ആദിശങ്കരനും തുഞ്ചത്തെഴുത്തച്ഛനും ചട്ടമ്പിസ്വാമികളും നാരായണഗുരുവുമെല്ലാം വിതച്ച ആത്മീയവിത്തുകളാല്‍ പുഷ്ടിപ്പെട്ട മലയാളസംസ്കൃതിയില്‍ ആ ശ്രേണിയില്‍പ്പെട്ടിട്ടും ആധുനികബൗദ്ധികമണ്ഡലം വിസ്മരിച്ച ഒരു മഹാത്മാവുണ്ട്. ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍.
പറവൂര്‍ വടക്കേക്കരയില്‍ മഠത്തില്‍ എന്ന കുടുംബത്തില്‍ 1881 ഒക്ടോബര്‍ 19നാണ് സ്വാമികളുടെ ജനനം. തോട്ടത്തില്‍ നാണുക്കുറുപ്പ് എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രസിദ്ധ പണ്ഡിതന്മാരായിരുന്ന മേനാക്കൈയ്മള്‍ വേലുണ്ണിത്താന്‍, മേനാക്കൈയ്മള്‍ കൃഷ്ണനുണ്ണിത്താന്, ഓണാക്കയ്മള്‍ കൃഷ്ണനുണ്ണിത്താന് എന്നിവരില്‍ നിന്നും അദ്ദേഹം പ്രാഥമികവിദ്യാഭ്യാസവും മലയാളം, സംസ്കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യവും നേടി. പതിനാലാം വയസ്സില്‍ ശങ്കരഗിരി എന്ന യോഗിയില്‍ നിന്നും ഹഠയോഗം അഭ്യസിക്കുകയും ചെറിയനാണന്‍ എന്ന സന്ന്യാസിയോടൊപ്പം തമിഴ്നാട്ടില്‍ തീര്‍ത്ഥാടനം നടത്തുകയും ചെയ്തു. ആറു മാസത്തെ ആ യാത്രക്കിടയില്‍ തമിഴ്ഭാഷ നല്ലവണ്ണം സംസാരിക്കുവാനും സാമാന്യം എഴുതുവാനും വായിക്കുവാനും അദ്ദേഹം പഠിച്ചു. ചിദംബരം ക്ഷേത്രത്തിനടുത്തുള്ള കൊവിലൂര്‍മഠത്തിലെ ശ്രീചിദംബരസ്വാമികളില്‍ നിന്നും ‘കൈവല്യനവനീതം’ എന്ന തമിഴ് വേദാന്തഗ്രന്ഥം ശ്രവിക്കുവാനും ഈ യാത്രയില്‍ അദ്ദേഹത്തിനു സാധിച്ചു. യാത്രയ്ക്ക് ശേഷം തിരികെയെത്തിയ സ്വാമികള്‍ ശാബ്ദികന്‍ ശ്രീ ചേന്നമംഗലം അയ്യാശാസ്ത്രി, വിദ്വാന് രാമുണ്ണി ഇളയത് എന്നിവരില്‍ നിന്നും തര്‍ക്കവ്യാകരണാദിശാസ്ത്രങ്ങള്‍ പഠിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍, കാത്തൊള്ളി അച്യുതമേനോന് മുതലായ പണ്ഡിതകവികളുടെ പരിചയവും വാത്സല്യാനുഗ്രഹങ്ങളും അക്കാലത്ത് അദ്ദേഹം സമ്പാദിച്ചു.
