ഒരു ജീവന് സാധിക്കാവുന്നതിൽ ഏറ്റവും ഉത്തമമായ പദം ആത്‌മനിഷ്ഠയാണ് . ഈ നിഷ്ഠയിൽ എത്തിയിട്ടുള്ള മഹാത്മാക്കൾ വളരെ കുറവാണെന്നു ശ്രുതിയും പറയുന്നുണ്ട് . ” ആശ്ചര്യവത് പശ്യതി കശ്ചിദേനം “, ഏതദ്ധി ദുർലഭതരം ലോകേ ജന്മ യദീദൃശം ” (ഗീത ) “ആശ്ചര്യോ ജ്ഞാതാ കുശാലാനുശിഷ്ട ” (കഠോപനിഷദ്‌ ) ഇത്ര ദുർലഭമായ ഒരു ലക്ഷ്യത്തിൽ എത്തുക എന്നത് വളരെ ശ്രമകരമാണ് ” ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുർഗം പഥ:” എന്നാണു ശ്രുതി പറയുന്നത്.

ഈ പ്രപഞ്ചത്തെ ധരിച്ചുകൊണ്ടും തന്റെ ഇച്ഛാമാത്രത്താൽ പുറമെ പ്രകാശിപ്പിച്ചുകൊണ്ടും സൃഷ്ടി, സ്ഥിതി, സംഹാരം തിരോധാനം അനുഗ്രഹം ഇവയെ ലീലാരൂപേണ ചെയ്തുകൊണ്ടും ഇരിക്കുന്ന ഈശ്വരൻ തന്റെ സൃഷ്ടിവർഗ്ഗത്തെ അനുഗ്രഹിയ്ക്കാൻ വേണ്ടി വെളിപ്പെടുത്തിയതാണ് വേദം . വേദം ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതു വേദവ്യാസമഹർഷിയാണ് നാലായിട്ടു വിഭജിച്ചത്. വേദമാണ് ഹിന്ദുക്കളുടെ പരമപ്രമാണം. വേദപ്രമാണത്തിന് അനുകൂലമായി രചിക്കപ്പെട്ട സ്മൃതികളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൈന്ദവ ആചാര്യന്മാർ പ്രമാണമായി അംഗീകരിച്ചിട്ടുണ്ട്.

ശ്രുതി പ്രസിദ്ധമായ, ശാന്തവും ശിവവും അദ്വൈതവുമായ പരമാത്മപദത്തെ പ്രാപിക്കുവാനുള്ള അനേകവഴികൾ ആചാര്യന്മാർ നിർദേശിച്ചിട്ടുണ്ട്. അധികാരിത അനുസരിച്ചു ഉചിതമായ മാർഗം സാധകന് സ്വീകരിക്കാം.

വാസനകളുടെ പ്രേരണ അനുസരിച്ചു മാത്രം ജീവിക്കുന്ന ജന്തുക്കളിൽ നിന്നും മനുഷ്യനുള്ള വ്യത്യാസം വിവേകമാണ്. വാസനകളുടെ ഗുണദോഷങ്ങൾ വിവേകം ചെയ്തു ഉചിതമായ വിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ അധോഗതി സംഭവിക്കും. അതു കൊണ്ട് അശുഭവാസനയെ വിവേകം കൊണ്ടു നിരോധിയ്ക്കണം. ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്ന നാലു മാർഗങ്ങളിൽ കൂടിയാണ് സാധകൻ ജ്ഞാനനിഷ്ഠയിൽ എത്തുന്നത്.

ചര്യ എന്നാൽ ദിനചര്യകൾക്കു ഒരു ചിട്ട ഉണ്ടാക്കുക, വെളുപ്പിനെ ഉണർന്നു ശരീരശുദ്ധി വരുത്തി ഈശ്വരനെ സ്തുതിയ്ക്കുക, കർത്തവ്യങ്ങൾ ഈശ്വരാരാധനയായി ചെയ്യുക, ക്ഷേത്രദർശനം നടത്തുക അവിടെ വേണ്ട സേവനങ്ങൾ ചെയ്യുക മുതലായവയാണ്‌. ആരോഗ്യമുള്ള ശരീരത്തിൽ ഇരുന്നു മാത്രമേ ജീവന് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിയ്ക്കുകയുള്ളു. പൂജ, മന്ത്രജപം മുതലായവ കൊണ്ട് ഈശ്വരനെ ഭക്തിപൂർവം ഉപചരിക്കുന്നത് ക്രിയയാണ്. ‘യോഗത്തെ

‘ താം യോഗമിതി മന്യന്തേ
സ്ഥിരാമിന്ദ്രിയധാരണാം ‘

എന്നു കഠോപനിഷത് നിർവചിയ്ക്കുന്നു

” ശ്രുതിവിപ്രതിപന്നാ തേ
യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധി –
സ്തദായോഗമവാപ്സ്യസി “

( ഗീത 2 :–53)

അനേക സംശയങ്ങൾ കൊണ്ട് ഇളകികൊണ്ടിരിക്കുന്ന ബുദ്ധി എപ്പോഴാണോ സംശയവും വിക്ഷേപവും ആവരണവും പൂർണമായി നശിച്ചു പരമാത്മാവിൽ ഉറച്ചു നിൽക്കുന്നത് അപ്പോൾ യോഗം സംഭവിക്കുന്നു. അപ്പോൾ ജീവാത്മാവും പരമാത്മാവും ഐക്യപ്പെടുന്നു. ഇതാണ് യോഗത്തിന്റെ മുഖ്യമായ അർത്ഥം.

