ശ്രീവിദ്യാനന്ദതീര്‍ത്ഥപാദാഖ്യം
ശ്രീവിദ്യാനന്ദസംയുതം
ശ്രീവിദ്യാനന്ദപ്രദായിനം
ശ്രീവിദ്യാഗുരുമാശ്രയേ
1911 ജനുവരി അഞ്ചിനു ആറന്മുളയ്ക്കടുത്ത് പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ കുടുംബത്തിലാണ് തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനായിരുന്ന ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ ഭൂജാതനായത്. കൃഷ്ണന് നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം. ബാല്യം മുതല്ക്കേ ആത്മാന്വേഷണതത്പരനായിരുന്ന അദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സില്‍ ആത്രപ്പള്ളില്‍ ശ്രീ നാരായണന് നമ്പൂതിരിയില്‍ നിന്നും മന്ത്രദീക്ഷ നേടി. ശ്രീശങ്കരപരമ്പരയില്‍പ്പെട്ട അച്യുതാനന്ദപരമഹംസസ്വാമികളില്‍ നിന്നും ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പുല്ലാട്ട് പൌരസ്ത്യകലാലയത്തില്‍ സംസ്കൃതം, വ്യാകരണം, തര്‍ക്കം, സാഹിത്യം, ജ്യോതിഷം എന്നിവയില്‍ ഉപരിപഠനം നടത്തി. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ എത്തിയ അദ്ദേഹം ശ്രീ തീര്‍ത്ഥപാദസ്വാമികളില്‍ നിന്നും ജ്ഞാനദീക്ഷാപൂര്വ്വകമായ സന്ന്യാസം സ്വീകരിച്ച് അനുഗൃഹീതനായി. സ്വാമികളില്‍ നിന്നും യോഗജ്ഞാനവിഷയങ്ങളില്‍ സാമ്പ്രദായികമായ അറിവു വിപുലീകരിച്ചു. ശ്രീ ആത്മയോഗിനിയമ്മയില് നിന്നും ഖേചരിവിദ്യ മുതലായ യോഗവിദ്യകള്‍ അഭ്യസിക്കുകയും ശ്രീ പന്നിശ്ശേരി നാണുപിള്ളയില്‍ നിന്നും സാമ്പ്രദായികവിദ്യകളില് ദാര്‍ഢ്യം വരുത്തുകയും ചെയ്തു. തീര്ത്ഥപാദസ്വാമികളുടെ മഹാസമാധിക്കു ശേഷം തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനും കുലപതിയും ആയി. വാഴൂരിന്റെ ആദ്ധ്യാത്മികവും സാമൂഹികവുമായ വികസനത്തിനു സ്വാമിജി വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രന്ഥരചന, ശിഷ്യോപദേശം, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ സനാതനധര്‍മ്മം കേരളത്തിലുടനീളം അദ്ദേഹം പ്രചരിപ്പിച്ചു. സന്ന്യാസിമാരും ഗൃഹസ്ഥരുമായ നിരവധി ശിഷ്യരും സ്വാമിജിക്കുണ്ട്. ശ്രീതീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം), ഭഗവദ്ദര്‍ശനം, ഒരാഴ്ച ശ്രീ തപോവനസ്വാമിസന്നിധിയില്. ബ്രഹ്മവിദ്യ, പ്രണവോപാസന, ബ്രഹ്മദര്‍ശനം, ശാന്തിമന്ത്രങ്ങള്‍ (വ്യാഖ്യാനം), ഭക്തിസാധനകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് പ്രൌഢഗംഭീരമായ അവതാരികകളും അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാമിജിയുടെ ജീവചരിത്രം ‘ഗുരുപാദസപര്യ’ എന്ന പേരിലും അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം ‘തീര്‍ത്ഥവാണി’ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1984 ജൂണ്‍ 11നു വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയായി.
സ്വാമിജിയുടെ വിദേഹകൈവല്യത്തെക്കുറിച്ച് ജീവചരിത്രമായ ഗുരുപാദസപര്യയില് രേഖപ്പെടുത്തിയിട്ടുള്ള ഒരു ഭാഗം വായിക്കാം.
