ശ്രീതീർത്ഥപാദസന്ന്യാസസമ്പ്രദായാദ്യസദ്ഗുരും
ശ്രീമദ് വിദ്യാധിരാജാഖ്യ തീർത്ഥപാദയതിം ഭജേ

ചിങ്ങമാസം മലയാളിക്ക് പുതുവർഷപ്പുലരിയുടെ പൂക്കളങ്ങളും ഓണനിലാവിന്റെ വെണ്മയും സദ്യവട്ടങ്ങളുടെ രുചിമേളങ്ങളും മാത്രമല്ല സനാതനധർമ്മം ജന്മം നൽകിയ ചില മലയാളഋഷിവര്യന്മാരുടെ ഓർമ്മമാസം കൂടിയാണ്. അതിൽ പ്രഥമഗണനീയനാണ് പരമഭട്ടാര ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികൾ. സർവജ്ഞനും പരിപൂർണ്ണകലാനിധിയും മഹാപ്രഭുവുമായ സദ്ഗുരുവെന്നു ശ്രീനാരായണഗുരുദേവൻ വിശേഷിപ്പിച്ച ആ മഹർഷിയുടെ ജയന്തിദിനമാണ് ചിങ്ങമാസത്തിലെ ഭരണിനാൾ. യാഥാസ്ഥിതികതയുടെ കാരാഗൃഹത്തിൽ അടിമകളെ പോലെ കഴിഞ്ഞ ഒരു സമൂഹത്തെ അറിവാകുന്ന ആയുധം കൊണ്ട് മോചിപ്പിച്ച മഹാമനീഷിയാണ് സ്വാമികൾ. സർവ്വശാസ്ത്രവിശാരദൻ, വിദ്യാധിരാജൻ, സകലകലാവല്ലഭൻ, അഹിംസയുടെ പരമനിലയെ പ്രാപിച്ച മഹായോഗി എന്നിങ്ങനെ എത്ര വിശേഷണങ്ങൾ ചാർത്തിയാലും ആ മഹാമഹസ്സിന്റെ മാഹാത്മ്യത്തെ വർണ്ണിക്കാനാകില്ല. സാക്ഷാൽ സ്വാമി വിവേകാനന്ദൻ പോലും അനിതരസാധാരണൻ എന്നാണു സ്വാമികളെ വിശേഷിപ്പിച്ചത്.

1853 ഓഗസ്റ്റ്‌ 25നു തിരുവനന്തപുരം കൊല്ലൂര്‍ ഗ്രാമത്തില്‍ കുഞ്ഞന്‍പിള്ളയായി ജനിച്ച് പേട്ടയില്‍ ശ്രീ രാമന്‍പിള്ള,തയ്ക്കാട്ട് അയ്യാവ്,സുബ്ബാജടാപാഠി,കുമാരവേലു, സ്വാമിനാഥദേശികൻ തുടങ്ങി അനേകം ഗുരുക്കന്മാരിൽ നിന്നും ജ്ഞാനം സമ്പാദിച്ച അദ്ദേഹത്തിന് ചെറുപ്പത്തിൽ അജ്ഞാതനായ ഒരു സന്ന്യാസി ‘ബാലാസുബ്രഹ്മണ്യം’ എന്ന ദിവ്യമന്ത്രം ഉപദേശിച്ചു. ഇരുപത്തിയേഴാം വയസ്സിൽ തമിഴ്‌നാട്ടിലെ വടിവേശ്വരത്ത് വച്ച് അവധൂതനായ ഒരു മഹാത്മാവ് സാമ്പ്രദായികരീതിയിൽ മഹാവാക്യദീക്ഷ നൽകി അദ്ദേഹത്തെ ജീവന്മുക്തനാക്കി. അദ്വൈതചിന്താപദ്ധതി, വേദാധികാരനിരൂപണം, പ്രാചീനമലയാളം, ജീവകാരുണ്യനിരൂപണം, ആദിഭാഷ, ക്രിസ്തുമതനിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.