ആ അവസ്ഥയിൽ പരമാത്മസ്വരൂപത്തെ അ പരോക്ഷമായി അറിയാൻ സാധിക്കുന്നു.

“സുഖമാത്യന്തികം യത്തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം വേത്തി “

( ഗീത ) എന്നാണ് ഭഗവാൻ അരുളിച്ചെയ്തിരിക്കുന്നത്. ആ അവസ്ഥയിൽ അപരോക്ഷമായി അറിഞ്ഞ ബോധസ്വരൂപമാണ് തന്റെ യഥാർത്ഥ സ്വരൂപം അതു ബ്രഹ്മം ആകുന്നു എന്ന് നിർണ്ണയിക്കുന്നതാണ് മുക്തിസാധനം .

യോഗാവസ്‌ഥയിലെത്തുന്നതിനുള്ള മാർഗ്ഗങ്ങളും കരണാർത്ഥത്തിൽ യോഗം എന്ന് പറയപ്പെടുന്നു. ഭക്തിയോഗം, ലയയോഗം, ഹഠയോഗം, അഷ്ടാംഗയോഗം, ശ്രവണമനനനിദിധ്യാസനരൂപമായ ജ്ഞാനയോഗം മുതായവയാണ് പ്രധാന യോഗമാർഗ്ഗങ്ങൾ. സാധകന്റെ അധികാരിത അനുസരിച്ചു ഇവയിൽ ഏതു മാർഗ്ഗവും സ്വീകരിക്കാം.

എല്ലാവർക്കും സ്വീകാര്യമായ ഒരു മാർഗ്ഗമാണ് ഭക്തിയോഗം. സാധനാകാലത്തും ഫലകാലത്തും

ഒരുപോലെ ഹൃദ്യമാണ് ഇത്. ഭക്തി ശാസ്ത്രത്തിനു നാരദമഹർഷി ശാണ്ഡില്യ മഹർഷി മുതലായവർ പ്രമാണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിലുള്ള ശ്രീമദ് ഭാഗവതം, ഭക്തിമാർഗ്ഗത്തിൽ കൂടി എങ്ങനെ സർവാശ്രയമായ പരമാത്മാവിനെ പ്രാപിയ്ക്കാം എന്നു വളരെ ആകർഷകമായി പ്രതിപാദിച്ചിട്ടുണ്ട്. ഭാഗവതത്തിൽ ആദ്യം തന്നെ ഭഗവാന്റെ ലക്ഷണം നിർണ്ണയിച്ചിരിക്കുന്നു.

” വദന്തി തത്തത്ത്വവിദസ്ത –
ത്വം യദ് ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി

കഥ്യതേ” ( ഭാ : 1: 2:11)

ബ്രഹ്മദർശനം എന്താണെന്നു പറയുന്നു.
” യത്രേമേ സദസദ് രൂപേ
പ്രതിഷിദ്ധേ സ്വസംവിദാ
അവിദ്യയാ/ത്മനി കൃതേ

ഇതി തത് ബ്രഹ്മദർശനം ”

ഭാഗവതപ്രതിപാദിതമായ ഭഗവദ്‌ രൂപം അദ്വയജ്ഞാനമാണ്. ആ ജ്ഞാനം തന്നെയാണ് ബ്രഹ്മസ്വരൂപം. തന്റെ പരമാർത്ഥസ്വരൂപം അറിഞ്ഞു സ്ഥൂലവും, സൂക്ഷ്മവുമായി അറിയപ്പെടുന്ന എല്ലാ ദൃശ്യങ്ങളും അവിവേകം കൊണ്ട് തന്നിൽ ആരോപിക്കപ്പെട്ടതാണെന്ന് അറിഞ്ഞു നിരസിക്കുന്നതാണു ബ്രഹ്മദർശനം.

ഈ ബ്രഹ്മദർശനത്തിനുള്ള വഴിയാണ് പന്ത്രണ്ടു സ്കന്ധങ്ങളിൽ കൂടി പത്തു ലക്ഷണങ്ങളെ കൊണ്ട് ഭാഗവതം ഉപദേശിച്ചിരിക്കുന്നത്.

സർഗ്ഗം, വിസർഗ്ഗം, സ്ഥാനം, പോഷണം, ഊതികൾ, മന്വന്തരങ്ങൾ ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം ഇവയാണ് പത്തു ലക്ഷണങ്ങൾ. ഭാഗവതം ഭക്തിയെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” മദ്‌ഗുണശ്രുതിമാത്രേണ
മയി സർവഗുഹാശയേ
മനോഗതിരവച്ഛിന്നാ

യഥാ ഗംഗാംഭസോ /o ബുധൗ ”

സർവ്വ ജന്തുക്കളുടെയും ഹൃദയഗുഹയിൽ വസിക്കുന്ന ഈശ്വരനിൽ തുടർന്നു നിൽക്കുന്ന മനോവൃത്തിയാണ് ഭക്തിയുടെ ലക്ഷണം. ഈ ഭക്തി ഉണ്ടായാൽ ഈശ്വരാനുഗ്രഹവും തദ്വാരാ ഈശ്വരപ്രാപ്തിയും ഉണ്ടാകും. അതിനാൽ ” അമായയാ സന്തതയാനുവൃത്യാ ഭജേത തത്പാദസരോജഗന്ധം “