“ഞായറാഴ്ച രാത്രിയിലും സ്വാമിജിക്ക് ചുമ കാരണം ഉറങ്ങാനായില്ല. ‘വേദന വന്നാല്‍ സാധാരണ അങ്ങ് സംയമനം ചെയ്തുറങ്ങുകയാണല്ലോ പതിവ്.അങ്ങനെ ചെയ്താല്‍ അങ്ങയുടെ ക്ഷീണം മാറുമല്ലോ’ എന്നു ശിഷ്യര്‍ ചോദിച്ചെങ്കിലും സ്വാമിജി അതു ചെയ്തില്ല. ഞായറാഴ്ചയും ഉറങ്ങാതിരുന്നത് മലമൂത്രവിസര്‍ജ്ജനം നടക്കാത്തതുകൊണ്ടായിരിക്കാം എന്നു തെറ്റിദ്ധരിച്ച അന്തേവാസികള്‍ സ്വാമിജിയെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ തുനിഞ്ഞു. അവരോടായി സ്വാമിജി ഇങ്ങനെ പറഞ്ഞു.
“ നിങ്ങള്‍ക്ക് നിര്‍ബന്ധമാണമെങ്കില്‍ കൊണ്ടുപൊയ്ക്കൊള്ളൂ. പക്ഷേ എന്റെ ജഡമേ തിരിച്ചുകൊണ്ടുവരികയുള്ളൂ”
പിന്നീട് ആരും സ്വാമിജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാര്യം സംസാരിച്ചില്ല. തിങ്കളാഴ്ച രാവിലെ എട്ടു മണിയായപ്പോള്‍ “ഡോക്ടര്‍ പറഞ്ഞതുകൊണ്ടു കുളിക്കുന്നില്ല” എന്നു പറഞ്ഞു സ്വാമിജി കുളിമുറിയില്‍ പോയി കൈകാലുകളും മുഖവും കഴുകി തിരിച്ചു വന്നു. അതിനു ശേഷം
“സര്‍വ്വദ്വാരാണി സംയമ്യ മനോഹൃദി നിരുദ്ധ്യ ച
മൂര്ദ്ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം”
എന്ന ഗീതാവാക്യത്തെ അനുസ്മരിപ്പിക്കും വിധം സ്വാമിജി പറഞ്ഞു
“ഇപ്പോള്‍ എന്റെ തലയ്ക്ക് നല്ല കുളിര്‍മ്മ തോന്നുന്നു. എന്റെ പ്രാണന് മൂര്‍ദ്ധാവിലേക്ക് കേന്ദ്രീകരിക്കുന്നു”.
പിന്നീട് അദ്ദേഹം നനച്ചുണക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടു. വസ്ത്രം മാറിയ ശേഷം തന്റെ നെറ്റിയില്‍ ഭസ്മം തൊടീക്കാന്‍ സ്വാമിജി ആവശ്യപ്പെട്ടു. ശിഷ്യര്‍ അപ്രകാരം ചെയ്യുകയും ചെയ്തു. പിന്നീട് കുറേ ഭസ്മം എടുത്തു വച്ചിട്ട് ആശ്രമത്തില്‍ ഉള്ള എല്ലാവരെയും വിളിക്കുവാന്‍ സ്വാമിജി ആവശ്യപ്പെട്ടു. സ്വാമിജിയുടെ അടുക്കല്‍ വന്ന എല്ലാവരോടുമായി ആശ്രമത്തിന്റെ ഭാവികാര്യങ്ങളെക്കുറിച്ച് സ്വാമിജി സംസാരിക്കുകയും എല്ലാവര്ക്കും ഭസ്മം നല്കി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് എല്ലാവരെയും അവരവരുടെ ജോലിക്ക് സ്വാമിജി പറഞ്ഞുവിട്ടു.
