” ബ്രഹ്മവിദാപ്നോതി പരം സത്യം ജ്ഞാനം അനന്തം ബ്രഹ്മ ” എന്നാണ് തൈത്തരീയ ഉപനിഷത് അനുശാസിച്ചിരിക്കുന്നത് . സത്യം നിരുപാധിക ജ്ഞാനമാണ് അത് അനന്തവുമാണ്.

ശ്രീമദ് ഭാഗവതം ഉപക്രമിക്കുന്നതും ഉപസംഹരിക്കുന്നതും ” സത്യം പരം ധീമഹി “എന്നാണല്ലോ. ഉപക്രമോപസംഹാരം, അഭ്യാസം, അപൂർവ്വത, ഫലം, അർത്ഥവാദം, ഉപപത്തി ഈ ആറു ഹേതുക്കളെക്കൊണ്ടാണ് ഒരു ഗ്രന്ഥത്തിന്റ നിർണയം മനസ്സിലാക്കേണ്ടത്.

ഭാഗവതത്തിൽ അഭ്യസിച്ചിട്ടുള്ളതും സത്യമെന്നു തന്നെയാണ്.

സത്യവ്രതം സത്യപരം ത്രിസത്യം
സത്യസ്യയോനിംനിഹിതംചസത്യേ സത്യസ്യ സത്യമൃതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാ :തുടങ്ങി അനേക സ്ഥലങ്ങളിൽ സത്യപദം അഭ്യസിച്ചിരിക്കുന്നതു കാണാം.
അപൂർവത – ഒരു പുതുമ – ഭാഗവതത്തിനുള്ളതു കൊണ്ടാണല്ലോ ഇന്നും അതിനു ഇത്രയും പ്രചാരമുള്ളത്. ഫലം ബ്രഹ്മപ്രാപ്തി ആണ്. പറയുന്ന വിഷയത്തെ സ്തുതിയ്ക്കുന്നതും വിപരീതമായിട്ടുള്ളതിനെ നിന്ദിക്കുന്നതും അർഥവാദമാണ്. പറയുന്ന വിഷയത്തെ യുക്തിയുക്തം സമർത്ഥിക്കുന്നത് ഉപപത്തി. ഈ ആറു ഹേതുക്കൾ കൊണ്ടും ഭാഗവതത്തിന്റെ നിർണയം സത്യസ്വരൂപമായ ബ്രഹ്മമാണെന്നു മനസിലാക്കാം.

സത്യസ്വരൂപമായ പരമാത്മാവിനെ ഞങ്ങൾ സ്വസ്വരൂപത്തിൽ ധ്യാനിക്കുന്നു എന്നാണല്ലോ ഉപക്രമിച്ചിരിക്കുന്നത്. ആ സത്യത്തിന്റെ ലക്ഷണം പറയുന്നു

സ്ഥൂലവും സൂക്ഷ്മവുമായി അറിയപ്പെടുന്ന പ്രപഞ്ചം യാതൊരു കാരണത്താൽ ഉണ്ടായി നിലനിന്നു വിലയിക്കുന്നുവോ അതാണ് സത്യം. ആ സത്യത്തെ അന്വയവ്യതിരേക യുക്തി കൊണ്ടു അറിയാൻ സാധിക്കും. തുടർന്നു നില്കുന്നത് അന്വയം മാറുന്നത് വ്യതിരേകം. ഈ കാണുന്ന സകല പദാർത്ഥ ങ്ങളിലും അറിവായി തുടർന്നു നില്കുന്നു സത്യം. അറിവ്‌ അന്വയിക്കുന്നു. പദാർത്ഥങ്ങൾ മാറുന്നു, വ്യതിരേകം സംഭവിയ്കുന്നു. സത്യം സ്വയം പ്രകാശമാനമായി വിരാജിക്കുകയാണ്. ആദികവിയായ ബ്രഹ്‌മാവിന് സ്വസങ്കല്പത്താൽ വേദം പ്രകാശിപ്പിച്ചു കൊടുത്തത് സത്യമാകുന്നു. വലിയ പണ്ഡിതന്മാർ പോലും സത്യത്തെ സാക്ഷാത്ക്കരിയ്ക്കാൻ സാധിയ്ക്കാതെ മോഹിയ്ക്കുന്നു.

മരുഭൂമിയിൽ നാം ജലം കാണാറുണ്ട്.മുത്തുച്ചിപ്പി കണ്ടിട്ട് വെള്ളിയാണെന്നു തെറ്റിദ്ധരിക്കാറുണ്ട്. ജലം കണ്ടിട്ടു കരയാണെന്ന് കരുതാറുണ്ട് ഇല്ലാത്ത ജലത്തെയും വെള്ളിയേയും കരയെയും കാണുന്നത് സത്യമായ ഒരു അധിഷ്‌ഠാനത്തിലാണ്. അതുപോലെ ഈ ചരാചരാത്മകമായ പ്രപഞ്ചം
സത്യമായ (സജാതീയ വിജാതീയ സ്വഗതഭേദരഹിതമായ)അധിഷ്‌ഠാനത്തിലാണ് പ്രതീതമാകുന്നത്. ആ സത്യം സ്വന്തം മഹിമാവിൽ യാതൊരു ദ്വൈതസ്പർശവും ഇല്ലാതെ വിളങ്ങിനിൽകുന്നു. അങ്ങനെയുള്ള സത്യത്തെ ഞങ്ങൾ ആത്മസ്വരൂപത്തിൽ ധ്യാനിക്കുന്നു. ഒന്നാമത്തെ പദ്യത്തിന് വളരെ ചുരുക്കി ഇങ്ങനെ ഒരു അർത്ഥം പറയാം. വളരെ അർത്ഥവ്യാപ്തിയുള്ള ഈ പദ്യത്തിനു നിർഗുണപരമായും സഗുണപരമായും അനേകം വ്യാഖ്യാനങ്ങൾ പണ്ഡിതന്മാർ രചിച്ചിട്ടുണ്ട്. മഹാപണ്ഡിതനായ വംശീധരൻ ഈ പദ്യത്തെ നൂറു രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സർവ്വാശ്രയമായ ഈ സത്യത്തെയാണ് ഭാഗവതം ബോധിപ്പിക്കുന്നത്.