാണിയമ്മയുടെയും ആണ്മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. വാളാനിക്കാട്ടു കൊച്ചുനീലകണ്‌ഠപ്പിള്ള എന്നായിരുന്നു അദ്ദേഹത്തെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. കൊച്ചുനീലകണ്ഠപിള്ളയില്‍ നിന്നും ആ മഹാന്‍ ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദരിലേക്ക് ഉയരുവാന്‍ നിദാനമായത് ചട്ടമ്പിസ്വാമിതിരുവടികളുടെ ശിക്ഷണവും ആ സദ്ഗുരുവിന്റെ കൃപാപൂര്‍വ്വമുള്ള മഹാവാക്യോപദേശവുമാണ്. തീര്‍ത്ഥസ്വാമി എന്ന ചുരുക്കപ്പേരിലും സ്വാമികള്‍ അറിയപ്പെട്ടു. സദ്ഗുരുലാഭത്തിനു മുന്‍പ് തന്നെ തീര്‍ത്ഥസ്വാമികള്‍ തനിക്കു പാരമ്പര്യമായി ലഭിച്ച വിഷവിദ്യ, മന്ത്രശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പ്രാഗല്ഭ്യം നേടിയിരുന്നു. കൂടാതെ വാഗ്ഭവം,ശ്രീവിദ്യ, ത്രിപുര തുടങ്ങിയ മന്ത്രങ്ങള്‍ സിദ്ധിവരുത്തുകയും മന്ത്രസാരം, പ്രയോഗസാരം, യന്ത്രസാരം, പ്രപഞ്ചസാരം, വിഷനാരായണീയം എന്നീ ഗ്രന്ഥങ്ങള്‍ ഗ്രഹിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന്റെ ഭാഗമായും അല്ലാതെയും അദ്ദേഹം സംസ്‌കൃതം, മലയാളം, തമിഴ്, ഇംഗ്ലീഷ്, ബംഗാളി, മറാഠി , തെലുഗു തുടങ്ങിയ ഭാഷകളും വശത്താക്കിയിരുന്നു. ന്യായാദിദര്‍ശനങ്ങളിലും, വ്യാകരണാദിശാസ്ത്രങ്ങളിലും വ്യുത്പത്തി സമ്പാദിച്ച അദ്ദേഹം വിഷവിദ്യയില്‍ കൂടുതല്‍ അറിവ് നേടുവാനുള്ള പരിശ്രമത്തിനിടയിലാണ് ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുന്നത്. സ്വപിതാവിന്‍റെ വംശത്തില്‍ പെട്ട ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‍റെ കൂടെയാണ് അദ്ദേഹം സ്വാമിതിരുവടികളെ സന്ദര്‍ശിച്ചത്.  അവിടെയെത്തിയ കൊച്ചുനീലകണ്‌ഠപ്പിള്ളയോട് സ്വാമിതിരുവടികള്‍ ഇപ്രകാരമാണ് പറഞ്ഞത്.

“കൊച്ചുനീലകണ്‌ഠപ്പിള്ളേ, ഈ സര്‍പ്പവിഷവും മറ്റും നിസ്സാരമാണ്. അതിലെല്ലാം വലുതായി ഒരു വിഷമുണ്ട്, അത് ശമിപ്പിക്കാന്‍ അധികമാളുകളും ശ്രമിച്ചു കാണുന്നില്ല. അതാണ്‌ സംസാരവിഷം. നാമെല്ലാം ആ വിഷത്തില്‍പ്പെട്ടുഴലുകയാണ്. അതു ശമിപ്പിക്കുവാനുള്ള ഉപായമാണ് അറിയേണ്ടത്.”

