ബ്രഹ്മവിദ്യാപ്രതിഷ്ഠാപകനായ ജഗദ്ഗുരു ശ്രീ ആദിശങ്കരനു ശേഷം കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ ആധ്യാത്മികനവോത്ഥാനനായകനും അദ്വൈതബ്രഹ്മാനുഭൂതിസമ്പന്നനും സകലശാസ്ത്രപാരംഗതനും മഹാജ്ഞാനിയുമായിരുന്നു പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍. പുരോഹിതവര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകളാല്‍ വീര്‍പ്പുമുട്ടിയും, ധര്‍മ്മവിസ്മരണത്താല്‍ ലൌകികാസക്തിയില്‍ മുഴുകിയും, സ്വമാഹാത്മ്യത്തെ യാഥാസ്ഥിതികത്വത്തിനു അടിയറവച്ച് അടിമകളെപ്പോലെ കഴിഞ്ഞിരുന്ന കേരളീയജനതയെ ആത്മാഭിമാനത്തിന്‍റെയും ആത്മജ്ഞാനത്തിന്‍റെയും ആശാവഹമായ കരങ്ങള്‍ കൊണ്ട് മഹത്വത്തിലേക്കുയര്‍ത്തിയ യുഗപ്രഭാവനായിരുന്നു അദ്ദേഹം. കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണിനാളില്‍ (1853 ഓഗസ്റ്റ്‌ 25) അനന്തപുരിയിലെ കൊല്ലൂര്‍ ഗ്രാമത്തില്‍ കുഞ്ഞന്‍പിള്ളയായി ജനിച്ച് കാഠിന്യമേറിയ ബാല്യകാലത്തിലൂടെ കടന്നു പോകുമ്പോഴും തന്‍റെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. പരദേശിയായ ഒരു ബ്രാഹ്മണന്റെ സംസ്കൃതപാഠശാലയില്‍ പഠിപ്പിക്കുന്നത് മറഞ്ഞിരുന്ന് കേട്ട് പരോക്ഷശിഷ്യനായതും, പിന്നീടു പേട്ടയില്‍ ശ്രീ രാമന്‍പിള്ള ആശാന്‍റെ പള്ളിക്കൂടത്തില്‍ നിന്നും സംസ്കൃതം, തമിഴ്, സംഗീതം എന്നിവ അഭ്യസിച്ചു ചട്ടമ്പി (മോണിട്ടര്‍) ആയതും ആ ജ്ഞാനവാസനയുടെ ദൃഷ്ടാന്തങ്ങളാണ്. അജ്ഞാതനാമാവായ ഒരു മഹാപുരുഷനില്‍ നിന്നും ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നേടുകയും ആ മന്ത്രത്തിന്റെ ജപസിദ്ധിയാല്‍ സഗുണബ്രഹ്മപ്രാപ്തി നേടുകയും ചെയ്തശേഷം അദ്ദേഹം തയ്ക്കാട്ട് അയ്യാവ് എന്ന യോഗിയില്‍ നിന്നും ഹഠയോഗവും മരുത്വാമലയില്‍ ഉണ്ടായിരുന്ന ‘കുമാരവേലു’ എന്ന ആത്മാനന്ദസ്വാമികളില്‍ നിന്നും യോഗശാസ്ത്രത്തിലെ രഹസ്യവിദ്യകളും, ശ്രീ സ്വാമിനാഥദേശികനില്‍ നിന്നും തമിഴ് ഗ്രന്ഥങ്ങളും, ബ്രഹ്മനിഷ്ഠനായ ശ്രീ സുബ്ബജടാപാഠികളില്‍ നിന്നും വേദാന്തവും അഭ്യസിച്ചു. കൂടാതെ സംഗീതം, വാദ്യം, മുതലായ കലകള്‍, കായകല്പം, കായികാഭ്യാസം, മന്ത്രതന്ത്രാദികള്‍ മുതലായവയില്‍ എല്ലാം തന്നെ ചെറിയ കാലയളവ് കൊണ്ട് അദ്ദേഹം നൈപുണ്യം നേടി. ഇസ്ലാം മതം, ക്രിസ്തുമതം തുടങ്ങിയ ഇതരമതങ്ങളിലും അദ്ദേഹം അറിവു സമ്പാദിച്ചിരുന്നു.