വസിഷ്ഠവ്യാസാദി മഹർഷിമാരുടെ സ്വരൂപവും സിദ്ധികളും, ഭഗവാൻ ഭാഷ്യകാരൻ്റെ ജ്ഞാനനിഷ്ഠയും, ശൈവസിദ്ധന്മാരുടെ അവധൂതചര്യയും സമ്മേളിച്ച പരമഭട്ടാരഗുരുവിന്റെ തിരുവവതാരം യാഥാസ്ഥിതികതയുടെ വേനലിൽ വരണ്ടുണങ്ങിയ കൈരളിയുടെ മേൽ ജഗദീശ്വരൻ കനിഞ്ഞ കാരുണ്യവർഷമായിരുന്നു. ആ വർഷധാരയിൽ മുഴങ്ങിയ വേദാധികാര നിരൂപണത്തിൻ്റെ ഇടിമുഴക്കവും, തെളിഞ്ഞ പ്രാചീന മലയാളത്തിൻ്റെ മിന്നൽപിണരും യാഥാസ്ഥിതിക മേൽക്കോയ്മകളെ പ്രകമ്പനം കൊള്ളിക്കുകയും, ആ ജ്ഞാനപ്രവാഹത്തിൽ അവയെല്ലാം നിഷ്പ്രഭമാകുകയും ചെയ്തു. ചെറിയോരുറുമ്പു മുതൽ വ്യാഘ്രാദിഹിംസ്രജന്തുക്കൾ വരെ ആ മഹാനുഭാവൻ്റെ കാരുണ്യസ്പർശമേറ്റ് പുണ്യലോകങ്ങളെ പ്രാപിച്ചു. ജീവബ്രഹ്മൈക്യരൂപമായ ജീവന്മുക്തിരസത്തെ ആസ്വദിച്ച് സന്ന്യാസത്തിന്റെ പരമനിലയായ അതിവർണ്ണാശ്രമിയായാണ് അദ്ദേഹം ജീവിച്ചത്. സകലജീവജാലങ്ങളിലും ഒരേ ആത്മാവാണ് പ്രകാശിക്കുന്നതെന്ന സനാതനസത്യം സാക്ഷാത്കരിച്ച അദ്ദേഹം എല്ലാ അസംസ്കൃതമാമൂലുകളെയും നിരസിച്ചു.

അദ്ദേഹം ഉപദേശിച്ചതും ശിഷ്യപ്രധാനികളായ ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികളും ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളും എഴുമറ്റൂര്‍ പരമഭട്ടാരാശ്രമത്തെ കേന്ദ്രമാക്കി പ്രചരിപ്പിച്ചിട്ടുള്ളതുമായ ആദ്ധ്യാത്മികോപദേശങ്ങളാണ് ”തീര്‍ത്ഥപാദസമ്പ്രദായം എന്നറിയപ്പെടുന്നത് . ശ്രീശങ്കരാചാര്യ സ്വാമികളുടെ അദ്വൈതവേദാന്തവും തമിഴ് ശൈവസിദ്ധാന്തവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സമ്പ്രദായം കേരളത്തിന്റേതായ തനത് ബ്രഹ്മവിദ്യാസമ്പ്രദായമായി മാറി. വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം, അയിരൂർ ഗുരുകുലാശ്രമം എന്നിവ അദ്ദേഹത്തിന്റെ ദിവ്യോപദേശങ്ങൾ പ്രചരിപ്പിക്കുവാൻ തീർത്ഥപാദസ്വാമികൾ സ്ഥാപിച്ച പുണ്യകേന്ദ്രങ്ങളാണ്. സ്വാമിതിരുവടികൾ തൻ്റെ ഷഷ്ടിപൂർത്തിയാഘോഷങ്ങൾക്ക് അയിരൂരിൽ വന്നിറങ്ങിയതിന്റെ നൂറ്റിയെട്ടാം വർഷമാണ് ഇത്തവണത്തെ ജയന്തി എന്നതും സ്മരണീയമാണ്. മലയാളമാനവഹൃദയങ്ങളിൽ ആദ്ധ്യാത്മികനവോത്ഥാനത്തിൻ്റെ വെളിച്ചം പകർന്ന വിദ്യാധിരാജസദ്ഗുരുവിന്റെ പാദങ്ങളിൽ പ്രണാമം അർപ്പിച്ചിടാം.

(മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)