സ്വാമിതിരുവടികളുടെ  ശിഷ്യത്വം സ്വീകരിച്ച്  അദ്ദേഹം  യോഗജ്ഞാനവിഷയങ്ങളില്‍ ദാര്‍ഢ്യം സമ്പാദിച്ചു. വൈദികവും ദ്രാവിഡവുമായ യോഗവിദ്യകള്‍ ചട്ടമ്പിസ്വാമികളില്‍ നിന്നും അദ്ദേഹം അഭ്യസിച്ചു.. ഖേചരീവിദ്യ പോലുള്ള രഹസ്യ യോഗമുദ്രകളും, സംസ്‌കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പോലും ഉള്‍പ്പെടാത്ത പ്രാണരോധനവിദ്യകളും സ്വാമിതിരുവടികളില്‍ നിന്നും അഭ്യസിക്കുവാന്‍ തീര്‍ത്ഥസ്വാമികള്‍ക്ക് സാധിച്ചു. അതോടൊപ്പം തന്നെ വേദാന്തശാസ്ത്രത്തിലും അദ്ദേഹം പ്രാവീണ്യം നേടി. തമിഴിലുള്ള വാസിഷ്ഠം, നിഷ്ഠാനുഭൂതി, നവനീതസാരം തുടങ്ങിയ ഗ്രന്ഥങ്ങളും സംസ്‌കൃതഭാഷയിലുള്ള ഷഡ്ദര്‍ശനഗ്രന്ഥങ്ങളും മറ്റു ജ്ഞാനശാസ്ത്രങ്ങളും അദ്ദേഹം ഗ്രഹിച്ചു. മൂന്നു വര്‍ഷത്തോളം തുടര്‍ന്ന പരിശീലനത്തിനൊടുവില്‍ സ്വാമിതിരുവടികള്‍ അദ്ദേഹത്തിന് സാമ്പ്രദായികമായ രീതിയില്‍ മഹാവാക്യോപദേശം നല്കി അനുഗ്രഹിച്ചു. ഉത്തമശിഷ്യനായിരുന്ന സ്വാമികള്‍  സദ്‌‌ഗുരുവിന്റെ ഉപദേശം ശ്രവിച്ച് അതില്‍നിന്നും ഉളവായ വൃത്ത്യാരൂഢജ്ഞാനം കൊണ്ട് അജ്ഞാനം നിവര്‍ത്തിച്ച് ‘അഹം ബ്രഹ്മാസ്മി’ എന്ന അപരോക്ഷാനുഭൂതിയിലൂടെ   ജീവന്മുക്തനായിത്തീര്‍ന്നു.

സഞ്ചാരം, ഗ്രന്ഥരചന, ശിഷ്യോപദേശം, ശാസ്ത്രാഭ്യാസം എന്നിവയിലൂടെയയിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ പ്രാരബ്ധമാത്രമായ ജീവിതം. ശിവപ്രസാദവിദ്യാഭാരതി, പരമാനന്ദനാഥന്‍, സച്ചിദാനന്ദബ്രഹ്മേന്ദ്രന്‍, ആത്മയോഗിനിയമ്മ, ചിദ്‌വിലാസിനി, തച്ചുടയ കൈമള്‍, ചിദ്‌രസാഭരണന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരാണ്. . സ്തവരത്‌നഹാരം,അദ്വൈതപാരിജാതം, യോഗരഹസ്യകൗമുദി, കണ്ഠാമൃതാര്‍ണ്ണവം, സ്വാരാജ്യസര്‍വ്വസ്വം, യോഗാമൃതതരംഗിണി,ആത്മാമൃതം, സങ്കല്പകല്പലതിക, ശ്രീബാഹുലേയസ്തവം, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംസ്‌കൃതകൃതികള്‍. വേദാന്തമണിവിളക്ക്, അദ്വൈതസ്തബകം, ഹഠയോഗപ്രദീപികാഭാഷാ , കണ്ഠാമൃതം, ബ്രഹ്മാഞ്ജലി മൂന്നു ഭാഗങ്ങള്‍, ആചാരപദ്ധതി, ദേവാര്‍ച്ചാപദ്ധതി എന്നിവ സ്വാമികള്‍ രചിച്ച മലയാളകൃതികളാണ് . കൂടാതെ അനവധി ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

സാമുദായികപരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്വാമികള്‍ ആചാരപദ്ധതി, ദേവാര്‍ച്ഛാപദ്ധതി എന്നിവ രചിച്ചത. അത്  ജനങ്ങള്‍ക്ക് ശ്രുതിസ്മൃതികളെ ആധാരമാക്കിയുള്ള വിവാഹശ്രാദ്ധാദികള്‍ക്കും പൂജാപദ്ധതികള്‍ക്കും മലയാളത്തിലെ ഏറ്റവും പ്രബലമായ പ്രമാണമായി മാറുകയും ചെയ്തു. അന്നുവരെ യാഥാസ്ഥിതിക ബ്രാഹ്മണസമൂഹത്തിന്റെ കീഴില്‍ അടിമകളെപ്പോലെ കഴിഞ്ഞ ഒരു ജനതയ്ക്ക് സ്വയംപര്യാപ്തതയുടെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചം പകര്‍ന്നു നല്‍കുന്ന കൃതികളായിരുന്നു അത്.  ജാതിഭേദമില്ലാതെ സകലമനുഷ്യര്‍ക്കും അനുഷ്ഠിക്കാവുന്ന ആചാരങ്ങളെയാണ് സ്വാമികള്‍ ഈ കൃതികളിലൂടെ പ്രകാശിപ്പിച്ചത്. അഗ്‌നിസമാനമായ ഇതിലെ വാക്കുകള്‍ പല മാമൂലുകളെയും ഭസ്മീകരിച്ചു കളഞ്ഞു.