അതിനുശേഷം സ്വാമിജി ശ്രീ ചിദ്വിലാസിനിയമ്മയെ വിളിച്ചു കുറേ പേരുകള്‍ പറഞ്ഞിട്ട് അവര്‍ക്കെല്ലാം തന്റെ “അന്ത്യമായി” എന്നു കമ്പിയടിക്കണം എന്നു പറഞ്ഞു. അസുഖം കൂടുതലെന്ന് എഴുതിയാല്‍ പോരെ എന്നു ചോദിച്ചപ്പോള്‍ അതു പോരെന്നും പറഞ്ഞതുപോലെ തന്നെ എഴുതിയാല്‍ മതിയെന്നും സ്വാമിജി പറഞ്ഞു.
ഈ സമയത്ത് ആശ്രമത്തിലെ ക്ഷേത്രത്തില്‍ ആത്മാനന്ദസ്വാമികള്‍ പൂജ നടത്തുകയായിരുന്നു. ഒന്‍പതുമണിയോടു കൂടി പൂജ കഴിയുകയും സ്വാമിജി അദ്ദേഹത്തെ വിളിപ്പിക്കുകയും ചെയ്തു. സ്വാമിജിയുടെ സന്നിധിയില്‍ എത്തിയ ആത്മാനന്ദസ്വാമികളോടെ ഇരിക്കുവാന് പറഞ്ഞിട്ട് സ്വാമിജി ഇപ്രകാരം പറഞ്ഞു
“ഞാന്‍ യാത്ര പറയാന്‍ വിളിച്ചതാണ്”
സ്വാമിജിക്ക് അനാരോഗ്യം ഉണ്ടായിരുന്നെങ്കിലും ഗൌരവമായ അസ്വാസ്ഥ്യം ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ പറഞ്ഞതു അവര്‍ക്കു വിശ്വസ്യമായില്ല. യാത്ര പറഞ്ഞതു കേട്ട് ആത്മാനന്ദസ്വാമികള്‍ പറഞ്ഞു.
“ഞങ്ങളെ വിഷമിപ്പിക്കുവാന്‍ ആണല്ലോ ഇതു പറയുന്നത്”
അതിനു ശേഷം സ്വാമിജി എല്ലാവരോടുമായി ചോദിച്ചു.
“പ്രാണന് മുകളിലേക്കു സഞ്ചരിക്കുന്ന ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ”.
എന്നാല്‍ കൂടി നിന്നവര്‍ക്ക് ഒന്നും കേള്‍ക്കാനായില്ല. അപ്പോഴേക്കും ഏകദേശം പത്തര മണിയായി. വാഴൂര്‍ എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ വാസുദേവന്‍ ഉണ്ണിത്താന്, പ്രൊഫ. ഗോപിനാഥന് നായര്‍ എന്നിവര്‍ സ്വാമിജിയുടെ അസുഖവിവരം അറിഞ്ഞെത്തി. കുശലപ്രശ്നം നടത്തിയ ശേഷം സ്വാമിജി അവരോടു പറഞ്ഞു
.“ഞാന്‍ യാത്ര പറയുകയാണ്”.
പിന്നീട് സ്വാമിജി എല്ലാവരോടുമായി പറഞ്ഞു.
“മാറുന്ന പ്രപഞ്ചം മിഥ്യയാണ് ; തുടര്‍ന്നു നില്ക്കുന്ന സാക്ഷി മാത്രമാണ് സത്യം. ഈ സാക്ഷി കേവലബോധസ്വരൂപമാണ്. അങ്ങനെയറിയുന്ന ആളിന്റെ ജിവിതം ധന്യമാണ്; ഞാന്‍ ധന്യനാണ്. ധന്യോഹം ധന്യോഹം ധന്യോ ധന്യഃ പുനഃപുനര്‍ ധന്യഃ”.
സാക്ഷ്യമായ ദേഹത്തിന്റെ നാശം സാക്ഷീഭാവത്തില്‍ ദര്‍ശിച്ചുകൊണ്ടിരുന്ന ആ മഹാത്മാവ് തന്റെ സ്വതസിദ്ധമായ മന്ദഹാസത്തോടെ പറഞ്ഞു.
