അദ്വയജ്ഞാനസ്വരൂപനാണ് ഭഗവാൻ. എന്നാൽ നമുക്ക് ഈ വ്യാവഹാരികപ്രപഞ്ചമാണ് അനുഭവം. ഈ അനുഭവത്തെ വ്യാഖ്യാനിയ്ക്കുവാൻ ആചാര്യന്മാർ മായ എന്ന തത്വത്തെ അംഗീകരിച്ചു. ഇതു ഭഗവാന്റെ ജ്ഞാനതനുവിൽ നാമരൂപാത്മകമായ പ്രപഞ്ചത്തെ പ്രതിഭാസിപ്പിക്കുവാൻ കഴിവുള്ള ഒരു ശക്തിയാണ്. മായോപാധികനായ ഭഗവാനാണ് പുരുഷൻ. മായയിൽ നിന്നും മഹത്തത്വം, അഹങ്കാരം ഈ

തത്വങ്ങൾ ഉണ്ടായി. അഹങ്കാരത്തിൽ നിന്നു പഞ്ചതന്മാത്രകളും അന്തക്കരണവും ജ്ഞാനേന്ദ്രിയങ്ങളും കർമേന്ദ്രിയങ്ങളും ഉണ്ടായി. പഞ്ചതന്മാത്രകൾ,അന്തക്കരണം, അഞ്ചുജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമേന്ദ്രിയങ്ങൾ ഈ പതിനാറുപാധികളോടു കൂടിയ ഭഗവാനാണ് ഷോഡശകല പുരുഷൻ. ഈ പുരുഷന് രജസ്തമോഗുണങ്ങളുടെ സ്പർശം പോലുമില്ല. ഈ പുരുഷനിലാണ് പതിനാലു ലോകങ്ങളും കല്പിക്കപ്പെട്ടിരിയ്ക്കുന്നത്. ഇതാണ് ഭഗവാന്റെ ശക്തിമത്തായ രൂപം. ഇതിൽ നിന്നാണ് സനൽകുമാരൻ, വരാഹം, നാരദൻ,നരനാരായണഋഷീ, കപിലൻ, ദത്താത്രേയൻ, യജ്ഞൻ, ഋഷഭൻ, പൃഥു, മത്സ്യം, കൂർമ്മം, ധന്വന്തരി, നരസിംഹം, വാമനൻ, പരശുരാമൻ വേദവ്യാസൻ, ബലരാമൻ,ശ്രീകൃഷ്ണൻ, ബുദ്ധൻ, കൽക്കി തുടങ്ങി അനേക അവതാരങ്ങൾ ഉണ്ടായിട്ടുള്ളത്. ഭഗവാന്റെ ഉപാധിയായ മായ ഉപരമിയ്ക്കുമ്പോൾ ഭഗവാന്റെ യഥാർത്ഥസ്വരൂപം പ്രതിബന്ധമില്ലാതെ പ്രകാശിക്കും. ഈ മായ ഉപരമിയ്ക്കണമെങ്കിൽ ഈശ്വരാനുഗ്രഹം വേണം. ഈശ്വരാനുഗ്രഹത്തിനുള്ള ഒരു പ്രധാനമാർഗമാണ് ഭ ക്തിയോഗം. ഭക്തിയോഗമാണ് ഭാഗവതത്തി ൽ അധോക്ഷജനായ ഭഗവാനെ സാക്ഷാത്കരിയ്ക്കുവാനുള്ള പ്രധാനമാർഗ്ഗമായി പ്രതിപാദിച്ചിരിക്കുന്നത്.

സർവവേദേതിഹാസങ്ങളുടെയും സാരം ആയ ഈ ഗ്രന്ഥം ശ്രീ വേദവ്യാസൻ രചിച്ചു ശ്രീശുകനെ പഠിപ്പിച്ചു. മഹായോഗിയും ബ്രഹ്മൈകനിരതനുമായ ശ്രീശുകൻ ഇതു പഠിച്ചതെന്തുകൊണ്ടാണ്എന്നു സൂതൻ പറഞ്ഞു
ആത്മാരാമാശ്ച മുനയോ
നിർഗ്രന്ഥാ അപ്യുരുക്രമേ
കുർവന്ത്യഹൈതുകീം ഭക്തിം

ഇത്ഥം ഭൂതഗുണോ ഹരി :

ശ്രീ വേദവ്യാസൻ ഈ സംഹിത നിർമിയ്ക്കുവാനുണ്ടായ സാഹചര്യം സൂതൻ വിശ ദീകരിയ്ക്കുന്നതിങ്ങനെയാണ് —ദ്വാപരയുഗത്തിൽ ഭഗവാൻ, വേദവ്യാസൻ എന്ന പേരിൽ

അംശാവതാരമെടുത്തു. ഒന്നായിരുന്ന വേദത്തെ ഋക്, യജുസ്, സാമം,അഥർവ്വം എന്നു നാലായി വിഭജിച്ചു, പൈലൻ, ജൈമിനി, വൈശമ്പായനൻ, സുമന്തു എന്നിവരെ പഠിപ്പിച്ചു. അഞ്ചാം വേദം എന്ന് അറിയപ്പെടുന്ന പുരാണേതിഹാസങ്ങൾ നിർമിച്ചു രോമഹർഷണനെ പഠിപ്പിച്ചു. ഇങ്ങനെ സർവ്വപ്രാണികളുടെയും ശ്രേയസ്സിനായി അനവരതം പ്രയത്നിച്ചു കൊണ്ടിരുന്നെങ്കിലും വ്യാസമഹർഷിയുടെ മനസ്സ്‌ പ്രസന്നമായില്ല. അദ്ദേഹം നാരദമഹർഷിയോട് തന്റെ സങ്കടം പറഞ്ഞു, നാരദമഹർഷി പറഞ്ഞു , അങ്ങ് അർത്ഥം, കാമം ഇവയെ പൂർണമായി പ്രതിപാദിച്ചു. എന്നാൽ അധോക്ഷജനായ ഭഗവാന്റെ മാഹാത്മ്യത്തെ വേണ്ടവിധത്തിൽ കീർത്തിച്ചില്ല. ഭഗവാന്റെ പവിത്രമായ യശസ്സിനെ കീർത്തിയ്ക്കാത്ത ഒന്നിനെയും സജ്ജനങ്ങൾ അംഗീകരിയ്ക്കുകയില്ല. അതുകൊണ്ടു അനന്തനായ ഭഗവാന്റെ യശസ്സിനാൽ അങ്കിതമായ പദങ്ങൾ കൊണ്ട് ഭഗവാനെ കീർത്തിയ്കണം. വ്യാസമഹർഷി സരസ്വതിനദിയിൽ ശരീരശുദ്ധി വരുത്തി ശമ്യാപ്രാസം എന്ന ആശ്രമത്തിലിരുന്നു ഭഗവാന്റെ മാഹാത്മ്യത്തെക്കുറിച്ച് ഏകാഗ്രമായി ചിന്തിച്ചു. ഭക്തിയോഗം കൊണ്ട് ശുദ്ധമായി ഏകാഗ്രമായിത്തീർന്ന മനസ്സിൽ, അവിടെ പ്രകാശിച്ചുകൊണ്ടിരുന്ന പരമ പുരുഷനെ ദർശിച്ചു. പിന്നീട്‌ ആ പുരുഷനെ ആശ്രയിച്ചിരുക്കുന്ന മായാശക്‌തിയേയും ദർശിച്ചു. സത്ത്വരജസ്തമോഗുണാത്മികയായ മായയുടെ ശക്‌തികൊണ്ടാണ് ജീവൻ ഭഗവാനിൽനിന്നും ഭിന്നമാണെന്ന അനുഭവം ഉണ്ടാകുന്നതെന്നും ആ തെറ്റിദ്ധാരണകൊണ്ടു ഉണ്ടാകുന്ന അനർത്ഥങ്ങളെ ഇല്ലാതാക്കാൻ ഭക്തിയോഗമാണ് ഏറ്റവും ഉത്തമമായ മാർഗം എന്നും മനസ്സിലാക്കി.

അധോക്ഷജനായ ഭഗവാന്റെ യശസ്സിനേ കീർത്തിച്ചു കൊണ്ടും ഭഗവാനെ സാക്ഷാത്ക്കരിയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ടും ശ്രീ വ്യാസമഹർഷി ശ്രീമദ് ഭാഗവതം നിർമ്മിച്ചു. അധോക്ഷജൻ എന്നാൽ എല്ലാ ഇന്ദ്രിയങ്ങളും അന്തക്കരണവും വിഷയപ്രതീതി ഇല്ലാതെ ഉപരമിയ്ക്കുമ്പോൾ വ്യക്തമായി പ്രകാശിയ്ക്കുന്ന ചൈതന്യമാണ്.