ഈ ഗ്രന്ഥരചനകളെല്ലാം തീര്‍ത്ഥസ്വാമികള്‍ പരമഭട്ടാര ചട്ടമ്പിസ്വാമികളെ കാണിക്കുകയും സ്വാമിതിരുവടികളുടെ നിര്‍ദ്ദേശാനുസരണം പരിഷ്‌കാരങ്ങളും മറ്റും വരുത്തുകയും ചെയ്തിരുന്നു. ‘കവിതാരചന മുടക്കാതെയിരിക്കുക’ എന്ന സ്വാമിതിരുവടികളുടെ ആജ്ഞ അദ്ദേഹം ശിരസ്സാവഹിച്ചിരുന്നു. രചനകള്‍ ‘ലോകോത്തരമായിരിക്കണം’ എന്ന ചട്ടമ്പിസ്വാമികളുടെ കല്പനയെ അദ്ദേഹം സാക്ഷാത്കരിച്ചു. സ്വാമിതിരുവടികളുടെ നിര്‍ദ്ദേശത്തെ മാനിച്ചുകൊണ്ട് സഗുണപരവര്‍ണ്ണനയില്‍ തുടങ്ങി നിര്‍ഗുണതത്ത്വത്തില്‍ അവസാനിക്കുന്ന ‘ദിവ്യക്ഷേത്രാദര്‍ശം’ എന്ന പദ്യകൃതി സ്വാമി വിശേഷമായി നിര്‍മ്മിച്ചു. ദര്‍ശിച്ചിട്ടുള്ള മിക്ക ക്ഷേത്രങ്ങളെക്കുറിച്ചും ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഇതു വായിച്ച ചട്ടമ്പിസ്വാമികള്‍ ഓച്ചിറയെക്കുറിച്ച് ഒരു പദ്യമുണ്ടാക്കി ചേര്‍ക്കുവാന്‍ തീര്‍ത്ഥസ്വാമികളോട് ആവശ്യപ്പെട്ടു. ‘അവിടെ വര്‍ണ്ണനീയങ്ങളായ സംഗതികള്‍ ഒന്നുമില്ലല്ലോ’ എന്നു മറുപടി പറഞ്ഞ തീര്‍ത്ഥസ്വാമികളോട് ‘എന്നാല്‍ ഒന്നുമില്ലെന്ന് എഴുതിയേക്കണം എന്ന് കല്പിച്ചു.’ ചട്ടമ്പിസ്വാമികളുടെ അല്പാക്ഷരമായ ഈ സൂത്രവാക്യത്തിന്റെ വലിപ്പം മനസ്സിലാക്കിയ സ്വാമികള്‍ ഓച്ചിറയെക്കുറിച്ച് ഇപ്രകാരം പദ്യം രചിച്ചു

‘ചിത്തം നിത്യം നരീനര്‍ത്വഖിലജഗധിഷ്ഠാന കാഷ്‌ഠൈകനിഷ്‌ഠേ സച്ചില്‍സൗഖ്യേകരസ്യേ പരകലിതചിദാകാശവിസ്ഫൂര്‍ത്തിമാത്രേ സര്‍വ്വാത്മന്യോച്ചിറാഖ്യേദ്വയപരഭണിതം ശ്രൗതമുദ്യോതയദ്യദ്ഭാതീവാസ്മിന്‍ പരേ ദൈവത ഇഹ നിരുപാഖ്യാകൃതി ബ്രഹ്മരൂപേ’

