അന്യാപേക്ഷ കൂടാതെ എപ്പോഴും സ്വയം വിളങ്ങിക്കൊണ്ടിരിക്കുന്ന അദ്വൈതജ്ഞാന സ്വരൂപമായ സത്യത്തെ പ്രകാശിപ്പിക്കുന്ന ശ്രീമദ് ഭാഗവതം ശ്രീ ഭഗവാൻ ബ്രഹ്മാവിനും ബ്രഹ്മാവിന്റെ സ്വരൂപത്തിൽ ശ്രീ നാരദമഹർഷിയ്ക്കും നാരദസ്വരൂ പത്തിൽ ശ്രീ വേദവ്യാസ മഹർഷിക്കും വേദവ്യാസ സ്വരൂപത്തിൽ ശ്രീശുക ബ്രഹ്മർഷിക്കും ശുകരൂപത്തിൽ പരീക്ഷിത്തു മഹാരാജാവിനും പ്രകാശിപ്പിച്ചുകൊടുത്തു. ഈ പരമ്പരയിൽ കൂടിയാണ് ഭാഗവതം ലോകത്തിൽ പ്രചരിച്ചത്.

സൂതശൗനകസംവാദമായിട്ടാണ് ഭാഗവതം അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുന്ന വിഷയം വേഗം മനസ്സിലാക്കാൻ സാധിക്കും. അദ്ധ്യാത്‌മ വിദ്യയ്ക്ക് സംവാദി വിദ്യ എന്നും പേരുണ്ട്.

ഒരിക്കൽ ശൗനകൻ മുതലായ മഹർഷിമാർ ആയിരം വർഷം നീണ്ടു നിൽക്കുന്ന ഒരു യജ്ഞം തുടങ്ങി. യജ്ഞത്തിന്റ ഒരു അംഗമാണ് പ്രവചനം. സൂതനാണ് പ്രവചനം നടത്തിയത്. വക്താവായ സൂതനോട് മഹർഷിമാർ പറഞ്ഞു , “അങ്ങ് സകല ശാസ്ത്രങ്ങളും അറിയുന്ന മഹാത്മാവാണ്. മനുഷ്യന് ആത്യന്തികമായ ശ്രേയസ്‌ നൽകുന്നതെന്താണോ അതു ഞങ്ങൾക്ക് ഉപദേശിച്ചു തരണം ” എന്ന്. സൂതൻ പറഞ്ഞു :-

സ വൈപുംസാം പരോ ധർമോ
യതോ ഭക്തിരധോക്ഷജേ
അഹൈതുക്യപ്രതിഹതാ

യയാ ആത്മാ സംപ്രസീദതി

ഇതു തന്നെയാണ് മനുഷ്യന്റെ പരമമായകർത്തവ്യം: അധോക്ഷജനായ ഭഗവാനിൽ ഫലേച്‌ഛയോടു കൂടാത്തതും വിപരീതാനുഭവങ്ങൾ കൊണ്ടുപോലും ഹനിയ്ക്കപ്പെടാത്തതുമായ ഭക്തി യാതൊന്നു കൊണ്ടാണോ ഉണ്ടാകുന്നത് അതാണ് മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ധർമ്മം.

അധ:കൃതങ്ങളായ അക്ഷങ്ങളിൽ ജനിക്കുന്നവനാണ് അധോക്ഷജൻ. ഇപ്പോൾ നമ്മുടെ അന്തഃകരണവും ഇന്ദ്രിയങ്ങളും ബഹിഷ്‌കൃതങ്ങളാണ് — ബാഹ്യവിഷയങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നവയാണ്.

ഈ കരണങ്ങൾ എല്ലാ വിഷയങ്ങളിൽ നിന്നും ഉപരമിക്കുമ്പോൾ സ്വയം പ്രകാശിക്കുന്ന ദൃശ്യസ്പർശമില്ലാത്ത അദ്വൈതജ്ഞാനമാണ് അധോക്ഷജൻ. കരണങ്ങളെ ഉപരമിപ്പിയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് കഥാശ്രവണം. അകാമഹതനായ ഒരു മഹാത്മാവിൽ നിന്നു ഈശ്വരകഥകൾ ശ്രദ്ധയോടെ കേൾക്കുന്ന ഒരു ആളിന്റെ എല്ലാ മനോമാലിന്യങ്ങളും ഹൃദയസ്ഥനായ ഈശ്വരൻ നശിപ്പിയ്ക്കും. മാലിന്യം ഇല്ലാത്ത ഹൃദയത്തിൽ ദൃഢമായ ഭക്തി ഉണ്ടാകും. അപ്പോൾ ഭക്തന്റെ മനസ് ഇളക്കവും മയക്കവും ഇല്ലാതെ ശാന്തമാകും. കാമം, ക്രോധം,ലോഭം മോഹം ,മദം, മാത്സര്യം മുതലായ ദോഷങ്ങൾ ഇല്ലാതായാൽ മനസ്സ് സത്വഗുണ പ്രധാനമായി ശാന്തമായി തീരും. മുക്തസംഗനായ ആ ഭക്തന്റെ ശാന്തമായിത്തീർന്ന മനസ്സിൽ ഭഗവാന്റെ തത്ത്വം വ്യക്തമായി പ്രകാശിക്കും.

ഭിദ്യതേ ഹൃദയഗ്രന്ഥി :ഛിദ്യന്തേ സർവ്വസംശയാ :

ക്ഷീയന്തേ ചാസ്യ കര്മാണി ദൃഷ്ട ഏവാത്മനീശ്വരേ

സർവേശ്വരനായ ഈശ്വരനെ ആത്മസ്വരൂപത്തിൽ അപോരോക്ഷമായി അറിഞ്ഞാൽ ഹൃദയഗ്രന്ഥികൾ നശിക്കുന്നു. സർവ്വസംശയങ്ങളും ഇല്ലാതാകുന്നു. സർവ്വകർമങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു. അങ്ങനെ ആ ജീവിതം സഫലമായി തീരുന്നു.