മഹാഭാരതയുദ്ധം അവസാനിച്ചു. അശ്വത്ഥാമാവിന് തന്റെ പ്രിയമിത്രമായ ദുര്യോധനൻ തുട ചതഞ്ഞു കിടക്കുന്നതു കണ്ടിട്ടു സഹിച്ചില്ല. അദ്ദേഹം രാത്രിയിൽ പാണ്ഡവശിബിരത്തിൽ ചെന്നു ഉറങ്ങിക്കിടന്ന പാണ്ഡവപുത്രന്മാരുടെ തലകൾ ഛേദിച്ചു ദുര്യോധനന് കാഴ്‌ച വച്ചു. പക്ഷെ ദുര്യോധനന് ആ പ്രവൃത്തി അല്പം പോലും സഹിച്ചില്ല. തന്റെ കുലം ഇല്ലായ്മ ചെയ്ത ആ പ്രവൃത്തിയെ ദുര്യോധനൻ വളരെ നിന്ദിച്ചു. നിരാശനായ അശ്വത്ഥാമാവ് അവിടെനിന്നും പോയി. രാവിലെ തന്റെ അഞ്ചു മക്കളുടെയും ജഡം കണ്ടു ദു:ഖിച്ചു കരയുന്ന പാഞ്ചാലിയെ സമാധാനിപ്പിച്ചിട്ട് അർജുനൻ അശ്വത്ഥാമാവിനെ പിടിയ്ക്കാൻ പുറപ്പെട്ടു. ഭയന്നോടിയ അശ്വത്ഥാമാവ് അർജ്ജുനനു നേരേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. എല്ലാറ്റിനെയും ദഹിപ്പിയ്ക്കുവാൻ ശക്തിയുള്ള തേജസ്സോടുകൂടി തന്റെ നേരെ വരുന്ന ബ്രഹ്മാസ്ത്രം കണ്ടു ഭയന്ന അർജുനനോടു ഭഗവാൻ പറഞ്ഞു അശ്വത്ഥാമാവിനു ഈ അസ്ത്രത്തിന്റെ ഉപസംഹാരം അറിയാൻ പാടില്ല. നീ ഈ അസ്ത്രത്തിനുനേരേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു രണ്ടും കൂടി ഉപസംഹരിയ്ക്കുക. അർജുനൻ അപ്രകാരം ചെയ്തു. എന്നിട്ട് അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി ശിബിരത്തിൽ കൊണ്ടുവന്നു. അതുകണ്ടിട്ടു പാഞ്ചാലിയ്ക്കു അല്പം പോലും സഹിച്ചില്ല. താൻ ദു:ഖിയ്ക്കുന്നതു പോലെ ഇദ്ദേഹത്തിന്റെ അമ്മ ദു:ഖിയ്ക്കാൻ ഇട വരരുത്. ഇദ്ദേഹത്തെ മോചിപ്പിയ്ക്കണം എന്നു പാഞ്ചാലി ആവശ്യപ്പെട്ടു. അങ്ങനെ അശ്വത്ഥാമാവിനെ മോചിപ്പിച്ചു. പക്ഷേ അദ്ദേഹം പോയപ്പോൾ പാണ്ഡവവംശം നശിയ്ക്കട്ടെ എന്നു സങ്കല്പിച്ചു വീണ്ടും ഒരു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. പാണ്ഡവർക്കു നേരേ വന്ന ആ അസ്ത്രത്തെ അവർക്കു പ്രതിരോധിയ്ക്കാൻ സാധിച്ചു. പിന്നീട് അവരെല്ലാവരും കൂടി യുദ്ധത്തിൽ മരിച്ചവർക്ക്‌ ഗംഗാ നദിയിൽ പോയി ഉദകക്രിയ ചെയ്തു. അതിനു ശേഷം ധർമ്മപുത്രരെ രാജാവായി വാഴിച്ചു. അദ്ദേഹത്തെ കൊണ്ട് മൂന്നു അശ്വമേധങ്ങളും കഴിപ്പിച്ചു. പിന്നീട് ദ്വാരകയിലേക്ക് തിരിച്ചു പോകാൻ ഇറങ്ങിയ ഭഗവാനോട് ഉത്തര, തന്റെ നേരേ അതിദാരുണമായ ഒരു തേജസ്സുവരുന്നുണ്ടെന്നും തന്റെ ഗർഭത്തിലുള്ള ശിശുവിനെ രക്ഷിക്കണം എന്നും അപേക്ഷിച്ചു.കുന്തീദേവി, തന്നെയും പാണ്ഡവരെയും സർവ്വ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്ന ഭഗവാനെ ഭക്തിപൂർവ്വം സ്തുതിച്ചു. കുന്തി ഭഗവാനോട് അപേക്ഷിച്ചത്:

“ത്വയി മേഽനന്യവിഷയാ മതിർ
മധുപതേഽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൗഘമുദന്വതി”
(എന്റെ മനസ്സ് അന്യവിഷയങ്ങളിലേക്ക് പോകാതെ എപ്പോഴും അങ്ങയിൽ തന്നെ രമിക്കുന്നതായി തീരണം, ഗംഗാനദി സകല പ്രതിബന്ധങ്ങളെയും തട്ടി മാറ്റി സമുദ്രത്തിൽ പതിച്ചുകൊണ്ടിരിക്കുന്നതു പോലെ) അതിനു ശേഷം ഭഗവാൻ, സ്വജനവധം കൊണ്ട് വളരെ ദുഃഖിച്ചിരുന്ന ധർമ്മപുത്രരെയും മറ്റു ജനങ്ങളെയും കൂട്ടി ഭീഷ്മപിതാമഹന്റെ അടുത്തേക്ക് പോയി. ഭീഷ്മർ ധർമ്മപുത്രർക്ക് രാജധർമ്മം, ദാനധർമ്മം, മോക്ഷധർമ്മം, സ്ത്രീധർമ്മം, ഭഗവാന്റെ ധർമ്മം മുതലായവയെല്ലാം വിസ്തരിച്ചുപദേശിച്ചു. പിന്നീട്‌ ഭഗവാന്റെ സാന്നിധ്യത്തിൽ ഭഗവാനെ ഭക്തിപൂർവ്വം സ്തുതിച്ചുകൊണ്ട് ശരീരം ഉപേക്ഷിച്ചു.

ഭീഷ്മപിതാമഹന്റെയും ഭഗവാന്റെയും ഉപദേശങ്ങൾ ശ്രവിച്ചു ശാന്തചിത്തനായിത്തീർന്ന ധർമ്മപുത്രർ ധർമ്മം അനുസരിച്ചു കൃഷ്ണപാദപൂജയായി രാജ്യം ഭരിച്ചു. ഭഗവാൻ ദ്വാരകയിലേക്കു തിരിച്ചു പോവുകയും ചെയ്തു.

ഉത്തരയുടെ ഗർഭത്തിലുണ്ടായിരുന്ന ശിശുവിനെ അശ്വത്ഥാമാവ് പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തിൽ നിന്നും ഭഗവാൻ സംരക്ഷിച്ചു. ആ ശിശു അമ്മയുടെ ഗർഭത്തിൽ കിടക്കുമ്പോൾ, വളരെ ചെറുതെങ്കിലും, പ്രകാശിക്കുന്ന കിരീടം ധരിച്ചു, മഞ്ഞ വസ്ത്രം ധരിച്ചു തിളങ്ങുന്ന കുണ്ഡലങ്ങൾ അണിഞ്ഞു ചതുർബാഹുവായ അതിമനോഹരമായ രൂപം ഗദയും ചുഴറ്റി തന്റെ ചുറ്റിനും നടക്കുന്നതായി കണ്ടു. പത്തു മാസം തികഞ്ഞപ്പോൾ ആ രൂപം അപ്രത്യക്ഷമായി. എല്ലാ ഗ്രഹങ്ങളും മേൽക്കുമേൽ അഭിവൃദ്ധിയെ സൂചിപ്പിക്കുന്ന ഒരു ശുഭമുഹൂർത്തത്തിൽ അതിപരാക്രമത്തോടുകൂടിയ ആ ശിശു ഭൂജാതനായി. കുരുവംശത്തെ നിലനിർത്തേണ്ട ഈ ശിശു വിധിവശാൽ മരിയ്ക്കേണ്ടതായിരുന്നു എങ്കിലും വിഷ്ണുവിനാൽ സംരക്ഷിയ്ക്കപ്പെട്ടതു കൊണ്ടു ഈ ശിശുവിന് വിഷ്ണുരാതൻ എന്ന പേരുനിർദ്ദേശിച്ചു. അതിസമർത്ഥനായ ഇദ്ദേഹം കാണുന്ന മനുഷ്യരിലെല്ലാം താൻ ഗർഭസ്ഥനായിരുന്നപ്പോൾ കണ്ട രൂപം ഉണ്ടോ എന്നു പരീക്ഷിച്ചിരുന്നു. അതിനാൽ പരീക്ഷിത് എന്നനാമവും ഈ ശിശുവിന് വന്നുചേർന്നു. പരീക്ഷിത് രാജകീയപരിപാലനം കൊണ്ടും വിദ്യ കൊണ്ടും ശുക്ലപക്ഷത്തിലെ ചന്ദ്രൻ എന്നതു പോലെ വളർന്നു വന്നു.