എന്തെല്ലാം വിദ്യകള്‍ അഭ്യസിച്ചാലും, സിദ്ധികള്‍ നേടിയാലും, ശാസ്ത്രപാണ്ഡിത്യം ഉണ്ടായാലും മുമുക്ഷു തൃപ്തനാകുന്നില്ല. നിരതിശയസുഖസ്വരൂപമായ ബ്രഹ്മാനുഭവം കൊണ്ട് മാത്രമേ ഒരു മുമുക്ഷു പൂര്‍ണ്ണതൃപ്തനാവുകയുള്ളൂ. തീവ്രതരവൈരാഗ്യം നേടിയിരുന്ന സ്വാമിതിരുവടികള്‍ ആ അപരോക്ഷാനുഭൂതിയുടെ കുറവിനാല്‍ അസംതൃപ്തനായിരുന്നു. അക്കാലത്ത് സ്വാമികള്‍ തിരുവനന്തപുരത്തും മരുത്വാമലയിലും മാറിമാറി താമസിക്കുകയും സഞ്ചാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കേ വടിവീശ്വരം എന്ന സ്ഥലത്ത് വച്ച് അദ്ദേഹത്തിനു ഒരു അനുഭവമുണ്ടായി. ഒരു സദ്യയുടെ എച്ചിലിലകള്‍ കിടന്നിരുന്ന കുഴിയില്‍ കുറേ നായ്ക്കള്‍ക്കൊപ്പം ഒരു പ്രാകൃതമനുഷ്യന്‍ അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നത് അദ്ദേഹം കണ്ടു. അല്‍പസമയത്തിനു ശേഷം അര്‍ദ്ധനഗ്നനായ ആ മനുഷ്യന്‍ അവിടെ നിന്നും എഴുന്നേറ്റ് ശീഘ്രഗതിയില്‍ നടന്നുതുടങ്ങി. സ്വാമികള്‍ അദ്ദേഹത്തിന്‍റെ പുറകെ നടന്നു. വളരെ ദൂരം സഞ്ചരിച്ചതിനു ശേഷം തിരിഞ്ഞു നിന്ന ആ മനുഷ്യനെ സ്വാമികള്‍ നമസ്ക്കരിച്ചു. കാരുണ്യത്തോടെ ആ അവധൂതമഹാത്മാവ് സ്വാമികളെ സ്പര്‍ശിച്ചു ജ്ഞാനദീക്ഷയെ നല്കിയനുഗ്രഹിച്ച ശേഷം എവിടെയോ മറഞ്ഞു. അനേകായിരം ജന്മങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച പുണ്യകര്‍മ്മഫലമായി ആത്മാനുഭൂതിയുടെ രസം തുളുമ്പുന്ന തത്ത്വമസിയാകുന്ന പുണ്യതീര്‍ത്ഥത്തില്‍ സ്വാമികള്‍ സ്വയം ലയിച്ചു. സകല സംശയവിപര്യയങ്ങളും നീങ്ങി സ്വസ്വരൂപാവബോധമാകുന്ന ജ്ഞാനത്താല്‍ അദ്ദേഹം ജീവന്മുക്തിയെ പ്രാപിച്ചു. അദ്വൈതസാക്ഷാത്കാരമാകുന്ന മഹാസിദ്ധിയെ പ്രാപിച്ച സ്വാമിതിരുവടികളുടെ പിന്നീടുള്ള ജീവിതം പ്രാരബ്ധാനുസാരിയായി ലീലാരൂപേണ മാത്രമായിരുന്നു. ജീവന്മുക്തനായ സ്വാമിതിരുവടികള്‍ക്ക് അത് ലീലയായിരുന്നെങ്കിലും കൈരളിക്ക് അതൊരു മഹാഭാഗ്യവും മൃതസഞ്ജീവനിയുമായിരുന്നു എന്നത് കാലം തെളിയിച്ചതാണ്.

യാഥാസ്ഥിതിക ജാതിബ്രാഹ്മണപൌരോഹിത്യത്തിന്റെ നിയന്ത്രണത്താല്‍ ഉച്ചനീചത്വങ്ങളുടെ തടവറയില്‍ കഴിഞ്ഞിരുന്ന മലയാളനാട്ടിലെ ജനങ്ങളെ പ്രബുദ്ധരാക്കാന്‍ തന്‍റെ കൃതികള്‍, ലേഖനങ്ങള്‍, ശിഷ്യോപദേശങ്ങള്‍ എന്നിവ കൊണ്ട് ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് കഴിഞ്ഞു. മലയാളദേശം ബ്രാഹ്മണര്‍ക്ക് പരശുരാമന്‍ ദാനം നല്‍കിയതാണെന്നും അവരാണ് ഈ നാടിന്റെ യഥാര്‍ത്ഥ അവകാശികളെന്നും വാദിച്ചു ബാക്കി സമുദായങ്ങളെയെല്ലാം കീഴാളന്മാരായി കണ്ടിരുന്ന യാഥാസ്ഥിതികരെ തന്‍റെ ‘പ്രാചീനമലയാളം’ എന്ന കൃതിയിലൂടെ സ്വാമികള്‍ ഖണ്ഡിച്ചു. മലയാളനാടിന്‍റെ പൂര്‍വികര്‍ മലയക്ഷത്രിയരായ നാഗവംശജരാണെന്നും, സംസ്കാരം കൊണ്ടും, ജ്ഞാനം കൊണ്ടും, ആചരണം കൊണ്ടും ഉത്തമരായ ആ ജനതയെ ചതിയിലൂടെ മലയാളബ്രാഹ്മണര്‍ അധ:കൃതരാക്കിയതാണെന്നും സ്വാമികള്‍ യുക്തിപൂര്‍വ്വം പ്രമാണസഹിതം തെളിയിച്ചു. ഇത് ഇവിടുത്തെ ജനതയില്‍ ആത്മാഭിമാനത്തെ ഉളവാക്കുകയും അടിമത്ത്വത്തില്‍ നിന്നും മോചിക്കപ്പെടുവാന്‍ അവര്‍ക്ക് ഉത്തേജനമാവുകയും ചെയ്തു. വേദം പഠിക്കുവാന്‍ ഇതരസമുദായങ്ങള്‍ക്ക് അധികാരമില്ല എന്ന യാഥാസ്ഥിതികവാദത്തെ ഖണ്ഡിച്ചുകൊണ്ട് ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥവും സ്വാമിതിരുവടികള്‍ രചിച്ചു. മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ജാതിവര്‍ഗ്ഗലിംഗഭേദമന്യേ വേദം പഠിക്കാന്‍ അധികാരമുണ്ടെന്ന് സ്വാമികള്‍ ശ്രുതിസ്മൃതിപുരാണാദിശാസ്ത്രപ്രമാണങ്ങളാല്‍ തെളിയിച്ചു. ഈ രണ്ടു ഗ്രന്ഥങ്ങളും അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ ഉലഞ്ഞത് കാലാകാലങ്ങളായി മലയാളസമൂഹത്തെ അടിച്ചമര്‍ത്തുവാന്‍ യാഥാസ്ഥിതികര്‍ ചമച്ച ഒരു കൂട്ടം കെട്ടുകഥകളായിരുന്നു. ഭ്രാന്താലയമായിരുന്ന കേരളസമൂഹത്തിനാകട്ടെ അത് വേനലിലെ ദാഹജലമെന്നപോലെ ആശ്വാസകരവും ഉത്തേജനവുമായി മാറി.

പ്രാചീനമലയാളവും വേദാധികാരനിരൂപണവും ചട്ടമ്പിസ്വാമിതിരുവടികളുടെ ചരിത്രപരവും സാമുദായികവുമായ പര്യവേഷണപാടവത്തെ വെളിപ്പെടുത്തുന്നു. അതുപോലെതന്നെ സ്വാമികളുടെ ഭാഷാശാസ്ത്രപരമായ വിജ്ഞാനത്തിന്‍റെ ഉത്തമോദാഹരണമാണ്‌ അദ്ദേഹം രചിച്ച ‘ആദിഭാഷ’ എന്ന കൃതി. സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അനിതരസാധാരണമായ പാണ്ഡിത്യത്തിന്‍റെ നേര്‍സാക്ഷ്യമാണ് ഈ കൃതി. ദ്രാവിഡജനത അവികസിതവും പ്രാകൃതവുമായ ഒരു ജനതയായിരുന്നു എന്ന വാദത്തെ നിശിതമായി വിമര്‍ശിച്ച് ദ്രാവിഡദേശത്തിന്‍റെ മാഹാത്മ്യവും തമിഴ്ഭാഷയുടെ ശ്രേഷ്ഠത്വവും ഭംഗിയായി ഈ കൃതി അവതരിപ്പിക്കുന്നു. ആദിഭാഷയിലൂടെ സംസ്കൃതവും തമിഴും തമ്മിലുള്ള ഒരു താരതമ്യപഠനം ഇരുഭാഷകളിലെയും വ്യാകരണങ്ങള്‍ ആധാരമാക്കി അദ്ദേഹം നടത്തിയിട്ടുണ്ട്. സംസ്കൃതഭാഷയെ പരിഷ്കൃതഭാഷയായി അംഗീകരിക്കുമ്പോളും തമിഴ് അതിന്‍റെ സൌകുമാര്യതയിലും പഴമയിലും വിജ്ഞാനശാഖകളിലും പ്രാചീനകാലം മുതല്‍ സമ്പന്നമെന്നു അദ്ദേഹം തെളിയിക്കുന്നു. തമിഴിനും മൂലമായ മൂലദ്രാവിഡഭാഷ ആദിഭാഷയെന്നും അതില്‍ നിന്നും മറ്റു ഭാഷകള്‍ രൂപം കൊണ്ടതും സ്വാധീനം ചെലുത്തിയതുമെല്ലാം സ്വാമികള്‍ വിവരിക്കുന്നത് ഇപ്പോഴും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്ക്‌ ഗവേഷണവിഷയമാണ്.

കേരളത്തിലെ സാമുദായികമായ ദുരവസ്ഥയെ മുതലെടുക്കാന്‍ അക്കാലത്ത് ക്രിസ്ത്യന്‍ പാതിരിമാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ പിന്‍ബലവും കൂടി ആയപ്പോള്‍ മതപരിവര്‍ത്തനത്തിനുള്ള അന്തരീക്ഷം സുഗമമായി. ഹിന്ദുക്കള്‍ക്കിടയിലെ മതപരമായ അജ്ഞതയും ഉച്ചനീചത്വങ്ങളും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടി. ആ ചുറ്റുപാടിലാണ്, പരമഭട്ടാരശ്രീചട്ടമ്പിസ്വാമിതിരുവടികള്‍, ‘ഷണ്‍മുഖദാസന്‍’ എന്നു പേരുവച്ച് ക്രിസ്തുമതച്ഛേദനമെന്ന പുസ്തകമെഴുതി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത്. ഏറ്റുമാനൂര്‍ ഉത്സവത്തിനുകൂടുന്ന ഹിന്ദുക്കളെ ‘സുവിശേഷ’പ്രസംഗം കേള്‍പ്പിക്കാന്‍ അന്നു കോട്ടയത്തു നിന്നു ക്രിസ്ത്യന്‍മിഷ്യനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മുമ്പില്‍വരികപതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍ ശ്രീ. കാളികാവു നീലകണ്ഠപ്പിള്ള എന്ന മാന്യനെ ‘ക്രിസ്തുമതച്ഛേദനം’ എഴുതിക്കൊടുത്തു പഠിപ്പിച്ച് ഏറ്റുമാനൂര്‍ക്ഷേത്രത്തില്‍വച്ച് ആദ്യമായി സ്വാമിതിരുവടികള്‍ പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ. നീലകണ്ഠപ്പിള്ളയും ശ്രീ. കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്കു സഞ്ചരിച്ച് ‘ക്രിസ്തുമതച്ഛേദന’ത്തിലെ ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു. തിരുവിതാംകൂറില്‍ കോട്ടയം മുതല്‍ വടക്കോട്ട് ശ്രീ നീലകണ്ഠപ്പിള്ളയും, കോട്ടയത്തുനിന്നു തെക്കോട്ട് ശ്രീകൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദു മതതത്ത്വങ്ങളെക്കുറിച്ചു പ്രസംഗിക്കുകയും, ആ തത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യന്‍പാതിരിമാര്‍ പുറപ്പെടുവിക്കാറുള്ള ആക്ഷേപങ്ങള്‍ക്കു സമുചിതമായ സമാധാനം പറഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയുമായിരുന്നു ആ പ്രസംഗങ്ങളിലെ മുഖ്യപരിപാടി. ‘ക്രിസ്തുമതച്ഛേദനം’ എന്ന ഗ്രന്ഥത്തിലൂടെ മതപരിവര്‍ത്തനത്തെ സ്തംഭിപ്പിച്ചതിനൊപ്പം തന്നെ ‘ക്രിസ്തുമതസാര’വും സ്വാമികള്‍ രചിച്ചു. യഥാര്‍ത്ഥ ക്രിസ്തുമതം എന്തെന്ന് പാതിരിമാര്‍ക്ക് പോലും മനസ്സിലാക്കുവാന്‍ ആ ഗ്രന്ഥം ഉപകരിച്ചു.

ബ്രഹ്മസംസ്ഥനായ ശ്രീ ചട്ടമ്പിസ്വാമികള്‍ അഹിംസാപ്രതിഷ്ഠ നേടിയ മഹായോഗികൂടിയായിരുന്നു. “അഹിംസാപ്രതിഷ്ഠായാം തത്സന്നിധൌ വൈരത്യാഗ:” എന്ന യോഗസൂത്രത്തിന്റെ പ്രായോഗികത സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തന്നു. ഉറുമ്പുകളും, നായ്ക്കളും, പശുക്കളുമെല്ലാം സ്നേഹവാല്‍സല്യത്തോടെ അദ്ദേഹത്തിനു ചുറ്റും കൂടുമായിരുന്നു. എന്തിനധികം, ഹിംസ്രമൃഗമായ വ്യാഘ്രം പോലും സ്വാമിതിരുവടികളുടെ മുന്നില്‍ വിനമ്രനായി വാലുംചുരുട്ടി ഇരുന്നിരുന്നതായി ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജീവിയെയും മനസ്സ് കൊണ്ടോ, വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കാതിരിക്കുക എന്ന ഗൌണാര്‍ത്ഥത്തിലും വേറൊന്നിനാല്‍ താനും തന്നാല്‍ വേറൊന്നും ഹിംസിക്കപ്പെടുക എന്ന അവസ്ഥയെ അതിക്രമിച്ചതായ മോക്ഷമാകുന്ന ആ പരമാനന്ദപദമെന്ന മുഖ്യാര്‍ത്ഥത്തിലും അഹിംസാപ്രതിഷ്ഠ നേടിയിരുന്ന മഹാത്മാവായിരുന്നു സ്വാമിതിരുവടികള്‍. സര്‍വഭൂതഹിതരൂപമായ ഈ അഹിംസാസിദ്ധി അദ്വൈതസാക്ഷാത്കാരത്തിലൂടെ മാത്രമേ നേടാനാവുകയുള്ളൂ. അഹിംസയുടെ തത്ത്വവും ജീവകാരുണ്യത്തിന്‍റെ ആവശ്യകതയും വിവരിച്ചുകൊണ്ട് സ്വാമികള്‍ രചിച്ച ലഘുപുസ്തകമാണ് ജീവകാരുണ്യനിരൂപണം. മനുഷ്യന്‍ സസ്യഭുക്കാണെന്നും സസ്യാഹാരം ഒരുവനെ ഹിംസയില്‍ നിന്നും ദൂരെയും അഹിംസയോട് ഒരു പടി അടുത്തും എത്തിക്കുന്നു എന്നും അദ്ദേഹം അതില്‍ സമര്‍ത്ഥിക്കുന്നു.

സ്വാമിതിരുവടികളുടെ മതം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ അദ്വൈതജ്ഞാനമാകുന്നു. ഏകവും അദ്വിതീയവുമായ ബ്രഹ്മം തന്നെയാണ് തന്‍റെ യഥാര്‍ത്ഥ സ്വരൂപമെന്ന് നിര്‍ണ്ണയിച്ച ജീവന്മുക്തനായിരുന്നു ശ്രീ ചട്ടമ്പി സ്വാമിതിരുവടികള്‍. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിളും ഉപാസനാപദ്ധതികളിലും ശൈവസമ്പ്രദായത്തെയും, ആന്തരികമായി അദ്വൈതാനുഭൂതിയേയുമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അദ്വൈതസിദ്ധാന്തത്തിന്‍റെ തത്ത്വങ്ങളും പ്രക്രിയകളും വിവരിച്ചുകൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതവേദാന്തത്തിലെ പ്രധാനപ്രക്രിയകളും, ചതുര്‍വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യങ്ങള്‍, ഈശ്വരജീവജഗത്തത്ത്വങ്ങള്‍ എന്നിവയും ശ്രുതിയുക്ത്യനുഭവപ്രാമാണ്യത്തോടെ അതില്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. തമിഴ് ശൈവാദ്വൈതസമ്പ്രദായത്തെയും ശങ്കരാദ്വൈതത്തെയും സംയോജിപ്പിച്ചുകൊണ്ട് തീര്‍ത്ഥപാദസമ്പ്രദായം അദ്ദേഹം സ്ഥാപിച്ചു. തന്‍റെ  പ്രധാന സന്ന്യാസിശിഷ്യന്മാരായ ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ എന്നിവരിലൂടെയും ഗൃഹസ്ഥശിഷ്യര്‍, ഭക്തജനങ്ങള്‍ എന്നിവരിലൂടെയും അദ്ദേഹം തന്‍റെ സന്ദേശം കേരളത്തിലാകെ പ്രചരിപ്പിച്ചു. ശിഷ്യരുടെ ആധികാരികത അനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. സാഹിത്യകുശലന്‍ ശ്രീ ടി. കെ. കൃഷ്ണമേനോന്‍റെ ഭാര്യ സാഹിത്യസഖി ടി. സി. കല്യാണിയമ്മയ്ക്ക് സ്വാമികള്‍ ഇപ്രകാരമാണ് ഉപദേശം കൊടുത്തത് ”ചിലര്‍ വിലയ്ക്കു മന്ത്രം വില്ക്കാന്‍ നടക്കുന്നുണ്ടത്രേ. കഷ്ടം! കല്യാണിയമ്മ അവരോടു വാങ്ങേണ്ട. ഒരു നല്ല വിളക്കുകൊളുത്തി തെളിയിച്ചുവച്ച്, സുഗന്ധപുഷ്പങ്ങളെ ഭക്തിയോടു കൂടി അതിന്റെ മുമ്പില്‍ ഭഗവതിക്കായിവച്ച്, വീണയുടെ തന്ത്രികളെ പതുക്കെമീട്ടി ലളിതാസഹസ്രനാമം ഇങ്ങനെ ദിവസവും പാരായണം ചെയ്താല്‍ സര്‍വാഭീഷ്ടങ്ങളും സുലഭമായിക്കിട്ടും”. എന്നാല്‍ ഉത്തമാധികാരിയായ ശിഷ്യര്‍ക്ക് ഖേചരീവിദ്യ പോലുള്ള അതീവരഹസ്യങ്ങളായ യോഗവിദ്യകളും ദുര്‍ലഭമായ ജ്ഞാനസാധനകളും അദ്ദേഹം ഉപദേശിച്ചിരുന്നു.

കൊല്ലവര്‍ഷം 1099 മേടം 23നു (1924 മേയ് 5) പന്മനയില്‍ വച്ച് ആ മഹാനുഭാവന്‍ ലീലാരൂപേണ കൈക്കൊണ്ട തന്‍റെ ദിവ്യവിഗ്രഹമായ ശരീരം വെടിഞ്ഞ് വിദേഹമുക്തിയെ പ്രാപിച്ചു. അതിവര്‍ണ്ണാശ്രമിയായി ജീവിതം നയിച്ച സ്വാമിതിരുവടികളുടെ സമാധിവിവരം അറിഞ്ഞ ശ്രീനാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് അനുഷ്ടുപ്പ് വൃത്തത്തില്‍ അത്യന്തം ഗംഭീരമായ രണ്ടു ശ്ലോകങ്ങള്‍ രചിച്ചു.

“സര്‍വജ്ഞഋഷിരുല്‍ക്രാന്ത: സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്നി പരിപൂര്‍ണ്ണകലാനിധിം
ലീലയാ കാലമധികം നീത്വാന്തേ സമഹാപ്രഭു:
നിസ്സ്വം വപുസ്സമുല്‍സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിത:”

ഈ ശ്ലോകങ്ങളുടെ അര്‍ത്ഥഗാംഭീര്യത്തെ വെളിവാക്കിക്കൊണ്ട് സ്വാമിതിരുവടികളുടെ പ്രശിഷ്യനും ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ശിഷ്യനുമായ ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അതിലെ സംക്ഷിപ്തഭാഗങ്ങള്‍ ഇപ്രകാരമാണ്.

“സര്‍വ്വജ്ഞനും ഋഷിയുമായ സല്‍ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്ന് പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര്‍വത്ര പ്രകാശിക്കുന്നു” എന്നാണ് ഒന്നാം ശ്ലോകത്തിന്റെ അക്ഷരാര്‍ത്ഥം.

‘സര്‍വ്വജ്ഞനെന്ന പദം ശ്രീവിദ്യാധിരാജാചട്ടമ്പിസ്വാമികളെ സംബന്ധിച്ച് അന്വര്‍ത്ഥമാണെന്ന് സകലകലാവല്ലഭനായിരുന്ന അദ്ദേഹത്തോട് അടുത്തിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ബ്രഹ്മവിദ്യയും പാചകവിദ്യയും സംഗീതവും സാഹിത്യവും ചെപ്പടിവിദ്യയും മല്ലയുദ്ധവും എന്ന് വേണ്ട എല്ലാം തന്നെ അദ്ദേഹത്തിനു ഒരുപോലെ സ്വാധീനമായിരുന്നു. പലഗുപ്തവിദ്യകളും അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും ‘സിദ്ധികള്‍ കൊണ്ട് ആരെയും വശീകരിക്കരുത് അത് ഹിംസയാണ്’ എന്നാണ് അദ്ദേഹം ഉപദേശിച്ചിരുന്നത്. ആരുടെ ബുദ്ധിമണ്ഡലത്തിലാണോ പരസഹായം കൂടാതെ തനിയെ തന്നെ തത്വജ്ഞാനം പ്രകാശിക്കുന്നത്, അവരെയാണ് ഋഷികള്‍ എന്ന് പറയുക. അവരുടെ ജ്ഞാനത്തെ ആര്‍ഷം എന്നും പറയുന്നു. ഇതിനു പ്രാതിഭം എന്നും പേരുണ്ട്. യോഗകലയില്‍ സിദ്ധി നേടിയ മഹാന്മാരുടെ സമാധിയില്‍ നിന്നുണ്ടാകുന്ന ബുദ്ധിയുടെ ഒരു ശക്തിയാണ് പ്രാതിഭം. ശ്രീവിദ്യാധിരാജസ്വാമികള്‍ക്ക് ആര്‍ഷജ്ഞാനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം സര്‍വജ്ഞനായിത്തീര്‍ന്നതും. സദ്ഗുരു എന്നതിന് സദ്രൂപത്തില്‍-ബ്രഹ്മരൂപത്തില്‍- വിളങ്ങുന്ന ഗുരുവെന്നാണ് അര്‍ത്ഥം. ചോദകന്‍, മോദകന്‍, മോക്ഷദന്‍ എന്നിങ്ങനെ ഗുരുക്കന്മാരെ മൂന്നായി ശാസ്ത്രങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. ആധ്യാത്മികമാര്‍ഗ്ഗത്തിലേക്ക് പ്രേരിപ്പിക്കുന്ന ഗുരു ചോദകനും, ഉപദേശം കൊണ്ട് ശിഷ്യരെ സന്തോഷിപ്പിക്കുന്ന ഗുരു മോദകനും, കരതലാമലകം പോലെ ആത്മതത്വത്തെ വെളിപ്പെടുത്തി ഭവബന്ധത്തില്‍ നിന്നും മോചിപ്പിക്കുന്ന ഗുരു മോക്ഷദനും ആകുന്നു. സദ്ഗുരു എന്ന പദം കൊണ്ട് മോക്ഷദനായ ഗുരുവിനെയാണ് അര്‍ത്ഥമാക്കുന്നത്. ശുകബ്രഹ്മര്‍ഷി മോക്ഷം നേടിയ മാര്‍ഗ്ഗമെന്നും ശുകങ്ങളുടെ മാര്‍ഗ്ഗമെന്നും ശുകവര്‍ത്മാവ് എന്ന പദത്തിന് അര്‍ത്ഥം പറയാം. ശുകനെപ്പോലെ സദ്യോമുക്തി നേടുന്നതിനുള്ള മാര്‍ഗ്ഗത്തിനു ശുകമാര്‍ഗ്ഗമെന്നും വാമദേവനെപ്പോലെ വളരെ കഷ്ടപ്പെട്ട് ക്രമേണ മുക്തി നേടുന്ന മാര്‍ഗ്ഗം വാമദേവമാര്‍ഗ്ഗം അഥവാ പിപീലികാമാര്‍ഗ്ഗം എന്നും പറയുന്നു. സ്വാമിതിരുവടികള്‍ അതിദുര്‍ലഭമായ സദ്യോമുക്തിയാണടഞ്ഞത് എന്ന് ശുകവര്‍ത്മനാ എന്ന പദം കൊണ്ട് മനസ്സിലാക്കാം. പരമവ്യോമം എന്നത് കൊണ്ട് ജ്ഞാനസ്വരൂപമായ ബ്രഹ്മത്തെക്കുറിക്കുന്ന ശ്രേഷ്ഠമായ ചിദാകാശത്തെയാണ് സൂചിപ്പിക്കുന്നത്. പരിപൂര്‍ണ്ണകലാനിധി എന്നതിന് പരിപൂര്‍ണ്ണതയെ പ്രാപിച്ച കലകള്‍ക്ക് ഇരിപ്പിടമായിട്ടുള്ളവന്‍ എന്നാണു സാമാന്യാര്‍ത്ഥം. ദേഹാരംഭത്തിനു കാരണമായ പ്രാണാദികളെയാണ് ഇവിടെ കലകള്‍ എന്ന് വിവക്ഷിച്ചിരിക്കുന്നത്. ആത്മാവില്‍ കല്പിതമായ ഈ കലകളെല്ലാം സമ്യഗ്ജ്ഞാനത്തില്‍ അതിന്റെ അധിഷ്ഠാനരൂപമായി പൂര്‍ണ്ണതയടയുന്നു. നിഷ്കളബ്രഹ്മരൂപത്തിലാണ് സ്വാമികള്‍ വിലയം പ്രാപിച്ചതെന്ന് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നു. ഇത്രയും കൊണ്ട് സ്വാമിതിരുവടികള്‍ യോഗജന്യമായ ആര്‍ഷജ്ഞാനംകൊണ്ട് സര്‍വജ്ഞത്വവും ജീവന്മുക്തിഭാവവും നേടി അനേകമാളുകള്‍ക്ക് ബ്രഹ്മോപദേശം ചെയ്തതിനു ശേഷം സദ്യോമുക്തി അടഞ്ഞു എന്ന് മനസ്സിലാക്കാം. ഇതാണ് ഒന്നാം ശ്ലോകത്തിന്റെ സാരം.

ആ മഹാപ്രഭു മായാമയമായ ദേഹത്തെ വെറും ലീലയാ സ്വീകരിച്ച് അധികം നാള്‍ വിനോദിച്ചതിനു ശേഷം തന്‍റെതല്ലാത്ത ആ ദേഹമുപേക്ഷിച്ച് സ്വന്തരൂപമായ ബ്രഹ്മഭാവത്തെ കൈക്കൊണ്ടുവെന്നാണ് രണ്ടാം ശ്ലോകത്തിന്റെ സാരം. ‘ലോകവത്തു ലീലാകൈവല്യം” എന്ന ബ്രഹ്മസൂത്രത്തിന്‍റെ ചുരുക്കമാണ് ഈ ശ്ലോകം. ആപ്തകാമനും പരിപൂര്‍ണ്ണനുമായ പരമേശ്വരന് ജീവഭാവം കൈക്കൊള്ളേണ്ട യാതൊരു കാരണവുമില്ല. അതിനാല്‍ ആ ജീവഭാവം ലീലാമാത്രമായിരുന്നു എന്ന് കരുതാം. ബ്രഹ്മസ്വരൂപനായ ജഗദീശ്വരന്‍ ചട്ടമ്പിസ്വാമികളുടെ വേഷമെടുത്ത് വിനോദിച്ചതിനു ശേഷം വീണ്ടും സ്വസ്വരൂപത്തിലെത്തിയെന്നു പറയുമ്പോള്‍
സ്വാമിതിരുവടികള്‍ ഒരവതാരപുരുഷന്‍ തന്നെയായിരുന്നുവെന്നു കരുതുന്നതില്‍ തെറ്റില്ല. കേരളത്തിലെ അബ്രാഹ്മണരെ ഉദ്ധരിക്കുന്നതിന് അന്ന് ഒരവതാരത്തിന്റെ ആവശ്യകതയുണ്ടായിരുന്നു. അത് നിര്‍വഹിക്കുന്നതിന് ഭഗവാന്‍ ശ്രീ വിദ്യാധിരാജസ്വാമികളുടെയും ഭഗവദ്വിഭൂതികള്‍ ശ്രീസ്വാമികളുടെ ശിഷ്യന്മാരായും അവതരിച്ച് ഇവിടെ പ്രവൃത്തിപരവും നിവൃത്തിപരവുമായ ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ തെളിയിച്ച് സ്വധാമത്തില്‍ വിലയം പ്രാപിച്ചുവെന്നു ഭക്തജനങ്ങള്‍ക്കും വിശ്വസിക്കാവുന്നതാണല്ലോ”

ശ്രീനാരായണഗുരുസ്വാമികള്‍ രചിച്ച ആ ശ്ലോകങ്ങളുടെ അര്‍ത്ഥവ്യാപ്തി എത്രത്തോളം ഗംഭീരമാണെന്ന് ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ മേല്‍പ്പറഞ്ഞ വ്യാഖ്യാനത്തില്‍ നിന്നും വ്യക്തമാണല്ലോ. “കേരളത്തില്‍ ഞാന്‍ ഒരു അനന്യസാമാന്യ വ്യക്തിയെ കണ്ടു” എന്ന് സ്വാമിവിവേകാനന്ദന്‍ യാതൊരു മഹാത്മാവിനെക്കുറിച്ചു പറഞ്ഞുവോ ആ ദിവ്യാവതാരമായ പരമഭട്ടാര ചട്ടമ്പിസ്വാമിതിരുവടികള്‍ മലയാളദേശത്ത് വരുത്തിയ ആദ്ധ്യാത്മികവും സാമുദായികവുമായ പരിവര്‍ത്തനത്തിന്‍റെ പ്രതിഫലനങ്ങളാണ് നാം ഇന്ന് കാണുന്ന ആത്മീയോതക്ര്‍ഷത്തിനു മൂലമായിരിക്കുന്നത്. അഗസ്ത്യനും, വസിഷ്ഠനും, വ്യാസനും, ശങ്കരനും സമ്മേളിച്ച ജ്ഞാനാവതാരമായിരുന്നു സ്വാമിതിരുവടികള്‍. സച്ചിദാനന്ദസ്വരൂപമായ് ഇന്നും വിളങ്ങുന്ന ആ ബ്രഹ്മസംസ്ഥന്‍ കാട്ടിത്തന്ന വഴികളിലൂടെ നമുക്ക് സഞ്ചരിക്കാം. ആ പുണ്യപുരുഷന്‍റെ പാവനസ്മരണകളാല്‍ മനസ്സിനെ ശുദ്ധീകരിച്ച് കൈവല്യനവനീതം രുചിക്കാം. ആധ്യാത്മികജ്ഞാനമണ്ഡലത്തിലെ ഉദയസൂര്യനായി ആത്മാനുഭൂതിയുടെ പൊന്‍പ്രഭ വിതറി സദാ ജ്വലിച്ചു നില്‍ക്കുന്ന ആ മഹാജ്ഞാനിയുടെ അനുഗ്രഹത്താല്‍ നമുക്ക് പരമപദത്തെ പ്രാപിക്കാം. പരമഭട്ടാരകനായ സദ്ഗുരുവിന്‍റെ പാദാരവിന്ദങ്ങളില്‍ ശതകോടിപ്രണാമം.