ചേന്ദമംഗലത്ത് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിനു ശ്രീ ചട്ടമ്പിസ്വാമികളെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചത്. സ്വാമികള്‍ ബാലനായ നാണുക്കുറുപ്പിന് പരിപാവനമായ ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നല്കിയനുഗ്രഹിച്ചു. ശ്രദ്ധാഭക്തികളോടെ അദ്ദേഹം മൂന്നു മാസം ആറങ്കാവ് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഭജനമിരുന്ന് മന്ത്രസിദ്ധിവരുത്തി. പറവൂര്‍ വടക്കേക്കരയിലെ അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് ഒരു കുളവും അതിന്റെ കരയ്ക്ക് വലിയൊരു കാവുമുണ്ടായിരുന്നു. പകല്‍ സമയം ചട്ടമ്പിസ്വാമികള്‍ ആ കാവിലാണ് വിശ്രമിച്ചിരുന്നത്. ശാസ്ത്രപഠനവും പല പണ്ഡിതന്മാര് പങ്കെടുത്തിരുന്ന ചര്‍ച്ചകളും അവിടെയാണ് നടന്നിരുന്നത്. സ്വാമികളില്‍ നിന്നും യോഗശാസ്ത്രത്തിലെ രഹസ്യവിദ്യകള്‍ അഭ്യസിക്കുവാനും ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രങ്ങള്‍, ശ്രീമദ് ഭഗവദ്ഗീതാ എന്നിവ ശാങ്കരഭാഷ്യസഹിതം പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിനുശേഷം ചട്ടമ്പിസ്വാമികള്‍ക്കൊപ്പം ഹിംസ്രജന്തുക്കള്‍ ധാരാളമുള്ള കോടനാട് എന്ന വനപ്രദേശത്ത് കുറച്ചുനാള്‍ അദ്ദേഹം താമസിച്ചു. ആ കാനനവാസത്തിനിടയില്‍ ഒരു തൈപ്പൂയദിവസം സമ്പ്രദായപ്രകാരമുള്ള ദീക്ഷാപൂര്‍വ്വം സ്വാമികള്‍ അദ്ദേഹത്തിനു അതിരഹസ്യമായ മഹാവാക്യോപദേശം നല്കിയനുഗ്രഹിച്ചു. ആ പുണ്യദിനത്തില്‍ തോട്ടത്തില്‍ നാണുക്കുറുപ്പ് എന്ന യുവാവ് തീര്‍ത്ഥപാദപരമഹംസര്‍ എന്ന സന്ന്യാസിവര്യനായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ”എത്ര പഠിച്ചാലും, ശാസ്ത്രങ്ങള്‍ ഉരുവിട്ടാലും ഏതു പ്രതിവാദിയെയും ജയിക്കത്തക്ക പാണ്ഡിത്യം സമ്പാദിച്ചാലും സര്‍വ്വസംശയനിവൃത്തിരൂപമായ ഹൃദയഗ്രന്ഥിനാശം സംഭവിക്കുന്നതല്ല. അതിനു അനുഭൂതിസമ്പന്നനായ പരമഗുരുവിന്റെ കൃപാപൂര്‍ണ്ണമായ ഉപദേശം തന്നെ വേണം” എന്നാണ് സ്വാമിജി അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആത്മവിചാരത്താല്‍ പ്രപഞ്ചവിഷയങ്ങളെയെല്ലാം സാക്ഷിസ്വരൂപമായ ആത്മാവില്‍ കല്പിതമാണെന്നറിഞ്ഞ് ആത്മാവിന്റെ സത്യത്വവും പ്രപഞ്ചമിഥ്യാത്വവും തിരിച്ചറിഞ്ഞ് അദ്ദേഹം ജീവന്മുക്തനായിത്തീര്ന്നു.
ശ്രീ ചട്ടമ്പിസ്വാമികളുടെ പരമ്പരയാ ഉള്ള ആദ്ധ്യാത്മികോപദേശങ്ങള്‍ക്കാണ് തീര്‍ത്ഥപാദസമ്പ്രദായം എന്നു പറയുന്നത്. തീര്‍ത്ഥപാദസമ്പ്രദായത്തിലെ സന്ന്യാസിമാര്‍ക്കായി ഒരു ആശ്രമവ്യവസ്ഥ സ്ഥാപിച്ചത് പരമഹംസസ്വാമികളാണ്. കൊല്ലവര്‍ഷം 1087 ല്‍ അദ്ദേഹം കോട്ടയം ജില്ലയിലെ വാഴൂരില്‍ ‘തീര്‍ത്ഥപാദാശ്രമം’ സ്ഥാപിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശ്രമമാണിത്. ശ്രീ ചട്ടമ്പിസ്വാമികളുടെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി എഴുമറ്റൂരില്‍ ‘പരമഭട്ടാരാശ്രമം’ എന്ന പുണ്യാശ്രമവും അദ്ദേഹം സ്ഥാപിച്ചു. ശ്രീ ചട്ടമ്പിസ്വാമികള്‍ കുലപതിയായും, ശ്രീ നീലകണ്ഠതീര്ത്ഥപാദസ്വാമികള് ആശ്രമാധ്യക്ഷനായും വിജയിച്ചരുളിയ ആ ഗുരുകുലം തീര്‍ത്ഥപാദസമ്പ്രദായത്തിന്റെ കേന്ദ്രസ്ഥാനമായി മാറി. പിന്നീട് അയിരൂരില്‍ പമ്പാതീരത്ത് ഗുരുകുലാശ്രമവും അദ്ദേഹം സ്ഥാപിച്ചു. കാലക്രമേണ പ്രവര്‍ത്തനരഹിതമായെങ്കിലും ഈ ആശ്രമം ഇന്നു ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമം എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം ആരംഭിച്ചത് ശ്രീ തീര്ത്ഥപാദസ്വാമികളുടെ നിര്‍ദ്ദേശപ്രകാരമാണ്. വാഴൂര്‍ദേശത്തിന്റെ സമഗ്രവികസനത്തിന് സ്വാമിജി ചെയ്ത പ്രവര്‍ത്തനം നിസ്തുലമാണ്. ആ ദേശത്ത് നിലനിന്നിരുന്ന തെരണ്ടുകുളികല്യാണം, താലികെട്ടുകല്യാണം തുടങ്ങിയ അനാചാരങ്ങളെ ഇല്ലാതെയാക്കി ജനങ്ങളില്‍ ധര്‍മ്മബോധത്തെ വളര്‍ത്തുവാനും സ്വാമിജിക്ക് കഴിഞ്ഞു. സ്വാമികളുടെ പ്രേരണയാല്‍ രണ്ടു സ്കൂളുകളും വാഴൂരില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്ഥിതി ചെയ്യുന്ന കുതിരവട്ടം എന്ന പ്രദേശം തീര്‍ത്ഥപാദപുരം എന്നാണ് ഇന്ന് അറിയപ്പെടുന്നത്.