ഓച്ചിറക്ഷേത്രത്തിലെ മൂര്‍ത്തിസങ്കല്പം ബ്രഹ്മസ്വരൂപമെന്നു പ്രസിദ്ധമാണല്ലോ. ആ സ്വരൂപത്തെ ഇതിലും മനോഹരമായി ആരെങ്കിലും അവതരിപ്പിച്ചിട്ടുള്ളതായി അറിവില്ല. സ്വാമിതിരുവടികളുടെ ‘ഒന്നുമില്ലെന്നെഴുതിയേക്കണം’ എന്ന സരസസൂത്രത്തെ അത്യുന്നതമായ കാവ്യകുസുമമാക്കി മാറ്റിയ സ്വാമികളുടെ കഴിവിനെ നമസ്‌ക്കരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

സ്വാമികളുടെ കൃതികളെക്കുറിച്ച് പണ്ഡിതന്മാരെല്ലാം തന്നെ വളരെ ഉത്കൃഷ്ടമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജര്‍മ്മനിയിലെ സംസ്‌കൃതാധ്യാപകനായിരുന്ന പ്രൊഫസ്സര്‍ ഡ്യൂസന്‍ പോള്‍, ജര്‍മ്മന്‍ ഹലെ സര്‍വ്വകലാശാലാ സംസ്‌കൃത പ്രൊഫസ്സര്‍ ഇ.ഹുള്‍ട്ടഷ് പി.എച്ച്.ഡി, ബംഗാളിലെ വിമലപ്രസാദസിദ്ധാന്തസരസ്വതി, വേദാന്തവാചസ്പതി പണ്ഡിത വൈകുണ്ഠനാഥ, ഷിക്കാഗോ സര്‍വകലാശാലയിലെ സംസ്‌കൃത പ്രൊഫസ്സര്‍ ഡോ. ജെ.ജെ. മേയര്‍, ഇന്ത്യാ ഓഫീസ് ഗ്രന്ഥശാലയുടെ അദ്ധ്യക്ഷനായിരുന്ന എഫ്.ഡബ്‌ള്യു. തോമസ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വക ബാഡ്ലീയന്‍ ഗ്രന്ഥശാലയിലെ ഈ.ഡബ്‌ള്യു.ബി. നിക്കോളാസ്, പണ്ഡിത ദീക്ഷിതര്‍, ബാഡ്ലീയന്‍ ലൈബ്രറിയന്‍ മി.കോറൊലി, വൈയാകരണപണ്ഡിതനായ ഹരിഹരാത്മജ കൃഷ്ണശാസ്ത്രികള്‍ തുടങ്ങിയവര്‍ സ്വാമികളുടെ പുസ്തകങ്ങളെക്കുറിച്ചു്  വളരെ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാമികളുടെ ‘ബ്രഹ്മാഞ്ജലി’ എന്ന കൃതിക്ക് അവതാരിക എഴുതിയ മഹാകവി ഉള്ളൂര്‍ ഇങ്ങനെ എഴുതി

‘ഞാന്‍ പല കൃതികള്‍ക്കും അവതാരിക എഴുതിയിട്ടുണ്ടെന്നു വരികിലും ഇദ്ദേഹത്തിന്റെ കൃതികളുടെ താല്പര്യം മുഴുവന്‍ മനസ്സിലാക്കുന്നതിനു തക്ക ശക്തിയോ അവയില്‍ ഏതെങ്കിലും ഒന്നിനെ വിദ്വല്‍സമക്ഷം അവതരിപ്പിക്കുന്നതിനു യോഗ്യതയോ ഉള്ളവനെന്നു എനിക്ക് ലേശം പോലും അഭിമാനമില്ല. സ്വാമികളുടെ എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കുന്നു. ഇനിയും വായിക്കുക തന്നെ ചെയ്യും’

ജ്ഞാനമഹിമയുടെയും ശാസ്ത്രപാണ്ഡിത്യത്തിന്റെയും സാഹിത്യകുശലതയുടെയും ഔന്നത്യത്തെ പ്രാപിച്ച, മഹത്തരങ്ങളായ കൃതികള്‍ സംസ്‌കൃതത്തിനും മലയാളത്തിനും നല്‍കിയ, സഞ്ചരിക്കുന്ന ഗ്രന്ഥശാലയെന്നറിയപ്പെട്ട, സമൂഹത്തിനു സദ്ദര്‍ശനമേകിയ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ നൂറാം സമാധിവാര്‍ഷികത്തില്‍ ആ മഹാമഹസ്സിനു സഹസ്രകോടിപ്രണാമങ്ങള്‍ അര്‍പ്പിച്ചിടുന്നു.