“പ്രാണന്മാര് ഓരോന്നായാണ് ശരീരത്തില്‍ നിന്നും പോകുന്നത്. ഓരോ പ്രാണനും ഓരോ താളമാണ്; ഓരോരുത്തര് വന്നുപോകുമ്പോള്‍ താളം മാറിവീഴുന്നത് നിങ്ങള്‍ കാണുന്നില്ലേ? അനേകനാളത്തെ മമതകൊണ്ടാണ് പ്രാണനു ശരീരം വിട്ടുപോകാന്‍ പ്രയാസം.”
അപ്പോഴേക്കും പാലായില്‍ നിന്നും ഡോക്ടര്‍ ചിദംബരമെത്തി. സ്വാമിജി ഡോക്ടറോട് പറഞ്ഞു.
“നമ്മള് ഇന്നലെ പറഞ്ഞ കാര്യം ഇതാ സാധിക്കാന്‍ പോകുന്നു”.
ഡോക്ടര്‍ സ്വാമിജിയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും കുറവാണെന്നു കണ്ട് പരിഭ്രമിക്കുകയും ചെയ്തു. ശ്രീ ചിദംബരത്തിന്റെ പരിഭ്രമം കണ്ട സ്വാമിജി ചിരിച്ചുകൊണ്ടു പറഞ്ഞു
“ഒന്നും ഒളിക്കേണ്ട, ഇനി എത്ര സമയം ഉണ്ടെന്നു പറഞ്ഞാല്‍ മതി. മലമൂത്രവിസര്‍ജ്ജനം ഉണ്ടാകാത്തതുകൊണ്ടാണ് ചെറിയ വിമ്മിട്ടം”.
“അതിനു എനിമാ എടുക്കാം.” ഡോക്ടര്‍ പറഞ്ഞു.
“അതുകൊണ്ടു പ്രയോജനമില്ല” സ്വാമിജി മറുപടി നല്കി.
“ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യാന്‍ സ്വാമിജി അനുവദിക്കണമെന്നു” പറഞ്ഞ ഡോക്ടറോട് “എന്നാല്‍ അങ്ങനെയാകട്ടെ” എന്ന് സ്വാമിജി പറഞ്ഞു. അതനുസരിച്ച് ഡോക്ടര്‍ എനിമാ വയ്ക്കുവാന്‍ മരുന്നു തയ്യാറാക്കിക്കൊണ്ടുവന്നു.
ഈ സമയമെല്ലാം സ്വാമിജി രണ്ടു കയ്യും പുറകോട്ടു കുത്തി കട്ടിലില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ താഴെ വീഴുമോ എന്ന് അവിടെ നിന്നവര്‍ ഭയപ്പെട്ടു. അവരെ നോക്കി “എനിക്കു നിങ്ങളെക്കാള്‍ ബലമുണ്ട്” എന്നു പറഞ്ഞ് സ്വാമിജി എഴുന്നേറ്റു നിന്ന് കണ്ണുകള്‍ ഊര്‍ദ്ധ്വമുഖമാക്കി അടച്ചു രണ്ടുനിമിഷം അനങ്ങാതെ നിന്നു. സമയം അപ്പോള്‍ പകല്‍ പതിനൊന്നേമുക്കാലിനോട് അടുത്തിരുന്നു സ്വാമിജി കട്ടിലില്‍ നിവര്‍ന്നിരുന്ന് ‘ഓം’ എന്നു ദീര്‍ഘമായി ഉച്ചരിച്ചുകൊണ്ട് താഴെപ്പറയുന്ന ശ്ലോകം ചൊല്ലി.
‘ഒമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍ മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്‍ ദേഹം
സ യാതി പരമാം ഗതിം”
.അതിനു ശേഷം ‘ഓം…’ ‘ഓം…’ ‘ഓം…’ എന്നു ഒരു അലൌകികസ്വരത്തില് ഉച്ചരിച്ചു. ഒടുവില്‍ ആ ദിവ്യമായ ധ്വനിയും അടങ്ങി. നിത്യശുദ്ധബുദ്ധമുക്തത്മായ ആത്മചൈതന്യവുമായി ഐക്യപ്പെട്ടിരുന്ന ആ ജീവന് തന്റെ അവസാനത്തെ ഉപാധിയേയും ഉപേക്ഷിച്ചു വിദേഹകൈവല്യമടഞ്ഞു.”