കേരളസമൂഹത്തില്‍ ആദ്ധ്യാത്മികവും സാമുദായികവുമായ പരിവര്‍ത്തനമുളവാക്കുവാന്‍ ഒരു കര്‍മ്മയോഗിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എല്ലാ സമുദായങ്ങളും ഒത്തൊരുമയോടെ പോകണമെന്നും ജാതിവ്യത്യാസങ്ങള്‍ ഇല്ലാതെയായി ഒരേ സംസ്കൃതിയുടെ ഭാഗമാകണം എന്നുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ജാതിഭേദം ഇല്ലതെയാകുവാന്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്നും അത് സാദ്ധ്യമാക്കുന്നതിന് ഒരു ‘വിവാഹമഹാസഭ’ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ആശൌചപരിഷ്കാരം എന്നിവയിലെല്ലാം സ്വാമിജിയുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അന്നത്തെ പൊതുസമൂഹം സര്‍വ്വാത്മനാ സ്വീകരിക്കുകയാണുണ്ടായത്. ശ്രീനാരായണഗുരു ഈഴവസമുദായത്തെ ഉദ്ധരിച്ചതുപോലെ നായര്‍സമുദായത്തെ തന്റെ പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍ ഉപദേശങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം ഉത്തേജിപ്പിച്ചു. നായര്‍ സമുദായാചാര്യനായ മന്നത്തുപദ്മനാഭന്‍ സ്വാമിജിയുടെ ഗൃഹസ്ഥശിഷ്യനാണ്. സ്വാമികളുടെ പ്രേരണയാലാണ് മന്നം സാമുദായികോന്നമനത്തിനായി പ്രവര്‍ത്തിച്ചത് എന്ന് എടുത്തു പറയേണ്ടതുണ്ട്. പെരുന്നയിലെ ആദ്യ കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം സ്വാമിജി നടത്തിയത് ആ ബന്ധത്തിന്റെ ഊഷ്മളത കാണിക്കുന്നു.
നായര്‍ സമുദായത്തെ ദുരഭിമാനത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ അദ്ദേഹം ‘നായര്‍പുരുഷാര്‍ത്ഥസാധിനീസഭ’ സ്ഥാപിച്ചു. തന്റെ ശിഷ്യയായ ആദ്ധ്യാത്മഭാരതി ശ്രീ ചിന്നമ്മ അവര്കളിലൂടെ ‘ഹിന്ദുമഹിളാമന്ദിരം’ സ്ഥാപിച്ച് സ്ത്രീസമുദായോദ്ധരണവും സ്വാമികള്‍ സാദ്ധ്യമാക്കി. ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം കേന്ദ്രമാക്കി ‘അദ്ധ്യാത്മമിഷന്‍’ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചിരുന്നു.
സാമാന്യജനങ്ങള്‍ക്കിടയില്‍ സനാതനധര്‍മ്മപരിചയം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹം കേരളമൊട്ടാകെ സഞ്ചരിച്ച് പ്രസംഗങ്ങള്‍ നടത്തി. ആ മഹാജ്ഞാനി 1114 ചിങ്ങമാസം 26-ാം തീയതി (11-9-1938) ഞായറാഴ്ച പകല്‍ പത്തരമണിക്ക് അന്നത്തെ ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ പ്രദേശമായ ചെറുവള്ളില്‍ പീലിയാനിക്കല്‍ വീട്ടില്‍ വച്ച് വിദേഹമുക്തി പ്രാപിച്ചു. വിദ്യാനന്ദതീര്ത്ഥപാദസ്വാമികള് എന്ന ഉത്തമനായ സന്ന്യാസിശിഷ്യനെ പരമ്പരയുടെ സാരഥ്യം ഏല്‍പ്പിച്ചിട്ടാണ് ആ മഹാത്മാവ് ശരീരം ഉപേക്ഷിച്ചത്. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ആദ്ധ്യാത്മികപ്രഭ ശിഷ്യപ്രശിഷ്യരിലൂടെ ഇന്നും പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. ആ മഹാത്മാവിനെ നമുക്ക് മറക്കാതിരിക്കാം. ആ ദിവ്യോപദേശങ്ങളെ നെഞ്ചിലേറ്റാം. ആ പാദപദ്മങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചിടാം.